
മുംബൈ: ഡിജിറ്റല്‍ മീഡിയ വിപണിയിലെ ബിസിനസ് 80,000കോടി രൂപ കവിഞ്ഞ് മുന്നേറുന്നു. ടെലിവിഷൻ ചാനിലുകളെ മറികടന്ന് ഡിജിറ്റല്‍ മീഡിയ കഴിഞ്ഞ വർഷം ഇന്ത്യയില്‍ രണ്ടുലക്ഷം മണിക്കൂർ തനത് ഉള്ളടക്കം സൃഷ്ടിച്ചു.
1600 സിനിമകള്‍, 2600 മണിക്കൂർ പ്രീമിയം ഒ.ടി.ടി ഉള്ളടക്കം, 20,000 ഗാനങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. ലോകത്തെ ഏറ്റവും വലിയ ഉള്ളടക്ക നിർമ്മാണ കേന്ദ്രം ഇന്ത്യയാണെന്ന് മുംബയില്‍ ആഗോള വിനോദ ഉച്ചകോടിയായ ‘വേവ്സില്‍’ അവതരിപ്പിച്ച ഏണസ്റ്റ് ആൻഡ് യംഗിന്റെ ‘എ സ്റ്റുഡിയോ കാള്‍ഡ് ഇന്ത്യ’ എന്ന റിപ്പോർട്ടില്‍ പറയുന്നു.
ഇന്ത്യയില്‍ ആനിമേഷൻ, വി.എഫ്.എക്സ് ചെലവുകള്‍ പാശ്ചാത്യ രാജ്യങ്ങളേക്കാള്‍ 40 മുതല്‍ 60 ശതമാനം വരെ കുറവാണ്. വൈദഗ്ദ്ധ്യമുള്ള തൊഴില്‍ശക്തിയുണ്ട്. ഇന്ത്യൻ ഉള്ളടക്കത്തിന് രാജ്യാന്തരതലത്തില്‍ സ്വീകാര്യതയുണ്ട്. ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ 25ശതമാനത്തിലേറെ ഇന്ത്യയ്ക്ക് പുറത്താണ് കാണുന്നത്.
28ലക്ഷം പേർക്ക് നേരിട്ടും ഒരുകോടി പേർക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കുന്നു.
ഇന്ത്യയുടെ കരുത്ത്
വികസിക്കുന്ന ഡിജിറ്റല്‍ വിപണി
വൈവിദ്ധ്യമാർന്ന സാംസ്കാരിക-ഭാഷാ പാരമ്പര്യം, ആകർഷിക്കുന്ന കഥപറച്ചില്‍ ശൈലി
മാദ്ധ്യമ, വിനോദ ബിസിനസ് 3,06,700 കോടി രൂപയിലേക്ക്
കേന്ദ്രസർക്കാരിന്റെ റിപ്പോർട്ടനുസരിച്ച് അടുത്ത വർഷം മാദ്ധ്യമ,വിനോദ മേഖലയിലെ സമ്പദ്‌വ്യവസ്ഥ 3,06,700 കോടി രൂപയിലെത്തും.
വാർഷികവളർച്ച 7ശതമാനമാണ്. അച്ചടി പ്രസിദ്ധീകരണങ്ങള്‍ 154523ആയി. 4.995വളർച്ചയുണ്ട്. ഡി.ടി.എച്ച് സേവനങ്ങള്‍ക്ക് 100ശതമാനം ജിയോഗ്രഫിക്കല്‍ കവറേജ് അനുവദിച്ചു. ദൂരദർശന്റെ സൗജന്യ ഡിഷ് ചാനലുകള്‍ 381ആയി.
കഴിഞ്ഞവർഷം 33 ആയിരുന്നു. ജനസംഖ്യയുടെ 98ശതമാനത്തിലേക്കും ആകാശവാണി എത്തുന്നു. സ്വകാര്യ ടി.വിചാനലുകള്‍ 908 ആയി. 388 എഫ്.എം റേഡിയോ സ്റ്റേഷനുകളുണ്ട്. കമ്മ്യൂണിറ്റി റേഡിയോ 531ആയി. 3455 ഫീച്ചർ ഫിലിമുകളടക്കം 69113 ചിത്രങ്ങളിറങ്ങി.
പണംതരും ഡിജിറ്റല്‍ മീഡിയ
രാജ്യത്ത് രണ്ടര ദശലക്ഷം സജീവ ഡിജിറ്റല്‍ ക്രിയേറ്റർമാരുണ്ട്. ആയിരത്തിലേറെ ഫോളോവേഴ്സുള്ളവരുടെ കണക്കാണിത്. ഇതില്‍ 10ശതമാനം പേർക്ക് മാത്രമാണ് ഉള്ളടക്കത്തില്‍ നിന്ന് പണം കിട്ടുന്നത്.
ഈ വരുമാനം 2,500 കോടി ഡോളറില്‍ നിന്ന് അഞ്ച് വർഷത്തിനുള്ളില്‍ 12,500 കോടി ഡോളറാകും.