
സൈബര്‍ ആക്രമണത്തെത്തുടര്‍ന്ന് ഓസ്ട്രേലിയന്‍ വിമാനക്കമ്പനിയായ ക്വാണ്ടാസ് ഉപയോക്താക്കളായ 57 ലക്ഷം പേരുടെ വ്യക്തിഗത വിവരങ്ങള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നതായി വെളിപ്പെടുത്തല്‍. ഗൂഗിള്‍, ഡിസ്നി, ഐകിയ, ടൊയോട്ട, മക്ഡൊണാള്‍ഡ്സ്, എയര്‍ ഫ്രാന്‍സ്, കെഎല്‍എം എന്നിവയുള്‍പ്പടെ നിരവധി ആഗോള കമ്പനികളെയും സൈബര്‍ ആക്രമണം ബാധിച്ചിട്ടുണ്ട്. സെയില്‍സ്ഫോഴ്സ് സോഫ്റ്റ്വെയര്‍ പ്ലാറ്റ്ഫോമിനെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്.
ഒരു തേഡ്-പാര്‍ട്ടി കസ്റ്റമര്‍ കോണ്‍ടാക്റ്റ് സെന്റര്‍ വഴിയാണ് ഹാക്കര്‍മാര്‍ വിവരങ്ങള്‍ കൈക്കലാക്കിയതെന്ന് ക്വാണ്ടാസ് പ്രസ്താവനയില്‍ പറഞ്ഞു. ഈ സെന്റര്‍ സെയില്‍സ്ഫോഴ്സ് സിസ്റ്റങ്ങളിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പേരുകള്‍, ഇമെയില്‍ വിലാസങ്ങള്‍, ഫോണ്‍ നമ്പറുകള്‍, ജനനത്തീയതികള്‍, ബിസിനസ് വിലാസങ്ങള്‍, ലിംഗഭേദം, ഭക്ഷണ മുന്‍ഗണനകള്‍ എന്നിവ അടക്കമുള്ള വിവരങ്ങളാണ് ചോര്‍ന്നത്. ക്രെഡിറ്റ് കാര്‍ഡ്, പാസ്പോര്‍ട്ട്, എന്നിവയുമായി ബന്ധപ്പെട്ടതും സാമ്പത്തിക വിവരങ്ങളും ചോര്‍ന്നിട്ടില്ലെന്ന് എയര്‍ലൈന്‍ വ്യക്തമാക്കി.
ജൂലായ് ആദ്യം നടന്ന സൈബര്‍ ആക്രമണത്തെത്തുടര്‍ന്ന് സൈബര്‍ കുറ്റവാളികള്‍ വിവരങ്ങള്‍ ചോര്‍ത്തിയ നിരവധി ആഗോള കമ്പനികളില്‍ ഒന്നുമാത്രമാണ് ക്വാണ്ടാസെന്ന് എന്ന് കമ്പനി അറിയിച്ചു. മോഷ്ടിക്കപ്പെട്ട വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ ന്യൂ സൗത്ത് വെയില്‍സ് സുപ്രീം കോടതിയില്‍ നിയമനടപടികള്‍ തുടങ്ങിയതായി ക്വാണ്ടാസ് അറിയിച്ചു. എന്നാല്‍ ഈ നടപടി ഫലപ്രദമല്ലെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
കോര്‍പ്പറേറ്റ് ഡാറ്റ മോഷ്ടിക്കുന്നതിനും മോചനദ്രവ്യം ആവശ്യപ്പെടുന്നതിനുമുള്ള ഏകോപിത ശ്രമത്തിന്റെ ഭാഗമായി ‘സ്‌കാറ്റേഡ് ലാപ്സസ് ഹണ്ടേഴ്സ്’ എന്നറിയപ്പെടുന്ന ഒരു സംഘമാണ് ഈ ആക്രമണത്തിന് പിന്നിലെന്ന് സൈബര്‍ സുരക്ഷാ വിദഗ്ദ്ധര്‍ കരുതുന്നു. വിവരങ്ങള്‍ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി ഒക്ടോബര്‍ 10-നകം പണം നല്‍കണമെന്ന് ഹാക്കര്‍മാര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമങ്ങള്‍ നടന്നതായി സെയില്‍സ്ഫോഴ്സ് സ്ഥിരീകരിച്ചിട്ടുണ്ട്.
കമ്പനി പ്രതിനിധികളായി നടിച്ച് ജീവനക്കാരെ കബളിപ്പിച്ച് തന്ത്രപ്രധാനമായ വിവരങ്ങളിലേക്ക് പ്രവേശനം നേടുന്ന സോഷ്യല്‍ എഞ്ചിനീയറിംഗ് തന്ത്രങ്ങളാണ് ആക്രമണകാരികള്‍ ഉപയോഗിച്ചതെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഐടി ജീവനക്കാരായി ആള്‍മാറാട്ടം നടത്തുന്ന സൈബര്‍ കുറ്റവാളികള്‍ സപ്പോര്‍ട്ട് ജീവനക്കാരെ വിജയകരമായി കബളിപ്പിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി എഫ്ബിഐ സമാനമായ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഓസ്ട്രേലിയയിലെ സൈബര്‍ സുരക്ഷാ പിഴവുകളെക്കുറിച്ച് വര്‍ധിച്ചുവരുന്ന ആശങ്കകള്‍ അടിവരയിടുന്നതാണ് ഈ ഡാറ്റാ ചോര്‍ച്ച. കഴിഞ്ഞ വര്‍ഷം മൊബൈല്‍ ആപ്പിലെ ഒരു തകരാറുമൂലം യാത്രക്കാരുടെ വിവരങ്ങള്‍ പുറത്തായതിനെ തുടര്‍ന്ന് ക്വാണ്ടാസ് ക്ഷമാപണം നടത്തിയിരുന്നു.
2023-ല്‍ ഹാക്കര്‍മാര്‍ ഓസ്ട്രേലിയയിലെ പ്രധാന തുറമുഖങ്ങളുടെ പ്രവര്ത്തനം സ്തംഭിപ്പിക്കുകയും, രാജ്യത്തെ ചരക്ക് വ്യാപാരത്തിന്റെ ഏകദേശം 40 ശതമാനം തടസപ്പെടുത്തുകയും ചെയ്തിരുന്നു.