
ന്യൂഡല്‍ഹി: ഉപഭോക്തൃ ഡാറ്റ ഉപയോഗപ്പെടുത്തല്‍ ഉത്തരവാദിത്ത പൂര്‍ണ്ണമാകണമെന്നും വരാനിരിക്കുന്ന നിയമം അതിനുതകുമെന്ന് പ്രത്യാശിക്കുന്നതായും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഡെപ്യൂട്ടി ഗവര്‍ണര്‍ ടി റാബി ശങ്കര്‍. വ്യക്തിഗത വിവര സംരക്ഷണ ബില്‍ ഓഗസ്റ്റില്‍ സര്‍ക്കാര്‍ പിന്‍വലിച്ച പശ്ചാത്തലത്തിലാണ് ടി റാബി ശങ്കര്‍ ഇക്കാര്യം പറഞ്ഞത്. നിയമനിര്‍മ്മാണം നടക്കുകയാണെന്നും പുതിയ നിയമം ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നും ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞിരുന്നു.
ഡിജിറ്റലൈസേഷന്‍ വേഗത്തിലായതിനാല്‍ ഇന്ത്യ അങ്ങേയറ്റം ഡാറ്റാ സമ്പന്നമാണെന്ന് ശങ്കര്‍ പറഞ്ഞു. “ഡാറ്റ എന്നാല്‍ പണം. ഡാറ്റ ഉപയോഗിച്ച് ധനസമ്പാദനം നടത്താം. അതിനാല്‍, ഡാറ്റ ബിസിനസ്സിന് കാര്യമായ മൂല്യമുണ്ട്. അതുകൊണ്ടുതന്നെ കടുത്ത നിയന്ത്രണങ്ങള്‍ ഇക്കാര്യത്തിലുണ്ടായിരിക്കണം.” ഇന്ത്യക്കകത്തും പുറത്തുനിന്നുള്ള വിദഗ്ധരുമായി കൂടിയാലോചനകള്‍ നടത്തിയതിനാല്‍ പുതിയ ബില്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമാകുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞിരുന്നു.
മുന്‍ ബില്‍, സംരക്ഷണം വ്യക്തിഗത ഡാറ്റയില്‍ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. മാത്രമല്ല, വ്യക്തിഗതമല്ലാത്ത ഡാറ്റ അതിന്റെ പരിധിയില്‍ കൊണ്ടുവരാനുള്ള നീക്കത്തെ പലരും വിമര്‍ശിക്കുകയും ചെയ്തു. വിരമിച്ച സുപ്രീം കോടതി ജഡ്ജി ബി.എന്‍.ശ്രീകൃഷ്ണയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് വ്യക്തിഗത വിവര സംരക്ഷണ ബില്‍ 2018 ല്‍ ആദ്യമായി തയ്യാറാക്കിയത്.