മുംബൈ: ഉയരത്തിൽ നിന്നുള്ള വീഴ്ചകൾക്ക് ആഴം കൂടുമെന്നാണ്. സമാനമായൊരു വാർത്തയാണ് തിങ്കളാഴ്ച ബിസിനസ് ലോകം കണ്ടത്. ശതകോടീശ്വരൻമാരുടെ പട്ടികയിൽ ലോകത്ത് 24ാം സ്ഥാനത്തുള്ള ഗൗതം അദാനിയുടെ സമ്പത്ത് കുത്തനെ ഇടിഞ്ഞു.
തന്റെ കമ്പനികളുടെ ഓഹരികൾ ഇടിഞ്ഞതിനാൽ തിങ്കളാഴ്ച അദാനി സമ്പന്നരുടെ പട്ടികയിൽ വൻ പരാജിതനായി മാറി. ഒറ്റ ദിവസം കൊണ്ട് അദ്ദേഹത്തിന്റെ ആസ്തി 180 കോടി ഡോളർ കുറഞ്ഞു.
അദാനി ഗ്രൂപ്പിന്റെ തുറമുഖ കമ്പനിയുടെ ഓഡിറ്റർ സ്ഥാനത്ത് നിന്ന് ഡെലോയിറ്റ് രാജിവച്ചതിനെ തുടർന്നാണ് ഈ സംഭവവികാസം. ഹിൻഡൻബർഗ് റിസർച്ചിൽ നിന്നുള്ള റിപ്പോർട്ടിൽ ഫ്ലാഗ് ചെയ്ത ചില ഇടപാടുകളെക്കുറിച്ച് ഡിലോയിറ്റ് ആശങ്കകൾ ഉന്നയിച്ച് ആഴ്ചകൾക്ക് ശേഷമാണ് രാജി.
അദാനിക്കു പകരം എം.എസ്.കെ.എ ആൻഡ് അസോസിയേറ്റ്സ് ആണ് പുതിയ ഓഡിറ്റർ.
തിങ്കളാഴ്ച തുടക്ക വ്യാപാരത്തിൽ അദാനി ഗ്രൂപ്പിന്റെ എല്ലാ ഓഹരികളും നഷ്ടത്തിലായിരുന്നു.
അദാനി എന്റർപ്രൈസസ് ഓഹരികളിലാണ് ഏറ്റവും വലിയ ഇടിവ് നേരിട്ടത്.ഈ ഓഹരികൾ നാല് ശതമാനത്തിലധികം ഇടിഞ്ഞു. അദാനി ഗ്രൂപ്പ് കമ്പനികളുടെ എല്ലാ ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം നടന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിച്ചിരുന്ന അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾ ഇപ്പോൾ തിരിച്ചടി നേരിടുകയാണ്.
അദാനി എന്റർപ്രൈസസിന് പുറമെ അംബുജ സിമന്റ്‌സ്, അദാനി ട്രാൻസ്മിഷൻ എന്നിവ മൂന്ന് ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി.
അദാനി പവർ, അദാനി വിൽമർ, അദാനി പോർട്ട്‌സ്, അദാനി ടോട്ടൽ ഗ്യാസ് എന്നിവയുടെ ഓഹരികൾ രണ്ട് ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി.