
ന്യൂഡല്‍ഹി: യുഎസ് ചുമത്തിയ 50 ശതമാനം താരിഫിന്റെ പശ്ചാത്തലത്തില്‍ കയറ്റുമതി വ്യാപാരികള്‍ക്ക് വായ്പാ പിന്തുണ വാഗ്ദാനം ചെയ്തിരിക്കയാണ് എക്‌സ്‌പോര്‍ട്ട്-ഇപോര്‍ട്ട് ബാങ്ക് (എക്‌സിം ബാങ്ക്). പ്രവര്‍ത്തന മൂലധനം ഉറപ്പുവരുത്തുന്നതിനും അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനുമായി ഹ്രസ്വകാല, ദീര്‍ഘകാല വായ്പകള്‍ ബാങ്ക് നല്‍കും.
കൂടാതെ വിദേശ ബാങ്കിംഗ് പങ്കാളികളില്‍ ഏകദേശം 25% പേര്‍ക്കുള്ള റിസ്‌ക് പരിധികളും ബാങ്ക് ഇളവ് ചെയ്തു. ഇത് വിദേശ സ്ഥാപനങ്ങള്‍ വഴിയുള്ള ധനസഹായം എളുപ്പമാക്കും. ആവശ്യമുള്ളപ്പോഴെല്ലാം വായ്പാ പരിധി ഉയര്‍ത്താന്‍ ബാങ്ക് തയ്യാറാകുമെന്ന് ബാങ്ക് ഡെപ്യട്ടി മാനേജിംഗ് ഡയറക്ടര്‍ തരുണ്‍ ശര്‍മ്മ പറഞ്ഞു.
കയറ്റുമതിക്കാര്‍ക്ക് വായ്പാ ലഭ്യത സുഗമമാക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ബാങ്കുകളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വാണിജ്യ ധനസഹായ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുനതിനായി ആഫ്രിക്കന്‍ ബാങ്കുകളുമായും ബാങ്ക് ചര്‍ച്ചകള്‍ നടത്തുന്നു. ഇവിടങ്ങളിലെ പദ്ധതികള്‍ക്ക് ബാങ്ക് പരമ്പരാഗതമായി ധനസഹായം നല്‍കുന്നുണ്ട്. ഈ സഹായം ഇപ്പോള്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന സ്വകാര്യ കമ്പനികളിലേയ്ക്ക് കൂടി നീട്ടുന്നു.
കൂടാതെ വലിയ ആഫ്രിക്കന്‍ ബാങ്കുകള്‍ക്ക് നിശ്ചിത തുക നല്‍കുകയും അത് അവര്‍ ലോക്കല്‍ കമ്പനികള്‍ക്ക് വായ്പയായി നല്‍കുകയും ചെയ്യും. ആഫ്രിക്കന്‍ കമ്പനികളുമായി ഇടപാടുകള്‍ നടത്താനുള്ള സൗകര്യവും കയറ്റുമതിക്കാര്‍ക്ക് ബാങ്ക് ചെയ്തു കൊടുത്തു.
ഏകദേശം 31 ബില്യണ്‍ ഡോളറിലധികം കയറ്റുമതി അവസരമാണ് ആഫ്രിക്കന്‍ വിപണി പ്രദാനം ചെയ്യുന്നത്.