
ന്യൂഡല്‍ഹി: എഫ്പിഐ(ഫോറിന്‍ പോര്‍ട്ട് ഫോളിയോ ഇന്‍വെസ്‌റ്റേഴ്‌സ്)കളുടെ നിയന്ത്രണത്തിലും ഉടമസ്ഥതയിലും ഘടനയിലും മാറ്റമുണ്ടായാല്‍ ഡെപോസിറ്ററികളെ അറിയിക്കേണ്ട സമയക്രമം മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) നിഷ്‌ക്കര്‍ഷിച്ചു. നിലവിലെ ചട്ടങ്ങളിലെ ‘ഉടന്‍’ എന്ന വാക്കിന് പകരം ‘എത്രയും വേഗം എന്നാല്‍ ഏഴ് പ്രവൃത്തി ദിവസത്തില്‍ കവിയാതെ’ എന്ന് സെബി ചേര്‍ത്തു.
”വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകന്റെയോ നിക്ഷേപക ഗ്രൂപ്പിന്റെയോ ഘടനയിലോ പൊതു ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ നേരിട്ടോ അല്ലാതെയോ എന്തെങ്കിലും മാറ്റമുണ്ടായാല്‍, അത് എത്രയും വേഗം എന്നാല്‍ ഏഴ് പ്രവൃത്തി ദിവസത്തില്‍ കവിയാതെ, നിയുക്ത ഡിപ്പോസിറ്ററിയുടെ ശ്രദ്ധയില്‍പ്പെടുത്തണം,’ അറിയിപ്പ് പറയുന്നു.നിയുക്ത ഡെപ്പോസിറ്ററി പാര്‍ട്ടിസിപ്പന്റുകളോട് (ഡിഡിപി)ഇക്കാര്യത്തില്‍ സെബി അഭിപ്രായം തേടിയിരുന്നു.
കമ്പനികള്‍ സ്വന്തം ഓഹരികള്‍ വാങ്ങുന്നതിന് അനുബന്ധ-പാര്‍ട്ടി ഇടപാടുകള്‍ ഉപയോഗിക്കുന്നത് തടയുകയാണ് നടപടിയുടെ ലക്ഷ്യം. മിനിമം പബ്ലിക് ഷെയര്‍ഹോള്‍ഡിംഗ് (എംപിഎസ്) മാനദണ്ഡങ്ങള്‍ മറികടക്കാനാണ് കമ്പനികള്‍ ഇത്തരം പ്രവണത തുടരുന്നത്.ചില രാഷ്ട്രങ്ങള്‍ പ്രത്യേകിച്ചും നികുതി രഹിത സങ്കേതങ്ങള്‍ എഫ്പിഐകള്‍ക്ക് ഒന്നിലധികം ഉടമസ്ഥന്‍മാരെ അനുവദിക്കുന്നുണ്ട്.
എഫ്പിഐയില്‍ നിന്നും ആത്യന്തിക പ്രയോജനം നേടുന്നത് ആരാണെന്ന് അറിയാനും സെബി ആഗ്രഹിക്കുന്നു. അതിനായി നേരത്തെയും മാര്‍ക്കറ്റ് റെഗുലേറ്റര്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി.ഇത് പ്രകാരം വിദേശ നിക്ഷേപ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നവര്‍ കൃത്യമായ ഇടവേളകളില്‍ ഗുണഭോക്താക്കളായ ഉടമകളെക്കുറിച്ച് വിവരം നല്‍കണം.