
ആകർഷകമായ നിരക്കിൽ പലിശ നൽകി നിക്ഷേപം സ്വീകരിക്കാൻ ബാങ്കുകൾ. വായ്പാ ആവശ്യം കൂടിയതും പണലഭ്യത കുറഞ്ഞതുമാണ് പലിശയിൽ വർധന വരുത്താൻ കാരണം. നാല് ബാങ്കുകളാണ് ജൂലായ് മുതൽ നിക്ഷേപ പലിശ കൂട്ടിയത്.
ഏറെക്കാലമായി ആർബിഐ നിരക്കുകളിൽ മാറ്റംവരുത്തിയിട്ടില്ല. ഇനിയൊരു വർധനവുണ്ടാകില്ലെന്ന് മാത്രമല്ല, കുറയ്ക്കാനാണ് സാധ്യത. പണപ്പെരുപ്പം വരുതിയിലായാൽ ഉടനെ അതുണ്ടാകും. അതിന് മുമ്പായി സ്ഥിര നിക്ഷേപമിട്ട് പരമാവധി നേട്ടമുണ്ടാക്കാം.
ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് മുതിർന്നവർക്ക് 8.75 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. മറ്റുള്ളവർക്ക് 8.25 ശതമാനവും. ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, പഞ്ചാബ് ആൻഡ് സിൻഡ്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവയും നിക്ഷേപ പലിശ പരിഷ്കരിച്ചു.
ആക്സിസ് ബാങ്ക്
ജൂലായ് ഒന്നിന് പ്രാബല്യത്തിൽ വന്ന നിരക്ക് പ്രകാരം അഞ്ച് വർഷം മുതൽ 10 വർഷം വരെ കാലയളവുള്ള നിക്ഷേപത്തിന് ആക്സിസ് ബാങ്ക് നൽകുന്നത് 7.75 ശതമാനം പലിശയാണ്. മറ്റുള്ളവർക്കാകട്ടെ ലഭിക്കുന്ന ഉയർന്ന പലിശ 7.20 ശതമാനമാണ്. 17 മാസം മുതൽ 18 മാസം വരെയുള്ള കാലയളവിലെ നിക്ഷേപത്തിനാണ് ഈ പലിശ ലഭിക്കുക.
ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക്
പുതുക്കിയ നിരക്ക് പ്രകാരം ഒരു വർഷ കാലയളവിലെ സ്ഥിര നിക്ഷേപത്തിന് മുതിർന്ന പൗരന്മാർക്ക് 8.75 ശതമാനം പലിശ ലഭിക്കും. മറ്റുള്ളവർക്കാകട്ടെ 8.25 ശതമാനവും.
ഐസിഐസിഐ ബാങ്ക്
ജൂലായ് ഒന്നിന് പ്രാബല്യത്തിൽ വന്ന നിരക്ക് പ്രകാരം 15 മുതൽ 18 മാസംവരെ കാലാവധിയുള്ള നിക്ഷേപത്തിന് ഐസിഐസിഐ ബാങ്ക് മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനം പലിശ നൽകും. മറ്റുള്ളവർക്ക് 7.2 ശതമാനവുമാണ് ഉയർന്ന പലിശ. 15 മാസം മുതൽ രണ്ടു വർഷം വരെ കാലയളവിലാണ് ഇത് ബാധകം.
പഞ്ചാബ് ആൻഡ് സിൻഡ് ബാങ്ക്
പഞ്ചാബ് ആൻഡ് സിൻഡ് ബാങ്കും ജൂലായ് ഒന്നു മുതൽ നിരക്കുകൾ പരിഷ്കരിച്ചു. 666 ദിവസത്തെ നിക്ഷേപത്തിനാണ് ഉയർന്ന നിരക്ക്. ഇതുപ്രകാരം മുതിർന്നവർക്ക് 7.80 ശതമാനം പലിശ ലഭിക്കും. മറ്റുള്ളവർക്ക് 7.30 ശതമാനവും.
ബാങ്ക് ഓഫ് ഇന്ത്യ
666 ദിവസത്തെ നിക്ഷേപത്തിന് ബാങ്ക് ഓഫ് ഇന്ത്യ മുതിർന്ന പൗരന്മാർക്ക് 7.80 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. മറ്റുള്ളവർകട്ടെ 7.30 ശതമാനവും. ജൂൺ 30 മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തിലായത്.