ന്യൂഡൽഹി: കയര്‍ ഉല്‍പ്പന്ന നിര്‍മാണ യൂണിറ്റുകള്‍ ഉള്‍പ്പടെ വൈറ്റ് കാറ്റഗറിയില്‍ പെടുന്ന 39 ഇനം വ്യവസായങ്ങള്‍ക്ക് മലനീകരണ നിയന്ത്രണവുമായി ബന്ധപ്പെട്ട് പുതിയ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം.
മലിനീകരണം വളരെ കുറഞ്ഞ വ്യവസായ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന മലിനീകരണ ബോര്‍ഡിന്റെ ക്ലിയറന്‍സ് ആവശ്യമില്ലെന്നാണ് പുതിയ വിജ്ഞാപനത്തില്‍ പറയുന്നത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കൂടി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരിസ്ഥിതി മന്ത്രാലയം ഉത്തരവിറക്കിയത്.
വൈറ്റ് കാറ്റഗറി വിഭാഗത്തില്‍ പെടുന്ന വ്യവസായങ്ങള്‍ തുടങ്ങുന്നതിനോ പ്രവര്‍ത്തിപ്പിക്കുന്നതിനോ മുന്‍കൂട്ടി ക്ലിയറന്‍സ് നേടേണ്ടതില്ലെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡുകളുടെ അനുമതിയില്‍ നിന്നാണ് ഈ വ്യവസായങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഇളവ് നല്‍കുന്നത്. കേന്ദ്ര എയര്‍ ആക്ട്-1981, കേന്ദ്ര വാട്ടര്‍ ആക്ട്-1947 എന്നിവയിലെ നിബന്ധനകളിലാണ് മാറ്റം വരിക.
വൈറ്റ് കാറ്റഗറിയില്‍ പുതിയ വ്യവസായം തുടങ്ങുന്നവര്‍ അക്കാര്യം സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ രേഖാമൂലം അറിയിക്കണം. അതേസമയം, ക്ലിയറന്‍സിന് അപേക്ഷിക്കേണ്ടതില്ല.
വ്യവസായങ്ങളെ വൈറ്റ്, ഗ്രീന്‍, ഓറഞ്ച്, റെഡ് എന്നിങ്ങിനെ നാലു വിഭാഗങ്ങളായി തിരിച്ചാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ക്ലിയറന്‍സ് നല്‍കുന്നത്. 2016 വരെ മൂന്നു വിഭാഗങ്ങളാണ് ഉണ്ടായിരുന്നത്. വൈറ്റ് കാറ്റഗറി കൂടി നിയമത്തില്‍ ഉള്‍പ്പെടുത്തിയത് 2016 ല്‍ ആണ്.
പൊലൂഷന്‍ ഇന്‍ഡക്‌സ് സ്‌കോര്‍ 20ന് മുകളില്‍ വരുന്ന 39 വ്യവസായങ്ങളെയാണ് വൈറ്റ് കാറ്റഗറയില്‍ ഉള്‍പ്പെടുത്തിരിക്കുന്നത്. പൊലൂഷന്‍ ഇന്‍ഡക്ട്‌സ് 100 വരെയുള്ള മലിനീകരണം അടിസ്ഥാനമാക്കിയാണ് വ്യവസായങ്ങളെ തരം തിരിക്കുന്നത്.
ഇന്‍ഡക്‌സ് നിരക്ക് കൂടുതലുള്ളവ മലിനീകരണ നിരക്ക് വര്‍ധിച്ച തോതില്‍ ഉള്ളവയാണ്. വ്യവസായങ്ങളില്‍ നിന്ന് മാലിന്യം പുറം തള്ളുന്ന തോത്, അപകടരമായ മാലിന്യത്തിന്റെ സാന്നിധ്യം, പ്രകൃതി വിഭവങ്ങളുടെ ഉപയോഗം തുടങ്ങിയ ഘടകങ്ങളാണ് പൊലൂഷന്‍ ഇന്‍ഡക്‌സ് കണക്കാക്കാന്‍ മാനദണ്ഡമാക്കുന്നത്.
കയര്‍ ഉല്‍പ്പന്ന നിര്‍മാണ യൂണിറ്റുകള്‍, സൈക്കിള്‍, എയര്‍കണ്ടീഷന്‍, എയര്‍കൂളര്‍ അസംബ്ലിംഗ് യൂണിറ്റുകള്‍, പരുത്തി-കമ്പിളി വസ്ത്ര നിര്‍മാണ യൂണിറ്റുകള്‍, തേയില ബ്ലെഡിംഗ്-പാക്കിംഗ് യൂണിറ്റുകള്‍, മെറ്റല്‍ ക്യാപ് നിര്‍മാണ യൂണിറ്റുകള്‍, സര്‍ജിക്കല്‍, മെഡിക്കല്‍ ഉപകരണങ്ങളുടെ അസംബ്ലിംഗ്, പ്ലാസ്റ്റര്‍ ഓഫ് പാരീസ് ഉപയോഗിച്ചുള്ള ചോക്ക് നിര്‍മാണം, ഡീസല്‍ പമ്പ് സര്‍വ്വീസിംഗ് യൂണിറ്റുകള്‍, പ്രിന്റിംഗ് ബ്ലോക്ക് നിര്‍മാണം, വേസ്റ്റ് പേപ്പര്‍ ബെയിലിംഗ്, ബള്‍ബുകളുടെയും സി.എഫ്.എല്‍ ലൈറ്റുകളുടെയും അസംബ്ലിംഗ് തുടങ്ങിയവ വൈറ്റ് കാറ്റഗറിയില്‍ ഉള്‍പ്പെടും.
ഇത്തരം സ്ഥാപനങ്ങള്‍ തുടങ്ങുന്നതിന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ക്ലിയറന്‍സ് ആവശ്യമാവില്ല.