കോട്ടയം: ജിഎസ്ടി (ചരക്ക് സേവന നികുതി) വകുപ്പ് പുനഃസംഘടനയ്ക്കുശേഷം എന്‍ഫോഴ്സ്മെന്റ് സ്ക്വാഡുകളുടെ എണ്ണം കുറച്ചതോടെ വാഹനപരിശോധന നിലച്ചു. 2023 ജനുവരിയിലാണ് ജിഎസ്ടി പുനഃസംഘടന നടപ്പിലാക്കിയത്.
ഓഡിറ്റ്, ടാക്സ് പെയര്‍ സര്‍വീസസ്, ഇന്റലിജന്‍സ് ആന്‍ഡ് എന്‍ഫോഴ്സ്മെന്റ്, അപ്പീല്‍ എന്നിങ്ങനെ നാലു വിഭാഗങ്ങളിലേക്ക് ഉദ്യോഗസ്ഥരെ വിന്യസിച്ചതല്ലാതെ അവശ്യ സൗകര്യങ്ങളൊരുക്കിയില്ല.
കംപ്യൂട്ടര്‍, മേശ, ഇരിപ്പിടം എന്നിവ മിക്ക ഓഫീസുകളിലുമില്ല. സ്ക്വാഡുകളുടെ എണ്ണം കുറച്ചു, മാനദണ്ഡങ്ങളനുസരിച്ച് ഓണ്‍ലൈന്‍ സ്ഥലംമാറ്റമില്ല, പ്രമോഷനില്ല, പുതിയ നിയമനമില്ല തുടങ്ങി നിരവധി പ്രശ്നങ്ങളാണ് നേരിടുന്നത്. 30 ശതമാനം നികുതിപിരിവ് ലക്ഷ്യമിട്ട സംസ്ഥാനത്തിനു 10 ശതമാനം പോലും നേടാനാകുന്നില്ല.
ജില്ലകളില്‍ അഞ്ചോ അതിലധികമോ സ്ക്വാഡുകള്‍ ഉണ്ടായിരുന്നിടത്ത് ഒരു സ്ക്വാഡിലേക്ക് ചുരുക്കിയതോടെ കാര്യക്ഷമത കുറഞ്ഞു.
ഇതോടെ വാഹന പരിശോധനയും ഇ- വേ ബില്‍ പരിശോധനയും നിലച്ചു. ചെക്ക് പോസ്റ്റുകള്‍ നിര്‍ത്തലാക്കിയശേഷം അതിര്‍ത്തി കടന്നുവരുന്ന ചരക്ക് വാഹനങ്ങളിലും ആവശ്യമായ പരിശോധനകള്‍ നടക്കാറില്ല.
വാഹനങ്ങള്‍ പരിശോധിച്ച് ക്രമക്കേടു കണ്ടെത്തുയാണ് സ്ക്വാഡുകളുടെ ചുമതല. എന്നാല്‍ ആവശ്യമായ സ്ക്വാഡുകള്‍ ഇല്ലാത്തതിനാല്‍ ആയിരക്കണക്കിന് ഹെവി വാഹനങ്ങള്‍ ചരക്ക് ഇറക്കിയശേഷം സുരക്ഷിതമായി തിരികെ പോകുന്നു. പരിശോധനകള്‍ നടക്കാത്തതോടെ സംസ്ഥാനത്തിനു കിട്ടേണ്ട നികുതി വലിയ തോതില്‍ നഷ്ടപ്പെടുകയാണ്.
വിവിധ വകുപ്പുകളില്‍ ഓണ്‍ലൈന്‍ സ്ഥലംമാറ്റം നടപ്പിലാക്കിയെങ്കിലും ജിഎസ്ടി വകുപ്പില്‍ ഇതു നപ്പാക്കിയിട്ടില്ല. അവസാന തീയതി കഴിഞ്ഞിട്ടും സ്ഥലമാറ്റം പൂര്‍ത്തികരിച്ച് ഉത്തരവ് ഇറക്കിയിട്ടുമില്ല. പുനഃസംഘടനയുടെ മറവില്‍ ഇറങ്ങിയ സ്ഥലംമാറ്റ ഉത്തരവുകളും പ്രമോഷന് നിയമനങ്ങളും മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്നും പരാതിയുണ്ട്.
ഖജനാവിലേക്ക് 80 ശതമാനം പണം കണ്ടെത്തുന്ന ജിഎസ്ടി വകുപ്പില്‍ ഇരുന്നൂറിലേറെ പ്രധാന തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നതും വകുപ്പ് പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു.