കൊച്ചി: ഇന്ത്യൻ സാമ്പത്തിക മേഖല കനത്ത തളർച്ച നേരിട്ടതോടെ ഇന്ത്യൻ വാഹന വിപണി കിതക്കുന്നു. ആഗസ്റ്റിൽ രാജ്യത്തെ മുൻനിര വാഹന കമ്പനികൾ വില്പനയിൽ മൂന്ന് ശതമാനം വരെ ഇടിവ് നേരിട്ടു.
ഡീലർമാരുടെ കൈവശമുള്ള വാഹനങ്ങളുടെ ശേഖരം കൂടിയതോടെ പ്രമുഖ ഓട്ടോമൊബൈൽ കമ്പനികൾ ഉത്പാദനം കുറച്ചു.
തുടർച്ചയായ രണ്ടാം മാസമാണ് യാത്രാ വാഹനങ്ങളുടെ വില്പനയിൽ ഇടിവുണ്ടാകുന്നത്.
പുതിയ കണക്കുകളനുസരിച്ച് ആഗസ്‌റ്റിൽ വിവിധ കമ്പനികൾ 3,55,000 വാഹനങ്ങളാണ് വിറ്റഴിച്ചത്. മാരുതി സുസുക്കി ഡീലർമാർക്ക് അയക്കുന്ന കാറുകളുടെ എണ്ണത്തിൽ 13,000 യൂണിറ്റുകളുടെ കുറവുണ്ടെന്ന് മാരുതി സുസുക്കി വിപണന വിഭാഗം സീനിയർ എക്സിക്യൂട്ടിവ് ഓഫീസർ പാർത്തോ ബാനർജി പറഞ്ഞു.
മാരുതി കാർ വില്പന ഇടിഞ്ഞു
ആഗസ്റ്റിൽ മാരുതി കാറുകളുടെ വില്പന 3.9 ശതമാനം ഇടിഞ്ഞു. ആഗസ്റ്റിൽ മാരുതി മൊത്തം 1,81,782 വാഹനങ്ങളാണ് വിറ്റഴിച്ചത്. മുൻവർഷം ഓഗസ്റ്റിലെ വില്പന 1,89,82 വാഹനങ്ങളായിരുന്നു.
ആഭ്യന്തര വിപണിയിൽ 1,45,570 വാഹനങ്ങളും കയറ്റുമതിയിലൂടെ 26,000 വാഹനങ്ങളുമാണ് വിറ്റഴിച്ചു. മിനി, ഇടത്തരം മോഡലുകളുടെ വില്പനയിൽ കനത്ത ഇടിവാണ് ദൃശ്യമാകുന്നത്. ബലനോ, സെലേറിയോ, ഡിസയർ, സ്വിഫ്റ്റ് തുടങ്ങിയവയുടെയെല്ലാം വില്പനയിൽ കഴിഞ്ഞ മാസം ഇടിവുണ്ടായി.
ടാറ്റ മോട്ടോഴ്‌സ് കിതക്കുന്നു
ആഗസ്റ്റിൽ ടാറ്റ മോട്ടോഴ്‌സ് കാർ വില്പന എട്ടു ശതമാനം കുറഞ്ഞ് 71,693 യൂണിറ്റുകളായി. മുൻവർഷം ഇതേകാലയളവിൽ കമ്പനി 76,261 വാഹനങ്ങളാണ് വിറ്റഴിച്ചത്.
വൈദ്യുതി വാഹനങ്ങളുടെ ഉൾപ്പെടെ വില്പനയിൽ കഴിഞ്ഞ മാസം ഇടിവുണ്ടായി.