ശക്തമായ കുതിപ്പിനു ശേഷം സ്‌മോള്‍, മിഡ്‌കാപ് ഓഹരികള്‍ വില്‍പ്പന സമ്മര്‍ദം നേരിടുന്നത് തുടരുന്നു. ബിഎസ്‌ഇ സ്‌മോള്‍കാപ് സൂചികയില്‍ ഉള്‍പ്പെട്ട 82 ഓഹരികളും കഴിഞ്ഞ മൂന്നാഴ്‌ചയ്‌ക്കുള്ളില് ഇടിവ് നേരിട്ടു.
ബിഎസ്‌ഇ സ്‌മോള്‍കാപ് സൂചിക ഫെബ്രുവരി 19 മുതല്‍ ഇടിവ് നേരിടുകയാണ്. അതേ സമയം ഇക്കാലയളവില്‍ നിഫ്‌റ്റി ഒരു ശതമാനം നേട്ടം രേഖപ്പെടുത്തുകയാണ് ചെയ്‌തത്.
സ്‌മോള്‍, മിഡ്‌കാപ് ഓഹരികള്‍ അമിത മൂല്യത്തിലെത്തിയതിനെ തുടര്‍ന്ന് മ്യൂച്വല്‍ ഫണ്ടുകളോട് നിക്ഷേപകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന സെബിയുടെ നിര്‍ദേശമാണ് ഇടിവിന് ഒരു കാരണമായത്.
ഫെബ്രുവരി 19നു ശേഷം 46 സ്‌മോള്‍കാപ് ഓഹരികളാണ് 20 ശതമാനത്തിനു മേല്‍ ഇടിവ് നേരിട്ടത്. 244 ഓഹരികള്‍ 10 ശതമാനം മുതല്‍ 20 ശതമാനം വരെ ഇടിഞ്ഞു.
ഫെബ്രുവരി 19നു ശേഷം ബിഎസ്‌ഇ മിഡ്‌കാപ് സൂചിക രണ്ട് ശതമാനവും സ്‌മോള്‍കാപ് സൂചിക ഏഴ് ശതമാനവുമാണ് ഇടിഞ്ഞത്. 2023ല്‍ സ്‌മോള്‍കാപ് സൂചിക 55.6 ശതമാനവും മിഡ്‌കാപ് സൂചിക 46.6 ശതമാനവും നേട്ടമാണ് നല്‍കിയിരുന്നത്. അതേ സമയം നിഫ്‌റ്റി 20 ശതമാനമാണ് കഴിഞ്ഞ വര്‍ഷം ഉയര്‍ന്നത്.
സ്‌മോള്‍കാപ്, മിഡ്‌കാപ് ഓഹരികളേക്കാള്‍ ചെലവ് കുറഞ്ഞ നിലയിലാണ് പല ലാര്‍ജ്‌കാപ് ഓഹരികളും നിലവില്‍ വ്യാപാരം ചെയ്യുന്നത്. വളരെ ചെലവേറിയ നിലയിലെത്തിയ സ്‌മോള്‍കാപ് ഓഹരികളില്‍ തിരുത്തല്‍ സ്വാഭാവികമാണ്.
അതേ സമയം ദീര്‍ഘകാല വളര്‍ച്ചാ സാധ്യതയുള്ള പൊതുമേഖലയിലെയും മറ്റും സ്‌മോള്‍കാപ്, മിഡ്‌കാപ് ഓഹരികള്‍ പല ഘട്ടങ്ങളിലായി വാങ്ങാന്‍ ഇത്തരം ഇടിവുകള്‍ ഉപയോഗപ്പെടുത്താവുന്നതാണ്.