Alt Image
ആപ്പിള്‍ എയര്‍പോഡ്‌സിനുള്ള ഘടകങ്ങള്‍ ഇനി ഇന്ത്യയില്‍ നിന്നുംവിദേശ നാണ്യ ശേഖരം തുടര്‍ച്ചയായ രണ്ടാം ആഴ്ചയും ഉയര്‍ന്നു25 ബേസിസ് പോയിന്റ് നിരക്ക് വര്‍ധന പ്രതീക്ഷിച്ച് റോയിട്ടേഴ്‌സ് പോള്‍കേന്ദ്ര ഇടപെടൽ: ഗോതമ്പിന്റെ മൊത്തവില കുറയുന്നുകേന്ദ്ര ബഡ്‌ജറ്റ് 2023-24: ഇളവുകൾ ഉന്നമിട്ട് ആദായനികുതി

ഡിജിറ്റൽ ഡേറ്റാ സംരക്ഷണ ബില്‍: അഭിപ്രായം അറിയിക്കാനുള്ള സമയപരിധി നീട്ടി

ഡിജിറ്റൽ ഡേറ്റാ സംരക്ഷണ ബില്‍ 2022 ന്റെ കരടില്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായമറിയിക്കാനുള്ള സമയപരിധി ജനുവരി രണ്ടുവരെ നീട്ടി. ഇതുസംബന്ധിച്ച് ഐടി മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി. ഡിസംബര്‍ 17 വരെയാണ് സമയമനുവദിച്ചിരുന്നത്.

ചില മേഖലകളിൽ നിന്നുളളവരുടെ ആവശ്യം പരിഗണിച്ചാണ് കാലാവധി നീട്ടിയത്. നവംബറിലാണ് കരട് ഡിജിറ്റല്‍ ഡേറ്റാ സംരക്ഷണ ബിൽ 2022 കേന്ദ്ര സർക്കാർ പുറത്തുവിട്ടത്.

സുരക്ഷാ മുൻകരുതലുകൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് 500 കോടി രൂപ വരെ പിഴയീടാക്കാനുള്ള വ്യവസ്ഥയും കരട് ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡിജിറ്റൽ വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണം ഉറപ്പാക്കുകയാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്.

ഡിജിറ്റൽ റെഗുലേറ്ററുടെ ചുമതലകൂടി വഹിക്കാൻ ഡേറ്റ പ്രൊട്ടക്‌ഷൻ ബോർഡ് രൂപീകരിക്കും. 2019ലെ കരടുരേഖ അനുസരിച്ച് വ്യവസ്ഥകൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെയുള്ള പിഴ 15 കോടിയോ സ്ഥാപനത്തിന്റെ വാർഷിക വിറ്റുവരവിന്റെ നാലു ശതമാനമോ എന്നായിരുന്നു. അടുത്ത പാർലമെന്റ് സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും.

തങ്ങളുടെ അധീനതയിലുള്ള ഡേറ്റ ചോർച്ചയ്ക്കെതിരെ ഡേറ്റ പ്രോസസർ നടപടി എടുക്കാതിരുന്നാൽ 250 കോടി രൂപ വരെ പിഴ ഈടാക്കും. ആദ്യം തയാറാക്കിയ കരടിന്മേൽ സംയുക്ത പാർലമെന്ററി കമ്മിറ്റി 91 സെക്‌ഷനുകളിലായി 88 ഭേദഗതികളാണ് നിർദേശിച്ചത്.

ഇതുകൊണ്ടാണ് നേരത്തെ കൊണ്ടുവന്ന ബിൽ പൂർണമായും പിൻവലിച്ച് പുതിയ ബിൽ ഇറക്കേണ്ടി വന്നതെന്ന് കേന്ദ്ര ടെലികോം, ഐടി കാര്യ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

ഇന്ത്യയിൽ കൊണ്ടുവരാനൊരുങ്ങുന്ന ഡേറ്റ സംരക്ഷണ ബിൽ ലോകത്തെ തന്നെ ഏറ്റവും മികച്ചതെന്നാണ് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്. വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ക്ക് ഉചിതമായ സംരക്ഷണം നല്‍കാന്‍ ബിൽ ഉപകരിക്കും.

ചില വിഷയങ്ങളിലൊഴികെ, വിവരാവകാശ അപേക്ഷയിൽപോലും വ്യക്തിപരമായ വിവരങ്ങള്‍ ലഭിക്കില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞിരുന്നു.

പ്രധാനമായും മൂന്നു ലക്ഷ്യങ്ങളാണ് ബില്ലിനുള്ളതെന്ന് മന്ത്രി വ്യക്തമാക്കി. ഒന്ന്, ഉപഭോക്താക്കളുടെ ഡിജിറ്റൈസ് ഡേറ്റ സംരക്ഷിക്കുക. രണ്ട്, ഡേറ്റ ഇക്കോണമിയുടെ ഭാഗമായ സ്റ്റാർട്ടപ്പുകൾക്കും ഇന്നവേഷൻ കമ്പനികൾക്കും പെരുമാറ്റച്ചട്ടം കൊണ്ടുവരിക, മൂന്ന്, സർക്കാരിന്റെ അന്വേഷണ ഏജൻസികൾക്കും നിയമപാലകർക്കും അത്യാവശ്യഘട്ടങ്ങളിൽ ഇത്തരം വ്യക്തിവിവരശേഖരം പരിശോധിക്കുന്നതിനുള്ള മാർഗനിർദേശം നൽകുക.

ബില്ല് പാസായാൽ ഡേറ്റ സംരക്ഷണം സംബന്ധിച്ച മുഴുവൻ സംവിധാനത്തിന്റെയും സ്വഭാവം തന്നെ മാറും. ഇന്ന് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങളുടെ ദുരുപയോഗം വർധിച്ചിട്ടുണ്ട്. അത് പല തലത്തിലാണ്.

വലിയ കമ്പനികൾ അടക്കം ഇത്തരം ഡേറ്റ ദുരുപയോഗം ചെയ്യുന്നത് ആഗോളതലത്തിൽത്തന്നെ നടക്കുന്നതാണ്. അത് ഇവിടെ പൂർണമായും അവസാനിപ്പിക്കാനാണ് ഡേറ്റ സംരക്ഷണ ബിൽ കൊണ്ടുവരുന്നത്.

പൗരന്മാരുടെ അവകാശം എന്താണ്, ഡേറ്റ പ്ലാറ്റ്ഫോം കമ്പനികളുടെ ഉത്തരവാദിത്തങ്ങൾ എന്തൊക്കെയാണ് എന്നതെല്ലാം ബിൽ വ്യക്തമാക്കുന്നു.

അത്തരം ഉത്തരവാദിത്തങ്ങളിൽ വീഴ്ച വരുത്തുന്ന കമ്പനികൾക്ക് ഡേറ്റ പ്രൊട്ടക്‌ഷൻ ബോർ‌ഡ് പിഴ ചുമത്തും.

X
Top