
മുംബൈ: ഉയരുന്ന നാണയപ്പെരുപ്പവും ഉത്പാദന ചെലവിലെ വർദ്ധനയും ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമർ ഉത്പന്ന(എഫ്.എം.സി.ജി) വിപണിയില്‍ വിലക്കയറ്റ ഭീഷണി രൂക്ഷമാക്കുന്നു.
ഇപ്പോഴത്തെ വിപണി സാഹചര്യങ്ങള്‍ പരിഗണിച്ച് സോപ്പ്, ഷാമ്പു മുതല്‍ പായ്ക്ക് ചെയ്ത ഭക്ഷ്യ വസ്തുക്കളുടെ വില വരെ വർദ്ധിപ്പിക്കാൻ നിർബന്ധിതരാണെന്ന് എഫ്.എം.സി.ജി കമ്പനികള്‍ പറയുന്നു.
വിലക്കയറ്റം രൂക്ഷമായതോടെ ഒക്‌ടോബർ മുതല്‍ ഡിസംബർ വരെയുള്ള മൂന്ന് മാസത്തില്‍ പ്രധാന കമ്പനികളുടെയെല്ലാം വിറ്റുവരവിലും ലാഭത്തിലും ഗണ്യമായ കുറവുണ്ടായി. ഇക്കാലയളവില്‍ ഹിന്ദുസ്ഥാൻ യൂണിലിവറും ഐ.ടി.സിയും അടക്കമുള്ള കമ്ബനികളുടെ വരുമാനത്തില്‍ ഒറ്റയക്ക വളർച്ച മാത്രമാണ് പ്രതീക്ഷിക്കുന്നതെന്ന് അനലിസ്‌റ്റുകള്‍ പറയുന്നു.
കൊപ്ര, വെളിച്ചെണ്ണ, പാമോയില്‍ തുടങ്ങിയ അസംസ്കൃത സാധനങ്ങളുടെ വിലക്കയറ്റം കണക്കിലെടുത്ത് കഴിഞ്ഞ മൂന്ന് മാസത്തിനിടെ സോപ്പ്, ഡിറ്റർജന്റ്, ഷാംമ്ബൂ, ഹെയർ ഓയില്‍ തുടങ്ങിയ ഉത്പന്നങ്ങളുടെ വില കമ്പനികള്‍ വർദ്ധിപ്പിച്ചിരുന്നു. ഉപഭോക്താക്കളുടെ ഉപഭോഗശേഷി കുറഞ്ഞതും വില്പന ഇടിച്ചു.
ഡിസംബർ പാദത്തില്‍ വില്പനയിലും ലാഭത്തിലും കാര്യമായ വളർച്ച പ്രതീക്ഷിക്കുന്നില്ലെന്ന് പ്രമുഖ ആഭ്യന്തര ബ്രാൻഡായ ഡാബർ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ഗ്രാമീണ മേഖലയില്‍ സ്ഥിരതയോടെ വളർച്ച നേടാനായെങ്കിലും നഗരങ്ങളിലെ ഉപഭോഗത്തില്‍ ഇക്കാലയളവില്‍ ഇടിവുണ്ടായെന്നും അവർ പറയുന്നു. മറ്റൊരു പ്രമുഖ ബ്രാൻഡായ മാരികോയും വില്പന തളർച്ച ശക്തമാണെന്ന് വ്യക്തമാക്കി.
കിരാന ഷോപ്പുകളില്‍ വില്പന ഇടിയുന്നു
ഓണ്‍ലൈൻ, ഇ കൊമേഴ്‌സ് വ്യാപാരത്തിലെ കുതിപ്പ് ചെറു കടകളിലെ വില്പനയെ ഏറെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് കമ്പനികളുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
വലിയ മാളുകളും വൻകിട ദേശീയ റീട്ടെയില്‍ ശൃംഖലകളും ഗ്രാമങ്ങളില്‍ വരെ സാന്നിദ്ധ്യം ശക്തമാക്കുന്നതാണ് ചെറു കടകളുടെ നിലനില്‍പ്പിനെ ബാധിക്കുന്നത്.
എന്നാല്‍ ഇ-കൊമേഴ്‌സ്, ദ്രുത ഡെലിവറി സംവിധാനങ്ങളിലൂടെയുള്ള എഫ്.എം.സി.ജി വില്പന മികച്ച വളർച്ച നേടുകയാണെന്നും അവർ പറയുന്നു.
ചെറുപായ്‌ക്കറ്റുകള്‍ക്ക് പ്രിയമേറുന്നു
ഉത്പാദന ചെലവിലെ വർദ്ധന കണക്കിലെടുത്ത് കമ്പനികള്‍ വില ഉയർത്തിയതോടെ വിപണിയില്‍ ചെറിയ പായ്‌ക്കറ്റുകളിലെത്തുന്ന ഉത്പന്നങ്ങള്‍ക്ക് പ്രിയം കൂടുകയാണെന്ന് കമ്പനികള്‍ പറയുന്നു.
സോപ്പ്, സ്‌നാക്ക്‌സ്, തേയില, ഡിറ്റർജന്റുകള്‍, പേസ്‌റ്റുകള്‍ എന്നിവയുടെ ഇരുനൂറ് ഗ്രാമില്‍ താഴെയുള്ള പായ്‌ക്കറ്റുകള്‍ക്കാണ് ഡിമാൻഡേറുന്നത്.
വില സമ്മർദ്ദം രൂക്ഷമായ ഉത്പന്നങ്ങള്‍
വെളിച്ചെണ്ണ, ഭക്ഷ്യ എണ്ണകള്‍, തേയില, സ്‌നാക്‌സ്, സോപ്പ്, ഡിറ്റർജന്റുകള്‍, ബോഡി ലോഷൻ