മുംബൈ: സാമ്പത്തിക, ഓട്ടോമൊബൈല്‍ കമ്പനികളുടെ ഓഹരികള്‍ ശ്രദ്ധ പിടിച്ചുപറ്റുന്നത് തുടരുന്നു. വര്‍ദ്ധിച്ചുവരുന്ന പലിശ നിരക്ക് നേരിട്ടുബാധിക്കുമെന്നതിനാലാണ് ഇത്. ഇന്ത്യന്‍ വാഹന കമ്പനികള്‍ ഈയിടെ ഒരു കൂട്ടം ഐസിഇ(ആന്തരിക ജ്വലന എഞ്ചിനുകള്‍) , ഇവി (ഇലക്ട്രിക് വാഹനം) മോഡലുകള്‍ പുറത്തിറക്കിയിരുന്നു.
അവയെല്ലാം നന്നായി സ്വീകരിക്കപ്പെടുകയും ചെയ്തു. ഇത്തരത്തില്‍ ഉപഭോക്താക്കളെയും വിശകലന വിദഗ്ധരെയും ഒരേ പോലെ കൗണ്ടറുകളിലേയ്ക്ക് നയിച്ച കമ്പനിയാണ് റോയല്‍ എന്‍ഫില്‍ഡിന്റെ നിര്‍മ്മാതാക്കളായ ഐഷര്‍ മോട്ടോഴ്‌സ്. സമീപകാല ലോഞ്ചുകള്‍ വിജയകരവും പഴയ മോഡലുകളുടെ ഡിമാന്റ് ശക്തമായി തുടരുന്നതുമാണ് ഓഹരിയെ ആകര്‍ഷകമാക്കുന്നത്.
കൂടാതെ വോള്‍വോയുമായുള്ള സംയുക്ത സംരംഭം വോള്‍വോ-ഐഷര്‍ കൊമേഴ്‌സ്യല്‍ വെഹിക്കിള്‍സ് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. വാണിജ്യ വാഹനങ്ങളുടെയും ബസുകളുടെയും ആവശ്യം വര്‍ധിച്ചുവരികയുമാണ്. ഇതോടെ 35 അനലിസ്റ്റുകളും ബ്രോക്കറേജുകളും 2022 സെപ്റ്റംബര്‍ അവസാനത്തേില്‍ സ്‌റ്റോക്കിന് ഒരു ‘വാങ്ങല്‍’ റേറ്റിംഗ് നല്‍കി.
ഒരു വര്‍ഷം മുമ്പ് വെറും 18 ‘വാങ്ങല്’ റേറ്റിംഗായിരുന്നു കമ്പനിയ്ക്ക് ലഭ്യമായിരുന്നത്. അതുകൊണ്ടുതന്നെ വാങ്ങല്‍ നിര്‍ദ്ദേശം ലഭിച്ച ഓഹരികളില്‍ ഒന്നാം സ്ഥാനത്തെത്താന്‍ ഐഷറിനായി.
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ലൈഫ് ഇന്‍ഷുറര്‍മാരിലൊരാളായ എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷുറന്‍സാണ് കൂടുതല്‍ ‘ വാങ്ങല്‍’ റേറ്റിംഗുകള്‍ സ്വീകരിച്ച രണ്ടാമത്തെ കമ്പനി. എക്‌സൈഡ് ലൈഫ് ഇന്‍ഷുറന്‍സിന്റെ നടത്തിപ്പാണ് കമ്പനിയ്ക്ക് ഗുണം ചെയ്തത്. വാര്‍ഷിക പ്രീമിയം തത്തുല്യവും (എപിഇ) പുതിയ ബിസിനസിന്റെ മൂല്യവും (വിഎന്‍ബി) ആരോഗ്യകരമായ വളര്‍ച്ചയും കമ്പനി പ്രകടമാക്കി.
ഇതോടെ 32 അനലിസ്റ്റുകള്‍ വാങ്ങല്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. കഴിഞ്ഞവര്‍ഷം 27 പേര്‍ മാത്രമാണ് കമ്പനി ഓഹരി റെക്കമന്റ് ചെയ്തത്. ഐടിസിയാണ് മൂന്നാം സ്ഥാനത്തെത്തിയത്.
