
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ഭാഗമായി പണിയുന്ന റെയില്‍പ്പാതയുടെ നിർമാണത്തിനുള്ള ടെൻഡർ നടപടികള്‍ ഒക്ടോബർ ആദ്യവാരം തുടങ്ങും. ടെൻഡർ തയ്യാറാക്കുന്ന സാങ്കേതികസമിതി അടുത്തയാഴ്ച ഇതിനുള്ള അനുമതി നല്‍കും.
ടെൻഡറിലെ വ്യവസ്ഥകളും നടപടിക്രമങ്ങളും മറ്റും സമിതി വിലയിരുത്തി അന്തിമരൂപമാക്കിയശേഷമായിരിക്കും നടപടി. ഒക്ടോബർ ആദ്യവാരം ടെൻഡർ പ്രസിദ്ധീകരിക്കും.
തുടർന്ന് മൂന്നുമാസത്തിനുള്ളില്‍ ടെൻഡറിന്റെ സാങ്കേതികവശങ്ങള്‍ പരിശോധിച്ച് നിർമാണക്കമ്പനിയെ തീരുമാനിക്കും.
ജനുവരിയില്‍ ഭൂഗർഭ തീവണ്ടിപ്പാതയുടെ നിർമാണം തുടങ്ങാമെന്നാണ് പ്രതീക്ഷ. 36 മാസത്തെ നിർമാണക്കാലയളവിലാണ് ടെൻഡർ ക്ഷണിക്കുകയെന്നാണ് സൂചന. 2028 ഡിസംബറില്‍ തീവണ്ടിപ്പാത പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ പൂർണമായ നിർമാണച്ചുമതല (എൻജിനിയറിങ്, പ്രൊക്യുർമെന്റ് ആൻഡ് കണ്‍സ്ട്രക്ഷൻ) നല്‍കുന്ന രീതിയിലായിരിക്കും ടെൻഡർ നല്‍കുക.
കൊങ്കണ്‍ റെയില്‍വേക്കാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിക്കായി(വിസില്‍) ഭൂഗർഭ റെയില്‍പ്പാത നിർമാണത്തിന്റെ ചുമതല. 1482 കോടിയാണ് പ്രതീക്ഷിക്കുന്ന നിർമാണച്ചെലവ്. 10.7 കിലോമീറ്റർ റെയില്‍പ്പാതയുടെ 9.02 കിലോമീറ്ററും ഭൂമിക്കടിയിലൂടെയായിരിക്കും.
തുറമുഖത്തുനിന്ന് കണ്ടെയ്നറുകള്‍ തീവണ്ടിമാർഗം ബാലരാമപുരത്ത് എത്തിച്ച് തിരുവനന്തപുരം-കന്യാകുമാരിപ്പാതയിലെ റെയില്‍വേ ലൈനുമായാണ് ബന്ധിപ്പിക്കുന്നത്.
ബാലരാമപുരത്ത് റെയില്‍വേതന്നെ വിസിലിനായി യാർഡും നിർമിക്കും. കൂടാതെ സ്റ്റേഷൻ വികസിപ്പിച്ച് സിഗ്നലിങ് സ്റ്റേഷനാക്കിയും മാറ്റും. ഇതിനായി റെയില്‍വേയ്ക്ക് വിസില്‍ 243 കോടി രൂപയും കൈമാറിയിട്ടുണ്ട്. രണ്ട് ചരക്കുതീവണ്ടികള്‍ക്ക് പാർക്ക് ചെയ്യാവുന്ന വിധത്തിലാണ് യാർഡ് നിർമിക്കുക. തുരങ്കപാത നിർമാണം പൂർത്തിയാകുന്ന സമയത്തുതന്നെ റെയില്‍വേ സ്റ്റേഷൻ വികസനവും സാധ്യമാകുമെന്നാണ് വിലയിരുത്തല്‍.
കൂടുതല്‍ പാരിസ്ഥിതികപ്രശ്നങ്ങള്‍ സൃഷ്ടിക്കാത്തതും വേഗത്തില്‍ നിർമാണം പൂർത്തിയാക്കുന്നതുമായ ന്യൂ ഓസ്ട്രിയൻ ടണലിങ് മെത്തേഡ് എന്ന സാങ്കേതികവിദ്യയായിരിക്കും ഉപയോഗിക്കുക. വിഴിഞ്ഞം-ബാലരാമപുരം റോഡിനു സമാന്തരമായാണ് തീവണ്ടിപ്പാതയും വിഭാവനം ചെയ്തിരിക്കുന്നത്. തറനിരപ്പില്‍നിന്ന് 15മുതല്‍ 30 മീറ്റർവരെ താഴ്ചയിലായിരിക്കും പാത കടന്നുപോവുക.
ബാലരാമപുരം, അതിയന്നൂർ, പള്ളിച്ചല്‍, വിഴിഞ്ഞം വില്ലേജുകളില്‍നിന്നായി 6.04 ഹെക്ടർ സ്ഥലമാണ് റെയില്‍പ്പാതയ്ക്കായി ഏറ്റെടുക്കേണ്ടത്. വിഴിഞ്ഞം വില്ലേജില്‍നിന്ന് 2.04 ഏക്കർ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്.
2018-ലാണ് തീവണ്ടിപ്പാതയുടെ സാധ്യതാപഠനത്തിനും നിർമാണത്തിനുമായി കൊങ്കണ്‍ റെയില്‍ കോർപ്പറേഷനുമായി വിഴിഞ്ഞം തുറമുഖ കമ്പനി ധാരണാപത്രം ഒപ്പിടുന്നത്. 1032 കോടിയായിരുന്നു അന്ന് നിർമാണച്ചെലവായി കണക്കാക്കിയിരുന്നത്.