നെടുമ്പാശേരി: കേരളത്തിലെ വിമാനത്താവളങ്ങളിൽനിന്നു ഗൾഫ് മേഖലയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് മൂന്നു മുതൽ അഞ്ചിരട്ടി വരെ വർധിപ്പിച്ചതായി പ്രവാസികൾ.
തിരുവോണം ആഘോഷിക്കാൻ ഗൾഫ് മലയാളികൾ കുടുംബസമേതം നാട്ടിലേക്കു വരുന്നതു മുന്നിൽ കണ്ടാണ് ടിക്കറ്റ് നിരക്ക് കൂട്ടിയിട്ടുള്ളത്. ഗൾഫിൽ സ്കൂൾ അവധിയായിരുന്ന കാലയളവിൽ നാട്ടിലേക്കു പോന്ന പ്രവാസികൾ തിരിച്ചുപോകുന്ന സമയമാണിത്.
സെപ്റ്റംബർ മാസത്തിലാണ് അവിടെ വിദ്യാലയങ്ങളിൽ രണ്ടു മാസത്തെ അവധി കഴിഞ്ഞ് ക്ലാസ് ആരംഭിക്കുന്നത്.
ഡിമാൻഡ് അനുസരിച്ച് നിരക്ക് കൂട്ടുന്നതു സ്വാഭാവികമാണന്നാണ് വിമാനക്കമ്പനികളുടെ വിശദീകരണം. വർഷത്തിലൊരിക്കൽ കുടുംബമായി നാട്ടിൽ വന്നുപോകാൻ വിമാന ടിക്കറ്റിന് വരുമാനത്തിനിന്നു മാസംതോറും മാറ്റിവയ്ക്കേണ്ട സ്ഥിതിയാണെന്നാണു പ്രവാസികളുടെ പരാതി.
ദുബായിൽനിന്നു കോഴിക്കോട്ട് എത്താൻ 290 ദിർഹം മാത്രം വേണ്ടിയിരുന്ന സ്ഥാനത്ത് ഇപ്പോൾ 1,500 ദിർഹം നല്ക ണം. കൊച്ചി-ദുബായ് വിമാന ടിക്കറ്റ് നിരക്ക് 35,000 രൂപ മുതൽ 98,000 രൂപ വരെയായി. വർധനവിനു മുമ്പ് ഇത് 10,000 മുതൽ 15,000 രൂപ വരെയായിരുന്നു.
അബുദാബി-കോഴിക്കോട് സെക്ടറിൽ ടിക്കറ്റ് നിരക്ക് 45,000 മുതൽ 85,000 രൂപ വരെയാണ്. കേരളത്തിലേക്കു മാത്രമേ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചിട്ടുള്ളൂ.
ടിക്കറ്റ് നിരക്ക് താങ്ങാനാകാത്തതിനാൽ ഗൾഫ് മലയാളികൾ അവിടെനിന്നു മുംബൈയിലേക്കാണു പോരുന്നത്. മുംബൈയിലേക്കു സാധാരണ നിരക്ക് നൽകിയാൽ മതിയാകും. മുംബൈയിൽനിന്നു തീവണ്ടി മാർഗമാണ് മലയാളികൾ നാട്ടിലേക്കു പോരുന്നത്.
മുംബൈ വഴി വരുമ്പോൾ 25 മണിക്കൂറോളം കൂടുതൽ യാത്ര വേണ്ടിവരും. പ്രവാസികളെ ചൂഷണം ചെയ്യുന്ന ഈ ആകാശക്കൊള്ള അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കേന്ദ്ര വ്യോമയാന മന്ത്രിക്കു കത്ത് നൽകിയിട്ടുണ്ട്.