കേന്ദ്ര ബജറ്റ് 2024: പുതിയ നികുതി ഘടന ആകർഷകമായേക്കുംഇത്തവണയും അവതരിപ്പിക്കുന്നത് റെയിൽവേ ബജറ്റും കൂടി ഉൾപ്പെടുന്ന കേന്ദ്ര ബജറ്റ്ടെലികോം മേഖലയുടെ സമഗ്ര പുരോഗതി: വിവിധ കമ്പനികളുമായി ചർച്ച നടത്തി ജ്യോതിരാദിത്യ സിന്ധ്യഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ കുതിപ്പ് പ്രവചിച്ച് രാജ്യാന്തര ഏജൻസികൾസംസ്ഥാനത്തെ എല്ലാ പമ്പുകളിലും 15% എഥനോൾ ചേർത്ത പെട്രോൾ

മെഡിക്കമെൻ ഓർ​ഗാനിക്സ് ലിമിറ്റഡിന്റെ എസ്എംഇ ഐപിഒ ജൂൺ 21 മുതൽ

മുംബൈ: ആഭ്യന്തര ഓഹരി വിപണിയിൽ പ്രകടമാകുന്ന മുന്നേറ്റത്തിനൊപ്പം പ്രാഥമിക വിപണിയിലും നേട്ടങ്ങളുടെ കഥ തന്നെയാണ് പൊതുവേ ദൃശ്യമാകുന്നത്. ഇതിൽ തന്നെ ഏറ്റവും ശ്രദ്ധേയമാകുന്നത് എസ്എംഇ ഐപിഒകളാണ്.

വളരെ ചെറിയ കാലയളവിനുള്ളിൽ താരതമ്യേന വലിയ തോതിലുള്ള ലാഭക്കണക്കുകൾ രേഖപ്പെടുത്തിയ നിരവധി ഓഹരികളെ എസ്എംഇ ഐപിഒയിൽ കണ്ടെത്താനാകും. സമാനമായി ലിസ്റ്റിങ് ദിനത്തിൽ തന്നെ മൾട്ടിബാഗർ നേട്ടം സമ്മാനിച്ചേക്കാവുന്ന മറ്റൊരു എസ്എംഇ ഐപിഒ കൂടി പ്രാഥമിക വിപണിയിലേക്ക് കടന്നുവരുന്നു.

പുതിയ വ്യാപാര ആഴ്ചയിൽ അരങ്ങേറുന്ന മെഡിക്കമെൻ ഓർഗാനിക്സ് ഐപിഒയുടെ വിശദാംശം നോക്കാം.

മെഡിക്കമെൻ ഓർഗാനിക്സ്
വിവിധയിനം മരുന്നുകൾ നിർമിക്കുന്ന ഫാർമ കമ്പനിയാണ് മെഡിക്കമെൻ ഓർഗാനിക്സ് ലിമിറ്റഡ്. കരാർ അടിസ്ഥാനത്തിലുള്ള ഉത്പാദനം ഉൾപ്പെടെ ബി2ബി മാതൃകയിലുള്ള ബിസിനസ് പ്രവർത്തനങ്ങളിൽ കമ്പനിക്ക് മികച്ച ട്രാക്ക് റെക്കോഡാണുള്ളത്.

കഴിഞ്ഞ വർഷം മുതൽ കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ബുറുണ്ടിയിലേക്ക് ഉത്പന്നങ്ങൾ നേരിട്ട് കയറ്റുമതി ചെയ്തുകൊണ്ട് രാജ്യാന്തര വിപണിയിലേക്കും മെഡിക്കമെൻ ഓർഗാനിക്സ് രംഗപ്രവേശം ചെയ്തു.

ഇതിന് പിന്നാലെ കോംഗോ, കെനിയ, സെനഗൽ, ബുർക്കിനോ ഫാസോ, ഫിലിപ്പിൻസ്, മ്യാൻമാർ, മൊസാബിക്ക് എന്നിങ്ങനെ നിരവധി വിദേശ രാജ്യങ്ങളിലേക്ക് ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്.

മെഡിക്കമെൻ ഓർഗാനിക്സ് ഐപിഒ
രാജ്യാന്തര വിപണിയിൽ ഉത്പന്നങ്ങളുടെ രജിസ്ട്രേഷൻ സംബന്ധിച്ച ചെലവുകൾ നേരിടുന്നതിനും നിർമാണശാലയുടെ ഉത്പാദനശേഷി വർധിപ്പിക്കുന്നതിനും മറ്റ് മൂലധന ചെലവിടലുകൾക്കും ആവശ്യമായ പണം കണ്ടെത്തുന്നതിനു വേണ്ടിയാണ് ഐപിഒ നടത്തുന്നത് എന്നാണ് മെഡിക്കമെൻ ഓർഗാനിക്സ് അറിയിച്ചിട്ടുള്ളത്.

ആകെ പത്ത് കോടി രൂപയാണ് എസ്എംഇ ഐപിഒയിലൂടെ സമാഹരിക്കാൻ കമ്പനി ലക്ഷ്യമിടുന്നത്. ജൂൺ 21 മുതൽ 25 വരെയാണ് എസ്എംഇ ഐപിഒയിലൂടെ ഓഹരികൾക്കായി അപേക്ഷിക്കുന്നതിനുള്ള സമയപരിധി.

