
ന്യൂഡല്‍ഹി: പുതിയ ഡിജിറ്റല്‍ സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുന്ന പ്രക്രിയ ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് (ഐപിപിബി) താല്‍ക്കാലികമായി നിര്‍ത്തിവച്ചു. അടിസ്ഥാന സേവിംഗ്സ്, റെഗുലര്‍ സേവിംഗ്സ്, പ്രീമിയം സേവിംഗ്സ് അക്കൗണ്ടുകള്‍ പോലുള്ള മറ്റ് അക്കൗണ്ടുകള്‍ തുറക്കാന്‍ തടസമില്ല. പുതിയ ഡിജിറ്റല്‍ സേവിംഗ്സ് അക്കൗണ്ടുകള്‍ തുറക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി മെയ് 18 ന് ഐപിപിബി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
തീരുമാനം നിലവിലുള്ള അക്കൗണ്ട് ഉടമകളെ ബാധിക്കില്ലെന്നും എല്ലാ സേവനങ്ങളും ആക്സസ് ചെയ്യുന്നത് തുടരാമെന്നും ബാങ്ക് അറിയിച്ചു. എന്നാല്‍ തീരുമാനത്തിന്റെ കാര്ണം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. നിരവധി സവിശേഷതകളും ആനുകൂല്യങ്ങളുമാണ് ഐപിപിബി ഡിജിറ്റല്‍ സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകള്ക്കുണ്ടായിരുന്നത്.
പേപ്പര്വര്ക്കുകളൊന്നുമില്ലാതെ വേഗത്തിലുള്ളതും അനായാസവുമായ സ്വയം രജിസ്ട്രേഷന് പ്രക്രിയ,തടസ്സമില്ലാത്ത ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കായി റുപേ വെര്‍ച്വല്‍ ഡെബിറ്റ് കാര്‍ഡ് നല്കുന്നു, സൗകര്യത്തിനനുസരിച്ച് ബാങ്കിംഗ് സേവനങ്ങള്‍ , സൗജന്യ പ്രതിമാസ ഇ-സ്റ്റേറ്റ്മെന്റുകള്‍, സൗകര്യപ്രദമായ ബില്‍ പേയ്മെന്റും റീചാര്‍ജ് ഓപ്ഷനുകളും, പ്രതിമാസ ശരാശരി ബാലന്‍സ് ആവശ്യമില്ല, പ്രാരംഭ ബാലന്‍സ് ആവശ്യമില്ലാതെ ഡിജിറ്റല്‍ സേവിംഗ്സ് എന്നിവയായിരുന്നു പ്രധാന ഗുണങ്ങള്‍.