
ന്യൂഡല്‍ഹി: ഏപ്രില്‍- ഓഗസ്റ്റ് മാസങ്ങളിലെ രാജ്യത്തിന്റെ ധനക്കമ്മി, മുഴുവന്‍ വര്‍ഷ ലക്ഷ്യത്തിന്റെ 32.6 ശതമാനമായ 5.42 ലക്ഷം കോടി രൂപയാണ്. കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്‌സ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 2021 ഏപ്രില്‍- ഓഗസ്റ്റ് കാലയളവിലെ ധനക്കമ്മി 2022 സാമ്പത്തിക വര്‍ഷ ലക്ഷ്യത്തിന്റെ 31.1 ശതമാനമായിരുന്നു. അതുകൊണ്ടുതന്നെ, നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-ഓഗസ്റ്റ് മാസങ്ങളിലെ ധനക്കമ്മി നേരിയ വര്‍ധനവ് രേഖപ്പെടുത്തി.
2022 വര്‍ഷത്തിലെ ആദ്യ അഞ്ച് മാസങ്ങളിലെ ധനക്കമ്മി 4.68 ലക്ഷം കോടി രൂപയായിരുന്നു.
2023 സാമ്പത്തിക വര്‍ഷത്തില്‍ ധനക്കമ്മി 16.61 ലക്ഷം കോടി രൂപയാക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഇത് മൊത്തം ജിഡിപിയുടെ 6.4 ശതമാനമാണ്. 2.01 ലക്ഷം കോടി രൂപയുടെ ധനകമ്മിയാണ് ഓഗസ്റ്റ് മാസത്തില്‍ രേഖപ്പെടുത്തിയത്.
28 മാസത്തിനിടെ ആദ്യമായി ജൂലൈയില്‍ കേന്ദ്രം 11,040 കോടി രൂപയുടെ സാമ്പത്തിക മിച്ചം രേഖപ്പെടുത്തിയിരുന്നു. കൊറോണ വൈറസ് പാന്‍ഡെമിക്കിന്റെ തുടക്കത്തില്‍ 2020 മാര്‍ച്ചിലാണ് അതിന് മുന്‍പ് മിച്ചമുണ്ടാകുന്നത്.
ഓഗസ്റ്റ് മാസത്തില്‍ അറ്റ നികുതി വരുമാനം 70.7 ശതമാനം താഴ്ന്ന് 33,882 കോടി രൂപയായി വാര്‍ഷികാടിസ്ഥാനത്തില്‍ കുറഞ്ഞപ്പോള്‍ നികുതിയേതര വരുമാനം 213.2 ശതമാനം വര്‍ധിച്ച് 27,221 കോടി രൂപയായി. ഇതോടെ മൊത്തം വരവ് 50 ശതമാനം കുറഞ്ഞ് 62,511 കോടി രൂപയായി.
അതേസമയം, മൊത്തം ചെലവ് ഓഗസ്റ്റില്‍ 3.3 ശതമാനം കുറഞ്ഞ് 2.63 ലക്ഷം കോടി രൂപയായി. മൂലധനച്ചെലവ് 43,658 കോടി രൂപയായി വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 0.5 ശതമാനം വര്‍ധനവാണ് ഇത്.
ഏപ്രില്‍-ഓഗസ്റ്റ് മാസങ്ങളില്‍ കേന്ദ്രത്തിന്റെ മൊത്തം വരവ് 4.9 ശതമാനം വര്‍ധിച്ച് 8.48 ലക്ഷം കോടി രൂപയായപ്പോള്‍ മൊത്തം ചെലവ് 8.9 ശതമാനം ഉയര്‍ന്ന് 13.90 ലക്ഷം രൂപയായി.
സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതോടെ നികുതി വിഭജനമായി സംസ്ഥാനങ്ങള്‍ക്ക് 1.17 ലക്ഷം കോടി രൂപ അനുവദിക്കാന്‍ ജൂലൈയില്‍ കേന്ദ്രം തയ്യാറായിരുന്നു. സാധാരണ കൈമാറ്റം ചെയ്യപ്പെടുന്നതിന്റെ ഇരട്ടിയായിരുന്നു അത്. ഓരോ വര്‍ഷവും 14 ഗഡുക്കളായാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഭജനം നടത്തുന്നത്.
സംസ്ഥാനസര്‍ക്കാറുകള്‍ക്കുള്ള നികുതി ഗഡുവിതരണം ചെയ്തതാണ് ധനക്കമ്മി ഉയരാന്‍ കാരണമായതെന്ന് ഇക്രയിലെ ചീഫ് എക്കണോമിസ്റ്റ് അദിതി നയ്യാര്‍ വിലയിരുത്തുന്നു.