സ്മാർട്ട്‌ സിറ്റി: ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധംസ്മാർട് സിറ്റിയിൽ ടീകോമിനെ ഒഴിവാക്കൽ: തകരുന്നത് ദുബായ് മോഡൽ ഐടി സിറ്റിയെന്ന സ്വപ്നംകേരളത്തിൽ റിയൽ എസ്റ്റേറ്റ് വളരുമെന്ന് ക്രിസിൽസ്വർണക്കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി മ്യാൻമർസേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞു

ജൂലൈയിലെ വിദേശ നിക്ഷേപം ഇതുവരെ 30,722 കോടി രൂപ

മുംബൈ: ജൂലൈയില്‍ ഇതുവരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 30,722 കോടി രൂപയുടെ അറ്റനിക്ഷേപമാണ്‌ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നടത്തിയത്‌. ഈ വര്‍ഷം മാര്‍ച്ചിനു ശേഷം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഏറ്റവും ഉയര്‍ന്ന അറ്റനിക്ഷേപം നടത്തുന്നത്‌ ജൂലൈയിലാണ്‌.

കഴിഞ്ഞ വെള്ളിയാഴ്‌ച മാത്രം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 1506 കോടി രൂപയുടെ അറ്റനിക്ഷേപമാണ്‌ നടത്തിയത്‌. അതേ സമയം ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ അന്ന്‌ 462 കോടി രൂപയുടെ അറ്റവില്‍പ്പനയാണ്‌ നടത്തിയത്‌.

ജൂണില്‍ 26,565 കോടി രൂപയുടെ അറ്റനിക്ഷേപം നടത്തിയ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ജൂലൈയിലും കാളകളുടെ റോളില്‍ തുടരുന്നു. മൊത്തം 33,973 കോടി രൂപയാണ്‌ അവ 2024ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപിച്ചത്‌.

ഏപ്രിലിലും മെയിലും നടത്തിയ തുടര്‍ച്ചയായ വില്‍പ്പനക്കു ശേഷം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ജൂണിലും ജൂലൈയിലും ഇന്ത്യന്‍ ഓഹരി വിപണിയിലെ അറ്റനിക്ഷേപകരായി മാറുകയാണ്‌ ചെയ്‌തത്‌.

ഏപ്രിലിലും മെയിലുമായി 34,257 കോടി രൂപയുടെ അറ്റവില്‍പ്പനയാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തിയിരുന്നത്‌. മെയില്‍ മാത്രം 25,586.33 കോടി രൂപയുടെ ഓഹരികള്‍ വിറ്റു.

അതേ സമയം ജൂണിലും ജൂലായിലുമായി 57,000 കോടി രൂപയില്‍ പരം നിക്ഷേപമാണ്‌ നടത്തിയത്‌. ഐടി, ഫാര്‍മ, കാപ്പിറ്റല്‍ഗുഡ്‌സ്‌, ഓട്ടോ എന്നീ മേഖലകളിലെ ഓഹരികളോടാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ താല്‍പ്പര്യം കാട്ടുന്നത്‌.

വിദേശ നിക്ഷേപക സ്ഥാപനങ്ങളും ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളും ഒരു പോലെ ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപം നടത്തുന്ന സാഹചര്യത്തില്‍ സൂചികകളായ നിഫ്‌റ്റിയും സെന്‍സെക്‌സും പുതിയ റെക്കോഡുകളിലേക്ക്‌ കടക്കുന്നത്‌ പതിവായിരിക്കുകയാണ്‌.

കഴിഞ്ഞയാഴ്‌ച ആദ്യമായി നിഫ്‌റ്റി 24,800 പോയിന്റിന്‌ മുകളിലേക്ക്‌ ഉയര്‍ന്നു. അതേ സമയം ബജറ്റിന്‌ മുന്നോടിയായുള്ള ലാഭമെടുപ്പാണ്‌ വിപണില്‍ കണ്ടത്‌.

ജൂലായ്‌ 23ന്‌ ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കുന്ന ബജറ്റായിരിക്കും ഇനി വിപണിയുടെ ഗതിയെ നിര്‍ണയിക്കാന്‍ പോകുന്നത്‌.

സര്‍ക്കാര്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ച മെച്ചപ്പെടുത്താനായി നടത്തുന്ന നടപടികളെ ഏറെ പ്രതീക്ഷയോടെയാണ്‌ നിക്ഷേപകര്‍ കാണുന്നത്‌.

കടപ്പത്ര വിപണിയിയിലും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ അറ്റനിക്ഷേപകരായി തുടരുകയാണ്‌. 13,573 കോടി രൂപയാണ്‌ ജൂലൈയില്‍ ഇതുവരെ ഇന്ത്യന്‍ കടപ്പത്രങ്ങള്‍ വാങ്ങാന്‍ അവ വിനിയോഗിച്ചത്‌.

ഈ വര്‍ഷം ഇതുവരെ 82,197 കോടി രൂപയാണ്‌ കടപ്പത്ര വിപണിയിയില്‍ നിക്ഷേപിച്ചത്‌.

X
Top