
ബെംഗളൂരു: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി റെക്കോർഡ് ഉയരത്തിൽ എത്തിയതായി കേന്ദ്രസർക്കാർ അറിയിച്ചു. 23622 കോടി രൂപയുടെ പ്രതിരോധ ഉത്പന്നങ്ങളാണ് കയറ്റുമതി ചെയ്തത്.
2024 – 25 സാമ്പത്തിക വർഷത്തിലെ കണക്കാണിത്. മുൻവർഷത്തെ അപേക്ഷിച്ച് 12.04 ശതമാനം ( 2539 കോടി രൂപ ) വർദ്ധനവാണ് രേഖപ്പെടുത്തിയത്. 2023-24 സാമ്പത്തിക വർഷത്തിൽ 21083 കോടി രൂപയുടെ പ്രതിരോധ കയറ്റു മതിയായിരുന്നു നടന്നിരുന്നത്.
പ്രതിരോധരംഗത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പങ്കാളിത്തമാണ് ഇതിൽ പ്രധാനം. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രം 42.85 ശതമാനം വളർച്ചയാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ കയറ്റുമതിയിൽ രേഖപ്പെടുത്തിയത്.
സ്വകാര്യ സ്ഥാപനങ്ങളുടെ കയറ്റുമതി 15233 കോടി രൂപയും പൊതുമേഖലാ സ്ഥാപനങ്ങളുടെ കയറ്റുമതി 8389 കോടി രൂപയുമാണ്. തൊട്ടു മുൻപത്തെ വർഷം ഇത് 15209 കോടി രൂപയും 5874 കോടി രൂപയുമായിരുന്നു.
ഈ മികച്ച നേട്ടത്തിൽ ഭാഗമായ എല്ലാവരെയും കേന്ദ്ര പ്രതിരോധ മന്ത്രി രാജനാഥ് സിംഗ് അഭിനന്ദിച്ചു. 2029 ഓടുകൂടി അരലക്ഷം കോടി രൂപയുടെ പ്രതിരോധ കയറ്റുമതിയാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
സെക്ടറിൽ കയറ്റുമതി വർധന ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ നിരവധി പോളിസികൾ ആണ് കഴിഞ്ഞ കുറച്ചുകാലമായി കൊണ്ടുവന്നത്.
വ്യാവസായിക അടിസ്ഥാനത്തിലുടെ ഉൽപാദനത്തിന് ലൈസൻസ് നടപടികൾ ലളിതവത്കരിച്ചതും ലൈസൻസിന്റെ കാലാവധി നീട്ടി നൽകിയതും അടക്കം നിരവധി മാറ്റങ്ങളാണ് കേന്ദ്രസർക്കാർ ചട്ടങ്ങളിൽ വരുത്തിയത്.