
ഒക്‌ടോബര്‍-ഡിസംബര്‍ ത്രൈമാസത്തില്‍ അദാനി ഗ്രൂപ്പ് കമ്പനികളിലെ വിദേശ നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം ഗണ്യമായി കുറച്ചു. അദാനി ഗ്രൂപ്പിലെ വിവിധ കമ്പനികളുടെ 7900 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ കഴിഞ്ഞ ത്രൈമാസത്തില്‍ വിറ്റത്. അതേ സമയം വിദേശ നിക്ഷേപകരുടെ വില്‍പ്പന അവസരമായി എടുത്ത് മ്യൂച്വല്‍ ഫണ്ടുകള്‍ ഈ കമ്പനികളിലെ ഓഹരി പങ്കാളിത്തം ഉയര്‍ത്തി.
അദാനി ഗ്രൂപ്പിലെ പ്രമുഖ നിക്ഷേപകരായ രാജീവ് ജെയ്‌നിന്റെ ജിസിക്യു പാര്‍ട്‌ണേഴ്‌സ് ഒക്‌ടോബര്‍-ഡിസംബര്‍ ത്രൈമാസത്തിലും ഈ കമ്പനികളില്‍ സ്ഥിരതതയോടെ നിക്ഷേപം തുടര്‍ന്നു. അദാനി ഗ്രൂപ്പിലെ പ്രമുഖ കമ്പനിയായ അദാനി പോര്‍ട്‌സിലെ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ ഓഹരി പങ്കാളിത്തം 15.2 ശതമാനത്തില്‍ നിന്നും 13.9 ശതമാനമായി കുറഞ്ഞു. 3388 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചത്.
അദാനി ഗ്രീന്‍ എനര്‍ജിയിലെ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ ഓഹരി പങ്കാളിത്തം 15.2 ശതമാനത്തില്‍ നിന്നും 13.7 ശതമാനമായി കുറഞ്ഞു. 2430 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചത്. അംബുജാ സിമന്റ്‌സിലെ വിദേശ നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം ഒന്നര ശതമാനമാണ് കുറഞ്ഞത്. 1940 കോടി രൂപയുടെ ഓഹരികള്‍ വിറ്റു. അതേ സമയം അദാനി പോര്‍ട്‌സില്‍ മ്യൂച്വല്‍ ഫണ്ടുകളുടെ ഓഹരി പങ്കാളിത്തം ഒരു ശതമാനം വര്‍ധിച്ചു. അദാനി ഗ്രീന്‍ എനര്‍ജി, അദാനി എനര്‍ജി സൊല്യൂഷന്‍സ്, അദാനി എന്റര്‍പ്രൈസസ്, അദാനി പവര്‍ എന്നിവയും കഴിഞ്ഞ ത്രൈമാസത്തില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ വാങ്ങി.