സ്മാർട്ട്‌ സിറ്റി: ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധംസ്മാർട് സിറ്റിയിൽ ടീകോമിനെ ഒഴിവാക്കൽ: തകരുന്നത് ദുബായ് മോഡൽ ഐടി സിറ്റിയെന്ന സ്വപ്നംകേരളത്തിൽ റിയൽ എസ്റ്റേറ്റ് വളരുമെന്ന് ക്രിസിൽസ്വർണക്കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി മ്യാൻമർസേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞു

വിപണിമൂല്യത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടവുമായി കൊച്ചിൻ ഷിപ്പ്‍യാര്‍ഡും ഫാക്ടും

കൊച്ചി: കേരളം ആസ്ഥാനമായതും ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തവയുമായ രണ്ട് പ്രമുഖ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ തമ്മില്‍ വിപണിമൂല്യത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം.

നിലവില്‍ 70,400 കോടി രൂപയുടെ (എൻഎസ്ഇയിലെ കണക്കുപ്രകാരം) വിപണിമൂല്യവുമായി (മാര്‍ക്കറ്റ് കാപ്പിറ്റലൈസേഷന്‍) പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സ് ആണ് കേരളക്കമ്പനികളി‍ല്‍ ഒന്നാമത്. മുത്തൂറ്റിന്‍റെ വിപണിമൂല്യം 70,000 കോടി രൂപ കടന്നുവെന്നതും നാഴികക്കല്ലാണ്.

ചൊവ്വാഴ്ച്ച 14.99 ശതമാനം കുതിപ്പുമായി ഫാക്ടിന്‍റെ ഓഹരിവില 805 രൂപയായതോടെ വിപണിമൂല്യത്തില്‍ 50,000 കോടി രൂപയെന്ന നാഴികക്കല്ല് ഫാക്ട് വീണ്ടും മറികടന്നു. തിങ്കളാഴ്ച്ച വ്യാപാരാന്ത്യത്തില്‍ മൂല്യം 52,000 കോടി രൂപയാണ്.

കഴിഞ്ഞ നവംബറിൽ ഫാക്ടിന്‍റെ വിപണിമൂല്യം 50,000 കോടി രൂപ കടന്നെങ്കിലും പിന്നീട് ഓഹരിവില കുറഞ്ഞതോടെ മൂല്യവും താഴേക്ക് പോയി.

ഏതാനും ആഴ്ചകളായി തുടര്‍ച്ചയായ നേട്ടത്തിലൂടെ ഫാക്ടിന് കനത്ത വെല്ലുവിളിയാണ് കൊച്ചിന്‍ ഷിപ്പ്‍യാര്‍ഡ് ഉയര്‍ത്തുന്നത്. കഴിഞ്ഞ മെയ് 16ന് 50,000 മേൽ വിപണി മൂല്യം നേടിയ ഷിപ്പ് യാർഡ് ഫാക്ടിനെ പിന്തള്ളി വിപണി മൂല്യത്തില്‍ രണ്ടാമത്തെ വലിയ കേരള ലിസ്റ്റഡ് കമ്പനി എന്ന നേട്ടം സ്വന്തമാക്കി.

പിന്നീട് വിപണിയിലെ കയറ്റിറക്കങ്ങളിൽ മൂല്യം കുറയുകയായിരുന്നു. തിങ്കളാഴ്ച്ച വ്യാപാരാന്ത്യത്തില്‍ കൊച്ചിന്‍ ഷിപ്പ്‍യാര്‍ഡിന്‍റെ വിപണിമൂല്യം 49,827 കോടി രൂപയായിരുന്നു. ചൊവ്വാഴ്ച്ച ഓഹരിവില രണ്ട് ശതമാനത്തിലധികം ഉയര്‍ന്നതോടെ വിപണിമൂല്യം 51,180 കോടി രൂപയായിട്ടുണ്ട്.

അതേസമയം ഫാക്ടിന്‍റെ ഓഹരിവില ചൊവ്വാഴ്ച്ച 1.7 ശതമാനം താഴ്ന്നതോടെ വിപണിമൂല്യം 51,044 കോടി രൂപയായി കുറയും ചെയ്തു.

42,200 കോടി രൂപയുമായി കല്യാണ്‍ സില്‍ക്സും 40,300 കോടി രൂപയുമായി ഫെഡറല്‍ ബാങ്കുമാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ.