മുന്‍വര്‍ഷത്തില്‍ 28 വാങ്ങല്‍ റേറ്റിംഗാണ് അവര്‍ക്കുണ്ടായിരുന്നത്. എഫ്എംസിജി, സിഗരറ്റ് ഭീമനായ ഐടിസി അതിന്റെ ബിസിനസ് സെഗ്മെന്റുകളിലുടനീളം ശക്തമായ തരംഗം സൃഷ്ടിക്കുന്നു. സിഗരറ്റ് ബിസിനസിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിലൂടെയും (നിയന്ത്രണവും നികുതി തടസ്സങ്ങളും) എഫ്എംസിജി ബിസിനസ്സ് വര്‍ധിപ്പിക്കുന്നതിലൂടെയും ഡിറിസ്‌കിംഗ് ബിസിനസ് മോഡലില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് കമ്പനി.
സാധ്യതകള്‍ പ്രകടിപ്പിക്കുന്ന ഐടിസി ഇന്‍ഫോടെക് ബിസിനസ്; അഗ്രി ബിസിനസ് വളര്‍ത്താനും കയറ്റുമതി വര്‍ദ്ധിപ്പിക്കാനും ശ്രമിക്കുന്നു. ഉയര്‍ന്ന ഡിവിഡന്റ് ആദായം നല്‍കുന്നതും എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ന്യായമായ മൂല്യനിര്‍ണ്ണയവും കമ്പനിയെ തുണയ്ക്കുന്നതായി ആക്‌സിസ് സെക്യൂരിറ്റീസ് കുറിപ്പില്‍ പറഞ്ഞു.
വാഹന തീമില്‍ നിന്നുള്ള മറ്റ് രണ്ട് വലിയ കമ്പനികള്‍-ടാറ്റ മോട്ടോഴ്‌സ്, മാരുതി സുസുക്കി-എന്നിവയ്ക്കും ധാരാളം വാങ്ങല്‍ നിര്‍ദ്ദേശങ്ങള്‍ ലഭ്യമായി. ആഭരണ നിര്‍മ്മാതാക്കളായ ടൈറ്റന്‍ കമ്പനി ലിമിറ്റഡും വിപണി മൂലധനത്തിന്റെ കാര്യത്തില്‍ ഏറ്റവും വലിയ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസും അഞ്ച്, ആറ് സ്ഥാനങ്ങളില്‍ എത്തി.
കഴിഞ്ഞ പാദത്തിലെ പരമാവധി അപ്‌ഗ്രേഡുകള്‍
കഴിഞ്ഞ പാദത്തില്‍ ഏറ്റവും കൂടുതല്‍ റേറ്റിംഗ് അപ്‌ഗ്രേഡുകള്‍ കിട്ടിയത് റിലയന്‍സ് ഇന്‍ഡസ്ട്രീസിനാണ്. പുനരുപയോഗ ഊര്‍ജ, 5ജി, റീട്ടെയില്‍ മുന്നേറ്റമാണ് കമ്പനിയ്ക്ക് തുണയായത്. വളര്‍ച്ചയുടെ വേഗതയും മെച്ചപ്പെട്ട മാര്‍ജിന്‍ പ്രൊഫൈലും നേട്ടമായി.
25 ശതമാനം വരുമാന വളര്‍ച്ചയും 32 ശതമാനം ഇബിറ്റ വളര്‍ച്ചയും വരുന്ന പാദത്തിലും കമ്പനിയ്ക്ക് ഗുണം ചെയ്യുമെന്ന് മോതിലാല്‍ ഓസ്വാള്‍ അവരുടെ കുറിപ്പില്‍ പറയുന്നു. ഈ പാദത്തില്‍ റിലയന്‍സിന് 7.2 ശതമാനം അപ്‌ഗ്രേഡുകള്‍ ആണ് ലഭിച്ചത്. യഥാക്രമം 5.6, 5.2 ശതമാനം റേറ്റിംഗ് അപ്‌ഗ്രേഡുകളുമായി എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷുറന്‍സും തൊട്ടുപിന്നിലുണ്ട്.
ഐഷര്‍ മോട്ടോഴ്‌സും ടൈറ്റന്‍ കമ്പനി ലിമിറ്റഡുമാണ് ഈ പാദത്തില്‍ ഏറ്റവും കൂടുതല്‍ റേറ്റിംഗ് അപ്‌ഗ്രേഡുകള്‍ നേടിയ മറ്റ് രണ്ട് കമ്പനികള്‍.നെറ്റ്‌വര്‍ക്ക് വിപുലീകരണം, പ്രാദേശിക ഊന്നല്‍, ഹാള്‍മാര്‍ക്കിംഗ് ആനുകൂല്യങ്ങള്‍ എന്നിവ കാരണം ടൈറ്റന്‍ ഓഹരി നേട്ടമുണ്ടാക്കുമെന്ന് പ്രഭുദാസ് ലീലാധര്‍ ഒരു റിപ്പോര്‍ട്ടില്‍ പറഞ്ഞു.