
ന്യൂഡൽഹി: 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 2025 മാര്‍ച്ച് 20 ന് ഒരു ബില്ല്യണ്‍ ടണ്‍ (BT) കടന്നു കൊണ്ട്, കല്‍ക്കരി ഉത്പാദനത്തില്‍ ഇന്ത്യ ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടു.
നടപ്പു സാമ്പത്തിക വര്‍ഷം അവസാനിക്കാൻ 11 ദിവസം ബാക്കി നിൽക്കെ ആണ് കഴിഞ്ഞ സാമ്പത്തിക വർഷത്തെ 997.83 മില്ല്യണ്‍ ടണ്‍ (MT) കല്‍ക്കരി ഉത്പാദാനം മറികടന്നുകൊണ്ട് ശ്രദ്ധേയമായ ഈ നേട്ടം കൈവരിക്കാനായത്.
ഇന്ത്യയുടെ ഊര്‍ജ്ജ ആവശ്യങ്ങള്‍ നിറവേറ്റുന്നതിലും വ്യവസായിക, കാര്‍ഷിക വളര്‍ച്ചയെയും മൊത്തത്തിലുള്ള സാമ്പത്തിക വളര്‍ച്ചയെയും മുന്നോട്ടു നയിക്കുന്നതിലും ഇന്ത്യ കൈവരിച്ച ഈ ഗണ്യമായ പുരോഗതി അടിവരയിടുന്നു.
കല്‍ക്കരി പൊതുമേഖലാ സ്ഥാപനങ്ങള്‍ (PSUകള്‍), സ്വകാര്യ കമ്പനികള്‍, 350 ലധികം കല്‍ക്കരി ഖനികളിലെ ഏകദേശം 5 ലക്ഷത്തോളം ഖനിത്തൊഴിലാളികളുടെ അക്ഷീണ പരിശ്രമം എന്നിവയാണ് കല്‍ക്കരി മേഖലയിലെ ഈ വിജയത്തിനു കാരണമായത്.
അനിതരസാധാരണമായ അര്‍പ്പണബോധത്തോടെ നിരവധി വെല്ലുവിളികളെ അതിജീവിച്ചാണ് ഖനിത്തൊഴിലാളികള്‍ ഈ ചരിത്ര നേട്ടം കൈവരിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചത്.
ഇന്ത്യ അതിന്റെ ഊര്‍ജ്ജാവശ്യങ്ങള്‍ നിറവേറ്റുന്നത് ഏകദേശം 55% ശതമാനവും കല്‍ക്കരിയെ ആശ്രയിച്ചാണ്. കൂടാതെ രാജ്യത്തെ വൈദ്യുതി ഉത്പാദനത്തില്‍ ഏകദേശം 74% വും കല്‍ക്കരി അധിഷ്ഠിത നിലയങ്ങളില്‍ നിന്നാണ്.
ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിലും ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിലും കല്‍ക്കരിയുടെ നിര്‍ണ്ണായക പ്രാധാന്യത്തെ ഇതു സൂചിപ്പിക്കുന്നു.
ഖനി, ധാതു (വികസനവും നിയന്ത്രണവും) നിയമത്തില്‍ വരുത്തിയ ഭേദഗതികള്‍, കല്‍ക്കരി ബ്ലോക്കുകള്‍ വാണിജ്യാടിസ്ഥാനത്തില്‍ ലേലം ചെയ്ത് കല്‍ക്കരി മേഖല സ്വകാര്യ കമ്പനികള്‍ക്ക് തുറന്നുകൊടുത്തത് തുടങ്ങിയ സര്‍ക്കാരിന്റെ തന്ത്രപ്രധാനമായ പരിഷ്‌കാരങ്ങളും നയങ്ങളുമാണ് കല്‍ക്കരി ഉത്പാദനത്തിലെ ഈ റെക്കോര്‍ഡ് നേട്ടം പ്രതിഫലിപ്പിക്കുന്നത്.
ഈ സംരംഭങ്ങള്‍ രാജ്യത്തെ കല്‍ക്കരിയുടെ ലഭ്യതയില്‍ ഗണ്യമായ വര്‍ദ്ധനവിനു കാരണമാകുകയും ഇറക്കുമതി കുറയ്ക്കുന്നതിനും വിദേശനാണ്യം ലാഭിക്കുന്നതിനും വലിയ സംഭാവന നല്‍കുകയും ചെയ്യുന്നു.
2024 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ, ഇന്ത്യയുടെ കല്‍ക്കരി ഇറക്കുമതി 8.4% കുറയുകയും, തത്ഫലമായി കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച്, ഏകദേശം 5.43 ബില്ല്യണ്‍ ഡോളര്‍ (42,315.7 കോടി രൂപ) വിദേശനാണ്യം ലാഭിക്കുകയും ചെയ്തു.