ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം നിലനിര്‍ത്തി എസ്ആന്റ്പി റേറ്റിംഗ്‌സ്ജൂണ്‍ പാദ ബാങ്ക്‌ വായ്പാ വളര്‍ച്ച 14 ശതമാനമായി ഉയര്‍ന്നുവീണ്ടും റെക്കോര്‍ഡ് താഴ്ച, ഡോളറിനെതിരെ 81.55 ല്‍ രൂപഉത്സവ സീസണിലെ വൈദ്യുതി ഉത്പാദനം: കല്‍ക്കരി ശേഖരം മതിയായ തോതിലെന്ന് സര്‍ക്കാര്‍വിദേശനാണ്യ കരുതൽ ശേഖരം രണ്ട് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ

മൂന്നര വര്‍ഷത്തിനുള്ളില്‍ 100 സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കും: വ്യവസായ മന്ത്രി

തിരുവനന്തപുരം: സര്‍ക്കാറിന്റെ കാലാവധിയവസാനിക്കുന്നതിനുള്ളില്‍ 100 സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കാനാണു ലക്ഷ്യമിടുന്നതെന്നു വ്യവസായ മന്ത്രി പി.രാജീവ്. ഇതിലൂടെ ചുരുങ്ങിയത് ആയിരം ഏക്കറില്‍ പുതിയ വ്യവസായങ്ങള്‍ ആരംഭിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാറിന്റെ സ്വകാര്യ വ്യവസായ എസ്റ്റേറ്റ് പദ്ധതിയില്‍ അപേക്ഷ സമർപ്പിച്ച സംരംഭകരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട യോഗ്യരായ നാലു സംരംഭകര്‍ക്കുള്ള ഡെവലപര്‍ പെര്‍മിറ്റ് അദ്ദേഹം വിതരണം ചെയ്തു. സ്വകാര്യ വ്യവസായ എസ്റ്റേറ്റ് പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി പ്രഖ്യാപിച്ചതിനു ശേഷം 28 അപേക്ഷകള്‍ ലഭിച്ചുകഴിഞ്ഞു.

അപേക്ഷ നല്‍കുന്നതു മുതല്‍ ലൈസന്‍സ് ലഭ്യമാക്കുന്നതുവരെയുള്ള മുഴുവന്‍ നടപടിക്രമങ്ങളും ഓണ്‍ലൈനായാണു നടത്തുന്നത്. അതുകൊണ്ടുതന്നെ സംരംഭകര്‍ക്ക് ഡെവലപ്പർ പെർമിറ്റിനായി ഓഫിസുകള്‍ കയറിയിറങ്ങേണ്ടിവരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്വകാര്യ സംരംഭകരും ഇന്‍കലും സംയുക്തമായി വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2022 സംരംഭകത്വ വര്‍ഷമായാണു സര്‍ക്കാര്‍ പരിഗണിക്കുന്നത്. ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷം ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ ആരംഭിക്കാനാണു ലക്ഷ്യമിടുന്നത്. പദ്ധതി ആറു മാസം പിന്നിടുമ്പോള്‍ത്തന്നെ 58190 എംഎസ്എംഇകള്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. ഇതിലൂടെ 3516.79 കോടിയുടെ നിക്ഷേപവും 128643 തൊഴിലവസരങ്ങളും സൃഷ്ടിക്കാന്‍ സാധിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാറിന്റെ കരട് വ്യവസായ നയം നവംബര്‍ ഒന്നോടെ പുറത്തിറക്കാനാണു ലക്ഷ്യമിടുന്നത്. ഇതിനു മുന്‍പ് പൊതുജനാഭിപ്രായം അറിയുന്നതിനു വേണ്ടി നയത്തിന്റെ കരട് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. വിഎംപിഎസ് ഫുഡ് പാര്‍ക്ക് ആന്‍ഡ് വെന്‍ച്വേഴ്‌സ് കണ്ണൂര്‍, മലബാര്‍ എന്റര്‍പ്രൈസസ് മലപ്പുറം, ഇന്ത്യന്‍ വെര്‍ജിന്‍ സ്‌പൈസസ് പ്രൈവറ്റ് ലിമിറ്റഡ് കോട്ടയം, കടമ്പൂര്‍ ഇന്‍ഡസ്ട്രീസ് പാര്‍ക്ക് പാലക്കാട് എന്നീ സംരംഭകര്‍ക്കുള്ള ഡെവലപര്‍ പെര്‍മിറ്റ് അദ്ദേഹം വിതരണം ചെയ്തു.

വട്ടിയൂര്‍ക്കാവ് എംഎല്‍എ വി.കെ. പ്രശാന്ത് ചടങ്ങില്‍ അധ്യക്ഷനായി. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല ഐഎഎസ്, വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ ഐഎഎസ്, കിന്‍ഫ്ര മാനെജിങ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ്, സിഐഐ സൗത്ത് സോണ്‍ മുന്‍ ചെയര്‍മാന്‍ എം.ആര്‍. നാരായണന്‍, കെഎസ് എസ്ഐഎ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌ സി.എസ്. പ്രദീപ്‌ കുമാർ തുടങ്ങിയവര്‍ പങ്കെടുത്തു.

X
Top