2023 ജൂണ്‍ 9ലെ (52-ആഴ്ചത്തെ താഴ്ചയിൽ ) 266.78 രൂപയിൽ നിന്ന് കൊച്ചിന്‍ ഷിപ്പ്‍യാര്‍ഡിന്‍റെ ഓഹരിവില 2024 ജൂണ്‍ മൂന്നിന് വില 52-ആഴ്ചയിലെ ഉയരമായ 2,100 രൂപയിലെത്തി. കൈവശം 22,000 കോടി രൂപയുടെ ഓര്‍ഡറുകളുണ്ടെന്നതാണ് ഓഹരി വില കുതിപ്പിന് കാരണമായത്.

നിലവിലെ ഓര്‍ഡറുകളില്‍ 15,525 കോടി കേന്ദ്ര സര്‍ക്കാരില്‍ നിന്നാണ്. 3,480 കോടി രൂപയുടേതാണ് കയറ്റുമതി ഓര്‍ഡര്‍. 6,500 കോടി രൂപയുടെ കയറ്റുമതി ഓര്‍ഡര്‍ ഉൾപ്പെടെ മറ്റൊരു 10,000 കോടി രൂപയുടെ ഓര്‍ഡറുകളും ഉടന്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മാര്‍ച്ചുപാദ പ്രവര്‍ത്തനഫല റിപ്പോര്‍ട്ടില്‍ കമ്പനി വ്യക്തമാക്കിയിരുന്നു.

മൊത്തം 2,769 കോടി രൂപ നിക്ഷേപത്തോടെ കൊച്ചിയില്‍ സജ്ജമാക്കുന്ന പുതിയ ഡ്രൈ-ഡോക്കും അന്താരാഷ്ട്ര കപ്പല്‍ അറ്റകുറ്റപ്പണിശാലയും (ഐഎസ്ആര്‍എഫ്) ഈ വര്‍ഷം ഓഗസ്റ്റില്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതും നേട്ടമാകും.

കഴി‍ഞ്ഞ ഒരുവര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് 605 ശതമാനം നേട്ടം (റിട്ടേണ്‍) സമ്മാനിച്ച ഓഹരിയാണ് കൊച്ചിന്‍ ഷിപ്പ്‍യാര്‍ഡ്. കഴിഞ്ഞ മൂന്നുമാസത്തെ നേട്ടം 124 ശതമാനമാണ്. ഒരുമാസത്തിനിടെ 54 ശതമാനം നേട്ടവും സമ്മാനിച്ചിട്ടുണ്ട്.

കൊച്ചി ആസ്ഥാനമായ കേന്ദ്ര പൊതുമേഖലാ വളം നിര്‍മ്മാണക്കമ്പനിയായ ഫാക്ടിന്‍റെ (ഫെര്‍ട്ടിലൈസേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡ്) ഓഹരികൾ ഒരിടവേളയ്ക്ക് ശേഷം തിങ്കളാഴ്ച്ച വീണ്ടും നേട്ടത്തിലേറി.

മികച്ച മണ്‍സൂണ്‍ ലഭിക്കുമെന്ന വിലയിരുത്തലുകളെ തുടര്‍ന്ന് വളം നിര്‍മാണക്കമ്പനികളുടെ ഓഹരികൾ നടത്തിയ മുന്നേറ്റത്തിനൊപ്പമായിരുന്നു തിങ്കളാഴ്ച്ച ഫാക്ടിന്‍റെ ഓഹരികളും.
മെച്ചപ്പെട്ട മഴ കൃഷിയും ഉല്‍പാദനവും ഉയരാന്‍ വഴിയൊരുക്കും. ഇത് വളം വില്‍പന ഉയര്‍ത്തും.

പിഎം കിസാന്‍ സമ്മാന്‍ നിധി ഉൾപ്പെടെ മൂന്നാം മോദി സര്‍ക്കാര്‍ കര്‍ഷക സൗഹൃദ നടപടികൾക്ക് തുടക്കമിട്ടതും നേട്ടമാണ്.

ഒരു വര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് 152 ശതമാനം നേട്ടം (റിട്ടേൺ) ഫാക്ടിന്‍റെ ഓഹരികൾ സമ്മാനിച്ചിട്ടുണ്ട്. 17 ശതമാനമാണ് മൂന്നുമാസത്തെ നേട്ടം. ഒരുമാസത്തെ നേട്ടം 21 ശതമാനവും.

ഇക്കഴിഞ്ഞ ജനുവരി 25ന് കുറിച്ച 908 രൂപയാണ് ഫാക്ട് ഓഹരിയുടെ 52-ആഴ്ചത്തെ ഉയരം.

X
Top