ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്‍റെ ആദ്യ ബജറ്റ് അവതരണത്തിന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഒരുങ്ങുകയാണ്. ജൂലൈ 22 മുതൽ ഓഗസ്റ്റ് 12 വരെയാണ് പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം ചേരുന്നത്.
മൂന്നാം മോദി സർക്കാരിന്‍റെ ആദ്യ ബജറ്റ് ജനപ്രിയമാകുമോയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. മുൻ സർക്കാരുകളിൽനിന്ന് വ്യത്യസ്തമായി സഖ്യകക്ഷികളെയും പ്രീതിപ്പെടുത്തേണ്ട ബാധ്യത ഇത്തവണയുണ്ടെന്നതിനാൽ കൂടുതൽ പ്രഖ്യാപനങ്ങൾക്ക് സാധ്യതയുണ്ട്.
ചൊവ്വാഴ്ച രാവിലെ 11 മണിയ്ക്കാണ് ലോക്സഭയിൽ ബജറ്റ് അവതരണം ആരംഭിക്കുക. ധനമന്ത്രിയുടെ ബജറ്റ് അവതരണം പൊതുജനങ്ങൾക്ക് തത്സമയമായി കാണാൻ വിശാലമായ സൗകര്യങ്ങളുണ്ട്.
പാർലമെന്‍റിന്‍റെ ഔദ്യോഗിക ചാനലുകളിലും ദൂരദർശൻ, സൻസദ് ടിവിയിലും തത്സമയം പ്രസംഗം കാണാം. സർക്കാരിന്‍റെ ഔദ്യോഗിക യൂട്യൂബ് ചാനലുകളിലും ലൈവ് സ്ട്രീമിങ്ങ് ഉണ്ടാകും.
കേന്ദ്ര സർക്കാരിന്‍റെ ഔദ്യോഗിക വെബ് സൈറ്റായ www.indiabudget.gov.in ൽ ബജറ്റ് ഡോക്യൂമെന്‍റുകളും പൊതുജനങ്ങൾക്ക് ലഭ്യമാകും. ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ ബജറ്റ് രേഖകൾ ലഭ്യമാകും.
2024 – 25 വർഷത്തേക്കുള്ള ഇടക്കാല ബജറ്റ് ഫെബ്രുവരി ഒന്നിനായിരുന്നു ധനമന്ത്രി അവതരിപ്പിച്ചത്. പൊതുതെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെയായിരുന്നു ഈ ബജറ്റ് അവതരണം.
2047 ഓടെ വികസിത് ഭാരത് എന്ന ലക്ഷ്യം മുൻനിർത്തിയുള്ള ബജറ്റായിരുന്നു നിർമല സീതാരാമൻ അവതരിപ്പിച്ച ഇടക്കാല ബജറ്റ്. ഇതിന്‍റെ തുടർച്ച തന്നെയാകും നാളത്തെ കേന്ദ് ബജറ്റും.
2024 – 25 വർഷത്തേക്കുള്ള ബജറ്റ് അവതരണത്തിന് രാഷ്ട്രപതി ദ്രൗപതി മുർമു ജൂലൈ 6ന് അംഗീകാരം നൽകിയിരുന്നു. ബജറ്റ് സമ്മേളനത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതായി പാർലമെന്‍ററി കാര്യമന്ത്രി കിരൺ റിജിജു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ അറിയിച്ചിരുന്നു.
പതിനെട്ടാം ലോക്സഭ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത ശേഷമുള്ള പാർലമെന്‍റിന്‍റെ ആദ്യത്തെ സമ്മേളനം ജൂൺ 24 മുതൽ ജൂലൈ 2 വരെയായിരുന്നു ചേർന്നത്. നിരവധി വിവാദങ്ങൾക്കിടെയാണ് ഇത്തവണ ബജറ്റ് സമ്മേളനം ചേരുന്നത്.
ഇന്നലെ ചേർന്ന സർവകക്ഷി യോഗത്തിൽ പ്രതിപക്ഷപാർട്ടികളുടെ സഹകരണം കേന്ദ്ര സർക്കാർ അഭ്യർഥിച്ചിരുന്നു. നടപടികളുമായി സഹകരിക്കുന്നതിന് തടസ്സമില്ല. എന്നാൽ സുപ്രധാന വിഷയങ്ങൾ ഉന്നയിക്കാൻ അനുവദിക്കണമെന്നായിരുന്നു പ്രതിപക്ഷ പാർട്ടികൾ സ്വീകരിച്ച നിലപാട്.
ഇത്തവണ ബജറ്റ് ചർച്ച എങ്ങനെയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും സാമ്പത്തിക വിദഗ്ധരും ഉറ്റുനോക്കുന്നത്.