
ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പ്രവർത്തനം നിർത്തിവച്ച ഗോ ഫസ്റ്റ് വായ്പാദാതാക്കളോട് കൂടുതൽ തുക ആവശ്യപ്പെട്ടതായി റിപ്പോർട്ട്. നാല് ബില്യൺ മുതൽ 600 കോടി രൂപ (122 മില്യൺ ഡോളർ)യാണ് ഗോഫസ്റ്റ് ആവശ്യപ്പെട്ടത്.
പ്രതിസന്ധിയിൽ നിന്ന് കരകയറാനുള്ള ശ്രമത്തിലാണ് ഗോഫസ്റ്റ്. ഇതിനുള്ള തുക കണ്ടെത്താനാണ് വായ്പാദാതാക്കളുമായുള്ള യോഗത്തിൽ അധിക ഫണ്ട് തേടിയിരിക്കുന്നത്. പണം നൽകുമോയെന്ന കാര്യം ബാങ്കുകൾ രണ്ട് ദിവസത്തിനുള്ളിൽ അറിയിക്കുമെന്നാണ് കരുതുന്നത്.
ജൂലൈയിൽ പ്രവർത്തനം പുനരാരംഭിക്കാനും 22 വിമാനങ്ങളുമായി ദിവസേന സർവീസ് നടത്താനുമാണ് ഉദ്ദേശിക്കുന്നത്. ഇതിന് ഗോഫസ്റ്റിന് അനുമതി ലഭിക്കുകയും വേണം. സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ, ബാങ്ക് ഒഫ് ബറോഡ, ഐ.ഡി.ബി.ഐ ബാങ്ക്, ഡച്ച് ബാങ്ക് എന്നിവയ്ക്ക് ഗോഫസ്റ്റ് മൊത്തം 65.21 ബില്യൺ രൂപ കുടിശ്ശിക നൽകാനുണ്ട്.
അതേസമയം ഫ്ലൈറ്റ് റദ്ദാക്കൽ വീണ്ടും നീട്ടിയിരിക്കുകയാണ് ഗോഫസ്റ്റ്. ജൂൺ 25 വരെയുള്ള എല്ലാ വിമാന സർവീസുകളും റദ്ദാക്കിയതായി ഗോ ഫസ്റ്റ് എയർലൈൻ അറിയിച്ചിട്ടുണ്ട്. ജൂൺ 22നകം സർവീസ് പുനരാരംഭിക്കുമെന്നായിരുന്ന പ്രതീക്ഷ.
പ്രതിസന്ധികൾ കമ്പനി ഉടനടി പരിഹരിക്കുമെന്നും പുനരുജ്ജീവനത്തിനായി അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും ഗോ ഫസ്റ്റ് വ്യക്തമാക്കി. പ്രതിദിന ഫ്‌ളൈറ്റുകളുടെ 94 ശതമാനവും പുനഃസ്ഥാപിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനിയെന്നും റിപ്പോർട്ടുണ്ട്.
രണ്ട് വർഷം മുമ്പ് ഗോ ഫസ്റ്റ് എന്ന് പുനർനാമകരണം ചെയ്ത ഗോ എയർ എയർലൈൻ, ഇന്ത്യൻ വ്യോമയാന വിപണിയുടെ 6.4 ശതമാനം നിയന്ത്രിക്കുന്നു.
സമീപകാല നഷ്ടങ്ങൾക്കിടയിലും ഗോ ഫസ്റ്റ്-ന് ഇപ്പോഴും 500-ലധികം പൈലറ്റുമാർ ഉണ്ടെന്നാണ് കണക്കുകൾ.