
തിരുവനന്തപുരം: വൈദ്യുതികണക്‌ഷൻ ലഭിക്കാനുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ച് വൈദ്യുതിവിതരണച്ചട്ടങ്ങൾ (ഇലക്‌ട്രിസിറ്റി സപ്ലൈ കോഡ്) പുതുക്കുന്നു. ഇതിന്റെ കരട് വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ പുറത്തിറക്കി.
വൈദ്യുതികണക്‌ഷന് ഓൺലൈൻ അപേക്ഷ നിർബന്ധമാക്കണമെന്ന് കരട് വ്യവസ്ഥ ചെയ്യുന്നു. അപേക്ഷിച്ചാൽ എഴുദിവസത്തിനകവും ദുർഘടപ്രദേശങ്ങളിൽ ഒരുമാസത്തിനകവും നൽകണം.
തൂണും ലൈനും പ്രശ്നമല്ല
അപേക്ഷ നൽകി രണ്ടാഴ്ചയ്ക്കുള്ളിൽ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി വൈദ്യുതത്തൂണിനും മറ്റുപകരണങ്ങൾക്കുമുള്ള വിലനിശ്ചയിക്കുന്നതാണ് നിലവിലെ രീതി.
ഈ കാലതാമസം ഒഴിവാക്കാൻ അപേക്ഷിക്കുമ്പോൾത്തന്നെ എത്ര കണക്ടഡ് ലോഡ് ഉണ്ടാവുമെന്നറിയിച്ച് അതിനുള്ള പണം അടയ്ക്കാം. വയറിങ് നടത്തുന്നവർക്ക് ലോഡ് എത്രയെന്ന് കണക്കാക്കാം.
നിലവിൽ വൈദ്യുതത്തൂണിന്റെ എണ്ണം, ലൈനിന്റെ നീളം എന്നിവയൊക്കെ കണക്കാക്കിയാണ് കണക്‌ഷനുള്ള ഫീസ് ഈടാക്കുന്നത്. ഇതിനുപകരം കിലോവാട്ടിന് കമ്മിഷൻ നിശ്ചയിക്കുന്ന നിരക്കിൽ പണം നൽകിയാൽമതി.
വ്യവസായശാല പൂർത്തിയാകാൻ കാത്തിരിക്കേണ്ടാ
വ്യവസായ-വാണിജ്യ സ്ഥാപനങ്ങൾ പൂർത്തിയായാലേ ഇപ്പോൾ കണക്‌ഷന് അപേക്ഷിക്കാനാവൂ.
ഇതും മാറ്റി പണിനടക്കുമ്പോൾത്തന്നെ ഇത്ര കണക്ടഡ് ലോഡ് ആവശ്യമുണ്ടെന്നുകാണിച്ച് അപേക്ഷ നൽകാമെന്നാണ് പുതിയ ചട്ടം. സ്ഥാപനങ്ങൾ പൂർത്തിയാവുന്ന മുറയ്ക്ക് കാലതാമസമില്ലാതെ കണക്‌ഷൻ ലഭിക്കും.
വീടിനോടു ചേർന്ന നാനോ സംരംഭങ്ങൾക്ക് ഇളവ്
വീടിനോടുചേർന്ന് ചെറുകിട വാണിജ്യ-വ്യവസായ സംരംഭങ്ങൾ( നാനോ സംരംഭങ്ങൾ) നടത്തുന്നവർക്ക് പുതിയ കണക്‌ഷൻ എടുക്കേണ്ട. വീട്ടിലെ കണക്‌ഷൻതന്നെ ഇതിനായി പ്രയോജനപ്പെടുത്താം. അഞ്ചുവരെ കുതിരശക്തിയുള്ള മോട്ടോർ, അല്ലെങ്കിൽ നാല് കിലോവാട്ട് വരെ വൈദ്യുതി ഉപയോഗിക്കുന്ന സംരംഭങ്ങൾക്കാണ് ഇളവ്.
അധികലോഡ് തെളിഞ്ഞാൽ മാത്രം നടപടി
കണക്ടഡ് ലോഡിൽ കൂടുതൽ ഉപകരണങ്ങൾ സ്ഥാപിച്ചാൽ വൻതുക പിഴയീടാക്കുന്നത് ഒഴിവാക്കും. അധിക ഉപയോഗം മീറ്ററിൽ രേഖപ്പെടുത്തിയാലേ കണക്ടഡ് ലോഡ് ലംഘനത്തിന് നടപടിയെടുക്കാവൂ എന്നാണ് പുതുക്കിയ ചട്ടം.
പുതുക്കുന്നത് 2014ലെ ചട്ടം
കേരളത്തിൽ 2014-ലാണ് അവസാനമായി സപ്ലൈ കോഡ് പുതുക്കിയത്. ഇപ്പോൾ 65-ഓളം മാറ്റങ്ങളാണ് വരുത്തുന്നത്. വിവിധ വിഭാഗം ഉപഭോക്താക്കളുടെ വാദം കേട്ടശേഷം കമ്മിഷൻ ചട്ടങ്ങൾ അന്തിമമാക്കും. ഇതിന് അടുത്തമാസം തെളിവെടുക്കും.