
ന്യൂഡല്‍ഹി: നിര്‍ണ്ണായക ധാതുക്കള്‍ വേര്‍തിരിക്കുന്ന പദ്ധതികള്‍ക്ക് ആനുകൂല്യവുമായി കേന്ദ്രസര്‍ക്കാര്‍. ഇതിനായി 1500 കോടി രൂപനീക്കിവച്ചു.
2025-26 സാമ്പത്തിക വര്‍ഷം മുതല്‍ 2030-31 സാമ്പത്തിക വര്‍ഷം വരെ ആറ് വര്‍ഷത്തേക്കാണ് പദ്ധതി. ഇ-മാലിന്യങ്ങള്‍, ലിഥിയം-അയണ്‍ ബാറ്ററി സ്‌ക്രാപ്പ്, വാഹനങ്ങളില്‍ നിന്നുള്ള കാറ്റലറ്റിക് കണ്‍വെര്‍ട്ടറുകള്‍ പോലുള്ള മറ്റ് സ്‌ക്രാപ്പുകള്‍ എന്നിവയുടെ പുനരുപയോഗത്തിന് പദ്ധതി സഹായം നല്‍കും.
സ്ഥാപിത റീസൈക്കിള്‍ കമ്പനികള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ചെറിയ സ്ഥാപനങ്ങള്‍ക്കും അപേക്ഷിക്കാം. മൊത്തം വിഹിതത്തിന്റെ മൂന്നിലൊന്ന് ചെറിയ സ്ഥാപനങ്ങള്‍ക്കായി നീക്കിവച്ചിരിക്കുന്നു.
പുതിയ യൂണിറ്റുകള്‍ക്കും നിലവിലുള്ളതിന്റെ വിപുലീകരണ, നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കും പുനരുപയോഗ വിദഗ്ധര്‍ക്കും സഹായം ചെയ്യുന്ന രീതിയിലാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പദ്ധതി വഴി ക്യാപക്‌സ് സബ്‌സിഡിയായി 20 ശതമാനവും ഓപെക്‌സ് സബ്‌സിഡിയായി സ്ഥാപനങ്ങളുടെ രണ്ടാം വര്‍ഷത്തില്‍ 40 ശതമാനവും അഞ്ചാം വര്‍ഷത്തില്‍ 70 ശതമാനവും നല്‍കും. വലിയ സ്ഥാപനത്തിന് പരമാവധി 50 കോടി രൂപയ്ക്കും ചെറിയ സ്ഥാപനങ്ങള്‍ക്ക് 25 കോടി രൂപയ്ക്കുമാണ് അപേക്ഷിക്കാനാകുക.
ഒപെക്‌സ് സബ്്‌സിഡി പരിധി യഥാക്രമം 10 കോടി രൂപയും 5 കോടി രൂപയുമായി നിജപ്പെടുത്തിയിട്ടുണ്ട്. ആനുകൂല്യങ്ങള്‍ നല്‍കുന്നത് വഴി രാജ്യത്ത് 270 കിലോ ശേഷിയുള്ള പുനരുപയോഗ സൗകര്യങ്ങളും 40 കിലോ ടണ്‍ നിര്‍ണ്ണായക ധാതുക്കളും സൃഷ്ടിക്കപ്പെടും.
ഏതാണ്ട് 8000 കോടി രൂപ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. ഇത് വഴി 70,000 നേരിട്ടുള്ള ജോലിയും നിരവധി നേരിട്ടല്ലാത്ത ജോലികളും സൃഷ്ടിക്കപ്പെടും എന്ന് കരുതുന്നു.
നാഷണല്‍ ക്രിട്ടക്കല്‍ മിനറല്‍ മിഷന്റെ (എന്‍സിഎംഎം) കീഴിലുള്ള സംരംഭം ഇന്ത്യയുടെ ആഭ്യന്തര ശേഷിയും വിതരണ ശൃംഖലയുടെ പ്രതിരോധശേഷിയും ശക്തിപ്പെടുത്തും. ഖനികളും വിദേശ ഏറ്റെടുക്കലുകളും ദീര്‍ഘകാല പദ്ധതികളായി തുടരുമ്പോഴാണ് സെക്കന്ററി സോഴ്‌സുകളില്‍ നിന്നും ധാതുക്കള്‍ വേര്‍തിരിക്കുന്നത് പ്രായോഗികമാക്കിയത്.
പഴയ മൊബൈല്‍ ഫോണുകള്‍, ലാപ്പ്‌ടോപ്പുകള്‍, ഇലക്ട്രിക്ക് വാഹന ബാറ്ററികള്‍, വ്യാവസായിക അവശിഷ്ടങ്ങള്‍ എന്നിവ ശേഖരിക്കുകയും ധാതുക്കള്‍ വേര്‍തിരിക്കുന്നതിന് അവയെ രാസ,താപ, മെക്കാനിക്കല്‍ പ്രക്രിയകള്‍ക്ക് വിധേയമാക്കുകയും വീണ്ടെടുക്കപ്പെട്ട ധാതുക്കള്‍ പിന്നീട് ബാറ്ററികള്‍, ഇലക്ട്രോണിക്‌സ്,, വ്യാവസായിക ഘടകങ്ങള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുകയുമാണ് ചെയ്യുന്നത്.