ഓഹരിയൊന്നിന് 32 രൂപ മുതൽ 34 രൂപ വരെ നിരക്കിൽ (പ്രൈസ് ബാൻഡ്) 4000 ഓഹരികളുടെ ഗുണിതങ്ങളായി (ലോട്ട്) ഐപിഒയ്ക്ക് അപേക്ഷിക്കാം. മെഡിക്കമെൻ ഓർഗാനിക്സ് ഐപിഒയുടെ ഒരു ലോട്ടിന് 1,36,000 രൂപയോളം വേണ്ടിവരും.

ആകെ 31 ലക്ഷം ഇക്വിറ്റി ഓഹരികളാകും ഐപിഒയിലൂടെ പുതിയതായി ഇഷ്യു ചെയ്യുക. ജൂൺ 28നാണ് മെഡിക്കമെൻ ഓർഗാനിക്സ് ഓഹരിയുടെ ലിസ്റ്റിങ് നിശ്ചയിച്ചിരിക്കുന്നത്. എൻഎസ്ഇയുടെ എസ്എംഇ പ്ലാറ്റ്ഫോമിലാകും ഓഹരി ലിസ്റ്റ് ചെയ്യപ്പെടുക.

ഐപിഒയുടെ ജിഎംപി ഉയരുന്നു
വരുന്ന വെള്ളിയാഴ്ചയോടെ മെഡിക്കമെൻ ഓർഗാനിക്സ് ഐപിഒയിൽ നിക്ഷേപകർക്ക് പങ്കെടുക്കാനുള്ള അവസരം ലഭിക്കാനിരിക്കവേ, ഓഹരിയുടെ ഗ്രേ മാർക്കറ്റ് പ്രീമീയം (ജിഎംപി) കുതിച്ചുയരുന്നു.

നിലവിൽ മെഡിക്കമെൻ ഓർഗാനിക്സ് ഓഹരിയുടെ ഗ്രേ മാർക്കറ്റ് പ്രീമീയം 50 രൂപ നിലവാരത്തിലെന്നാണ് വിപണി വിദഗ്ധർ സൂചിപ്പിക്കുന്നത്. ലിസ്റ്റിങ് തീയതി വരെ ഓഹരിയുടെ ജിഎംപി 50 രൂപ നിലവാരത്തിൽ തുടരുകയാണെങ്കിൽ 84 രൂപയിലായിരിക്കാം മെഡിക്കമെൻ ഓർഗാനിക്സ് ഓഹരികൾ ലിസ്റ്റ് ചെയ്യപ്പെടുക എന്നാണ് വിദഗ്ധരുടെ വിശകലനം.

ഐപിഒയിലൂടെ ഓഹരി ലഭിക്കുന്നവർക്ക് കേവലം ഒരാഴ്ച കൊണ്ട് 150 ശതമാനത്തോളം ലാഭം നേടാനുള്ള സാധ്യത മുന്നിലുണ്ടെന്നാണ് നിഗമനം.

എന്താണ് എസ്എംഇ ഐപിഒ?
1956ലെ കമ്പനി നിയമയത്തിന്റെ അടിസ്ഥാനത്തിൽ രൂപീകൃതമായിട്ടുള്ളതും 50 കോടിയിൽ താഴെയുള്ള നിക്ഷേപത്തിൽ പ്രവർത്തിക്കുന്നതുമായ ചെറുകിട/ ഇടത്തരം വിഭാഗത്തിലുള്ള വ്യവസായ, വാണിജ്യ സ്ഥാപനങ്ങളെയാണ് എസ്എംഇ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ഇത്തരം ചെറുകിട കമ്പനികൾ, വിഭവ സമാഹരണത്തിനായി പ്രാരംഭ ഓഹരി വിൽപന (ഐപിഒ) നടത്തുന്നതിനെയാണ് എസ്എംഇ ഐപിഒ എന്ന് വിശേഷിപ്പിക്കുന്നത്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് കീഴിലും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന് കീഴിലും എസ്എംഇ വിഭാഗത്തിലുള്ള കമ്പനികൾക്ക് ഐപിഒ സംഘടിപ്പിക്കുന്നതിനായുള്ള പ്ലാറ്റ്ഫോമുകൾ സജ്ജമാക്കിയിട്ടുണ്ട്.

റീട്ടെയിൽ നിക്ഷേപകർക്കും എസ്എംഇ ഐപിഒയിൽ ഓൺലൈൻ മുഖേന പങ്കെടുക്കാൻ സാധിക്കും. അതേസമയം സ്റ്റോക്ക് എക്സ്ചേഞ്ച് മുന്നോട്ടുവെച്ചിട്ടുള്ള നിബന്ധനകൾ പാലിക്കുന്ന കമ്പനികൾക്ക് എസ്എംഇ ഐപിഒ നടത്താനാകും.

അതായത് മുഖ്യാധാര ഐപിഒകളിൽ നിന്നും വ്യത്യസ്തമായി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ അഥവാ സെബിക്ക് പകരം സ്റ്റോക്ക് എക്സ്ചേഞ്ചുകളാണ് എസ്എംഇ ഐപിഒയിൽ ലിസ്റ്റിങ് അനുമതി നൽകുന്നതെന്ന് സാരം.

അതിനാൽ, താരതമ്യേന ഉയർന്ന റിസ്ക് എടുക്കാൻ പ്രാപ്തിയുള്ള നിക്ഷേപകർക്കാണ് എസ്എംഇ ഐപിഒ അനുയോജ്യമാകുക.

X
Top