
കൊച്ചി: ബഹാമസ് സ്റ്റെര്‍ലിങ് ബാങ്കിന്‍റെ 49 ശതമാനം ഓഹരികളും ഇന്‍ഡസ്ഇന്‍ഡ് ഇന്‍റര്‍നാഷണല്‍ ഹോള്‍ഡിങ്സ്, മൗറീഷ്യസ് (ഐഐഎച്ച്എല്‍) ഏറ്റെടുത്തു. നേരത്തെ 51 ശതമാനം ഓഹരികള്‍ ഇവര്‍ ഏറ്റെടുത്തിരുന്നു. ഇതോടെ ബാങ്ക് ഐഐഎച്ച്എല്ലിന്‍റെ സമ്പൂര്‍ണ ഉടമസ്ഥതയിലുള്ള സബ്സിഡിയറിയായി മാറി.
2025 ആഗസ്റ്റ് 31-ലെ കണക്കനുസരിച്ച് 1.26 ബില്യണ്‍ യുഎസ് ഡോളര്‍ ആസ്തിയുള്ള ഐഐഎച്ച്എല്ലിന്, ബാങ്കിംഗ്, സാമ്പത്തിക സേവനങ്ങള്‍, ഇന്‍ഷുറന്‍സ് മേഖലകളിലായി വൈവിധ്യമാര്‍ന്ന നിക്ഷേപ പോര്‍ട്ട്ഫോളിയോ ഉണ്ട്.
ഇന്ത്യയിലെ അഞ്ചാമത്തെ വലിയ സ്വകാര്യമേഖലാ ബാങ്കായ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ലിമിറ്റഡിന്‍റെ പ്രൊമോട്ടറാണ് ഐഐഎച്ച്എല്‍. 6,100-ല്‍ അധികം ടച്ച്പോയിന്‍റുകളുള്ള രാജ്യവ്യാപകമായ ശൃംഖലയിലൂടെ, 42 ദശലക്ഷത്തിലധികം ഉപഭോക്താക്കള്‍ക്ക് ഈ ബാങ്ക് സേവനം നല്‍കുന്നു. ബിസിനസ് വലുപ്പം 86 ബില്യണ്‍ യുഎസ് ഡോളറിലധികം വരും.
ഈ ഏറ്റെടുക്കല്‍ ഐഐഎച്ച്എല്ലിനെ ആഗോളതലത്തില്‍ വളരാന്‍ സഹായിക്കും. തങ്ങളുടെ ദശാബ്ദങ്ങളായുള്ള അനുഭവം ആഗോള തലത്തിലെ മികച്ച രീതികളുമായി സംയോജിപ്പിക്കാന്‍ അവസരം നല്‍കുന്നു. ഓഹരി ഉടമകള്‍ക്കും ഉപഭോക്താക്കള്‍ക്കും ദീര്‍ഘകാല മൂല്യം നല്‍കാനുള്ള തങ്ങളുടെ കഴിവിനെ കൂടുതല്‍ ശക്തമാക്കുന്നു.
ബാങ്കിങ്, ധനകാര്യ സേവന മേഖലകളില്‍ 2030-ഓടെ 50 ബില്യണ്‍ ഡോളറിന്‍റെ ആഗോള വിപണിയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഐഐഎച്ച്എല്‍ ചെയര്‍മാന്‍ അശോക് പി ഹിന്ദുജ പറഞ്ഞു.