
വാഷിങ്ടൺ: ഇന്ത്യക്കാരനായ ഗോപീചന്ദ് തൊടുകുറ ഉൾപ്പെടെ ആറ് വിനോദസഞ്ചാരികളുമായി ബ്ലൂ ഒറിജിന്റെ ‘എൻ.എസ്-25’ ദൗത്യം ഞായറാഴ്ച ബഹിരാകാശത്തു പോയിവന്നു. രണ്ടുവർഷമായി അനക്കമറ്റുകിടന്ന ബഹിരാകാശ വിനോദസഞ്ചാരത്തിന് ഇതോടെ വീണ്ടും ജീവൻവെച്ചു.
ടെക്സസിലെ വാൻ ഹോണിലുള്ള ബ്ലൂ ഒറിജിന്റെ ബഹിരാകാശകേന്ദ്രത്തിൽനിന്ന് ഇന്ത്യൻസമയം രാത്രി 8.06-നായിരുന്നു വിക്ഷേപണം. വിക്ഷേപിച്ച് അല്പസമയത്തിനകം ജെല്ലിമിഠായിയുടെ ആകൃതിയിലുള്ള പേടകം റോക്കറ്റിൽനിന്ന് വിച്ഛേദിക്കപ്പെട്ടു.
പിന്നീടത് സഞ്ചാരികളെയും കൊണ്ട് ഭൂമിയുടെ അന്തരീക്ഷത്തിൽ 105.7 കിലോമീറ്റർ ഉയരത്തിൽവരെ സഞ്ചരിച്ചു. അന്തരീക്ഷത്തെയും ബഹിരാകാശത്തെയും വേർതിരിക്കുന്ന കർമാൻരേഖ മറികടന്നു. പിന്നീട് പേടകം ഭൂമിയിലേക്ക് മടങ്ങി.
ദൗത്യം വിജയിച്ചതോടെ ഇന്ത്യക്കാരനായ ആദ്യ ബഹിരാകാശ വിനോദസഞ്ചാരി എന്നനേട്ടം ഗോപിക്കു സ്വന്തമായി. 90 വയസ്സുള്ള എഡ് ഡ്വൈറ്റെന്ന മുത്തച്ഛനും ദൗത്യത്തിലുണ്ടായിരുന്നു.
1961-ൽ യു.എസ്. പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയാണ് വ്യോമസേനയിൽ പൈലറ്റായിരുന്ന ഡ്വൈറ്റിനെ ആദ്യമായി ബഹിരാകാശയാത്രയ്ക്കു തിരഞ്ഞെടുത്തത്. എന്നാൽ, അന്ന് യാത്രനടന്നില്ല. ആ സ്വപ്നമാണ് ഇപ്പോൾ യാഥാർഥ്യമായത്.
ആഫ്രോ-അമേരിക്കൻ വംശജനായ ആദ്യ യു.എസ്. ബഹിരാകാശയാത്രികൻ എന്ന ഖ്യാതിയും അദ്ദേഹം നേടി. ഡ്വൈറ്റിന്റെ ചെലവുവഹിച്ചത് ‘സ്പെയ്സ് ഫോർ ഹ്യുമാനിറ്റി’ എന്ന സന്നദ്ധസംഘടനയാണ്. മറ്റുള്ളവർക്ക് എത്രതുക ചെലവായെന്ന് ബ്ലൂ ഒറിജിൻ പുറത്തുവിട്ടിട്ടില്ല.
ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ കമ്പനിയാണ് ബ്ലൂ ഒറിജിൻ.
മനുഷ്യരെയും കൊണ്ടുള്ള കമ്പനിയുടെ ഏഴാം ബഹിരാകാശദൗത്യമാണിത്. പേടകം വഹിച്ച ന്യൂഷെപ്പേഡ് റോക്കറ്റിൻറെ 25-ാം ദൗത്യവും. ഇതോടെ ബ്ലൂ ഒറിജിനിൽ ബഹിരാകാശയാത്ര നടത്തുന്ന സഞ്ചാരികളുടെ എണ്ണം 37 ആയി.
ആന്ധ്രാപ്രദേശ് സ്വദേശിയാണ് മുപ്പതുകാരൻ ഗോപീചന്ദ് തൊടുകുറ. പൈലറ്റും സംരംഭകനുമാണ്. ചെറുപ്പംമുതലേ ആകാശയാത്രയോട് കമ്പമുണ്ടായിരുന്ന ഗോപി, എംബ്രി റിഡിൽ എയ്‌റോനോട്ടിക്കൽ സർവകലാശാലയിൽനിന്ന് എയ്റോനോട്ടിക്കൽ സയൻസിൽ ബിരുദം നേടി.
ബുഷ് വിമാനങ്ങൾ, സീ പ്ലേനുകൾ, ഹോട്ട് എയർബലൂണുകൾ, എയ്റോബാറ്റിക് വിമാനങ്ങൾ എന്നിവ പറത്താൻ വിദഗ്ധനാണ്. അറ്റ്‌ലാന്റെ അന്താരാഷ്ട്രവിമാനത്താവളത്തിനടുത്ത് പ്രിസർവ് ലൈഫ് കോർപ്പ് എന്ന സ്ഥാപനം നടത്തുന്നു.