ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങൾക്കു നല്‍കുന്ന സൗജന്യ വാഗ്ദാനങ്ങള്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍.
സൗജന്യങ്ങള്‍ വാരിക്കോരി നല്‍കുന്നതു വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുമെന്നു കേന്ദ്രം വ്യക്തമാക്കി.
പ്രധാനമന്ത്രി അധ്യക്ഷനായ ചീഫ് സെക്രട്ടറിമാരുടെ യോഗത്തിലാണു കേന്ദ്രം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ചെലവ് നിയന്ത്രിക്കാതെ കടമെടുത്തു കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ശ്രീലങ്ക, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളെയാണ് ഉദാഹരണമായി കേന്ദ്രം സംസ്ഥാനങ്ങള്‍ക്കു മുന്നില്‍വച്ചത്.
ഭരിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ക്ക് ഇക്കാര്യത്തില്‍ കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കണമെന്നു ചീഫ് സെക്രട്ടറിമാരോടു കേന്ദ്രം നിര്‍ദേശിച്ചു.
പൊതുതിരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിലാണു സൗജന്യ വാഗ്ദാനങ്ങള്‍ സംബന്ധിച്ച് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്തിടെ നടന്ന അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളിലും സൗജന്യ വാഗ്ദാനങ്ങള്‍ നല്‍കിയായിരുന്നു പാര്‍ട്ടികളുടെ പ്രചാരണം.
യോഗത്തില്‍ ക്ഷേമപദ്ധതികളും സൗജന്യ വാഗ്ദാനങ്ങളും തമ്മിലുള്ള വ്യത്യാസം വിലയിരുത്തി. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, സ്‌കൂള്‍ ഗതാഗതം തുടങ്ങിയ കാര്യങ്ങള്‍ അംഗീകരിക്കാമെങ്കിലും സൗജന്യ കുടിവെള്ളം, വൈദ്യുതി തുടങ്ങിയ കാര്യങ്ങള്‍ സംസ്ഥാനത്തിന്റെ ഖജനാവ് ചോര്‍ത്തുമെന്നും തെറ്റായ കീഴ്‌വഴക്കമാകുമെന്നും യോഗം ചൂണ്ടിക്കാട്ടി.
ക്ഷേമപദ്ധതികള്‍ നടപ്പാക്കാനായി സംസ്ഥാന സര്‍ക്കാരുകള്‍ വരുമാനം മെച്ചപ്പെടുത്തണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.