
ന്യൂഡൽഹി: ഫെബ്രുവരിയിൽ മൊത്ത ജിഎസ്ടി ശേഖരം 9.1 ശതമാനം ഉയർന്ന് 1.84 ലക്ഷം കോടി രൂപയായി.
മൊത്ത ചരക്ക് സേവന നികുതി (ജിഎസ്ടി) വരുമാനത്തിൽ ഫെബ്രുവരിയിൽ ആഭ്യന്തര വരുമാനം 10.2 ശതമാനം വർധിച്ച് 1.42 ലക്ഷം കോടി രൂപയും ഇറക്കുമതിയിൽ നിന്നുള്ള വരുമാനം 5.4 ശതമാനം വർധിച്ച് 41,702 കോടി രൂപയും ആയി.
കണക്കുകൾ പ്രകാരം, ഈ മാസം കേന്ദ്ര ജിഎസ്ടിയിൽനിന്ന് 35,204 കോടി രൂപയും സംസ്ഥാന ജിഎസ്ടിയിൽ നിന്ന് 43,704 കോടി രൂപയും സംയോജിത ജിഎസ്ടിയിൽ നിന്ന് 90,870 കോടി രൂപയും നഷ്ടപരിഹാരസെസ് 13,868 കോടി രൂപയുമാണ് ലഭിച്ചത്.
ഫെബ്രുവരിയിൽ ഇഷ്യൂ ചെയ്ത മൊത്തം റീഫണ്ടുകൾ 20,889 കോടി രൂപയാണ്. മുൻവർഷത്തെ അപേക്ഷിച്ച് 17.3 ശതമാനം വർധനയാണ്. ഈ മാസം ജിഎസ്ടിയുടെ അറ്റാദായ ശേഖരം 8.1 ശതമാനം ഉയർന്ന് 1.63 ലക്ഷം കോടി രൂപയിലെത്തി.
2024 ഫെബ്രുവരിയിൽ ജിഎസ്ടിയുടെ മൊത്തവും അറ്റാദായ ശേഖരവും 1.68 ലക്ഷം കോടിയും 1.50 ലക്ഷം കോടിയുമായിയിരുന്നു.