
ന്യൂഡല്‍ഹി: ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം ഒറ്റദിവസത്തിനുള്ളില്‍ ആദ്യമായി അഞ്ച് ലക്ഷം കവിഞ്ഞതായി കേന്ദ്ര വ്യോമയാന മന്ത്രാലയം.
ഞായറാഴ്ച 5,05,412 വിമാനയാത്രക്കാരാണ് ആഭ്യന്തര വിമാന സർവീസുകളില്‍ യാത്രചെയ്തത്. ആദ്യമായാണ് ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം ഒറ്റദിവസം അഞ്ച് ലക്ഷം കവിയുന്നതെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.
ഉത്സവ സീസണുകളില്‍ ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വർധനയാണ് ഉണ്ടായതെന്നും 3,173 വിമാനങ്ങള്‍ നവംബർ 17-ന് സർവീസ് നടത്തിയതായും മന്ത്രാലയം വ്യക്തമാക്കി.
ഞായറാഴ്ച സർവീസ് നടത്തിയ പ്രധാന വിമാനക്കമ്പനികള്‍ 90 ശതമാനത്തിലും അധികം യാത്രക്കാരുമായാണ് സർവീസ് നടത്തിയത്.
യാത്രക്കാരുടെ എണ്ണം വർധിച്ചെങ്കിലും വിമാനങ്ങള്‍ വൈകി സർവീസ് നടത്തുന്ന സംഭവങ്ങള്‍ വർധിച്ചതായാണ് ഓണ്‍ ടൈം പെർഫോമൻസ് സൂചിക വ്യക്തമാക്കുന്നത്.