
മുംബൈ: കഴിഞ്ഞ കുറച്ച് സെഷനുകളിലായി വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരിവിപണിയില്‍ അറ്റ നിക്ഷേപം നടത്തുന്നു. ദീര്‍ഘകാലത്തെ തിരുത്തല്‍ കാരണം ഓഹരികളുടെ വിലകുറഞ്ഞതാണ് താല്‍പര്യത്തിന് പിന്നില്‍. നാഷണല്‍ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡിന്റെ കണക്കുകള്‍ പ്രകാരം മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 10 വരെ ഏകദേശം 1 ബില്യണ്‍ ഡോളറിന്റെ അറ്റവാങ്ങലാണ് വിദേശ നിക്ഷേപകര്‍ നടത്തിയത്.
ഏപ്രില്‍ 11 ന് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) 342.84 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. അതേസമയം ഈ വര്‍ഷം ഇതുവരെ ഏകദേശം 2.74 ബില്യണ്‍ ഡോളറിന്റെ അറ്റ വില്‍പനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2022ല്‍ എഫ്ഐഐകള്‍ 13.41 ബില്യണ്‍ ഡോളറിന്റെ ഓഹരികള്‍ വിറ്റഴിച്ചിരുന്നു.
എഫ്‌ഐഐകള്‍ സജീവമായതോടെ സെന്‍സെക്‌സും നിഫ്റ്റിയും നേട്ടമുണ്ടാക്കി. നിലവില്‍ ഒരുമാസത്തെ ഉയര്‍ന്ന നിലവാരത്തിലാണ് സൂചികകള്‍. മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 12 വരെ സെന്‍സെക്‌സും നിഫ്റ്റിയും 4.5 ശതമാനം വീതം ഉയര്‍ന്നപ്പോള്‍ ബിഎസ്ഇ മിഡ്ക്യാപ്പ് ,സ്‌മോള്‍ക്യാപ്പ് സൂചികകള്‍ യഥാക്രമം 4.7 ശതമാനവും 6.8 ശതമാനവും കരുത്താര്‍ജ്ജിച്ചു.
എന്നാല്‍ 2023 ല്‍ ഇതുവരെ സെന്‍സെക്സും നിഫ്റ്റിയും യഥാക്രമം 1.1 ശതമാനവും 2.12 ശതമാനവും തകര്‍ച്ചയാണ് നേരിട്ടത്. ബിഎസ്ഇ മിഡ്ക്യാപ്പും സ്മോള്‍ക്യാപ്പും 3 ശതമാനം വീതം നഷ്ടപ്പെടുത്തി. ആഭ്യന്തര ഓഹരി വിലയിലുണ്ടായ ഇടിവ് മൂല്യനിര്‍ണ്ണയത്തെ ആകര്‍ഷകമാക്കിയെന്ന് വിദേശ ബ്രോക്കറേജുകളായ ജെഫറീസ് ഇന്ത്യയും ഗോള്‍ഡ്മാന്‍ സാക്സും പറയുന്നു.
ആഗോള അനിശ്ചിതത്വം വര്‍ധിച്ചതിനാല്‍ ഹ്രസ്വകാലത്തേക്ക് വിപണിയില്‍ ഏറ്റക്കുറച്ചിലുകള്‍ അനുഭവപ്പെടും. എങ്കിലും കൂടുതല്‍ കാര്യമായ ഇടിവ് സംഭവിക്കില്ല. വരും മാസങ്ങള്‍ നിക്ഷേപകര്‍ക്ക് മികച്ച അവസരമാണ് നല്‍കുന്നത്, വിശകലന വിദഗ്ധര്‍ പറയുന്നു.