ന്യൂഡൽഹി: ഇന്ത്യയെ താരിഫ് കിംഗ് എന്നാണ് ട്രംപ് വിശേഷിപ്പിക്കുന്നത്. അതും ഒന്നു രണ്ടും തവണയല്ല, പലതവണ. ഇന്ത്യയുമായുള്ള വ്യാപാര ഇടപാടുകളെക്കുറിച്ചുള്ള ട്രംപിന്‍റെ കാഴ്ച്ചപ്പാടാണ് ഇത് വ്യക്തമാക്കുന്നത്.
ഇന്ത്യ, അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കെതിരെ വലിയ തോതില്‍ തീരുവ ചുമത്തുന്നു എന്ന പരിഭവമാണ് ഇതിലൂടെ ട്രംപ് പങ്കുവയ്ക്കുന്നത്. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ചുമത്തുന്ന രാജ്യങ്ങള്‍ക്കെതിരെ അതേ നാണയത്തില്‍ മറുപടി നല്‍കുമെന്ന് ട്രംപ് പ്രചാരണസമയത്ത് ഉറപ്പുനല്‍കിയിരുന്നു.
ഇന്ത്യ, ബ്രസീല്‍, ചൈന എന്നീ രാജ്യങ്ങളെ ട്രംപ് പേരെടുത്ത് പരാമര്‍ശിച്ചിരുന്നു. ഒരു പടികൂടി കടന്ന് ചില അവസരങ്ങളില്‍ ചൈനയേക്കാള്‍ കൂടുതല്‍ തീരുവയാണ് ഇന്ത്യ ചുമത്തുന്നതെന്ന് ട്രംപ് കുറ്റപ്പെടുത്തി.
യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് ചൈന 200 ശതമാനം വരെ തീരുവ ഈടാക്കുന്നുണ്ടെന്നും എന്നാല്‍ ഇന്ത്യ അതിലും ഉയര്‍ന്ന തീരുവ ചുമത്തുന്നതായും കഴിഞ്ഞ മാസം ഡെട്രോയിറ്റില്‍ വച്ച് നടന്ന ഒരു പൊതുചടങ്ങളില്‍ ട്രംപ് ആരോപിച്ചു.
ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കുകള്‍ക്ക് ഇന്ത്യയില്‍ 150 ശതമാനം വരെ തീരുവ ചുമത്തുന്നതാണ് ഇതിനായി അദ്ദേഹം ഉയര്‍ത്തിക്കാട്ടിയത്. ട്രംപ് ഭരണകൂടത്തിന്‍റെ താരിഫ് നയങ്ങള്‍ യുഎസ് വിപണിയെ ആശ്രയിക്കുന്ന ഇന്ത്യയുടെ ഐടി, ഫാര്‍മസ്യൂട്ടിക്കല്‍, ടെക്സ്റ്റൈല്‍ മേഖലകള്‍ക്ക് പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാം.
മറുവശത്ത്, ചൈനയുമായുള്ള യുഎസിന്‍റെ വ്യാപാരബന്ധം തകിടംമറിഞ്ഞാല്‍ ഇന്ത്യയ്ക്ക് പുതിയ വഴികള്‍ തുറക്കും. ആപ്പിള്‍ പോലുള്ള യുഎസ് കമ്പനികള്‍ ഇന്ത്യയിലേക്ക് ഉല്‍പാദനം മാറ്റുന്നത് പോലെ മറ്റ് കമ്പനികളും ഇന്ത്യയ്ക്ക് പ്രധാന്യം നല്‍കാനുള്ള സാധ്യത ഉണ്ട്.
കുടിയേറ്റം, എച്ച്-1 ബി വിസ പ്രോഗ്രാം എന്നിവ പോലുള്ളവയില്‍ ട്രംപിന്‍റെ നിയന്ത്രണപരമായ നിലപാട് ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് തിരിച്ചടിയായിരുന്നു. ഒന്നാം ട്രംപ് ഭരണകൂടം കുടിയേറ്റങ്ങളിലും വിദേശ തൊഴിലാളികളുടെ കാര്യത്തിലും അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ശ്രമിച്ചിരുന്നു.
ഇത് ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ക്കും സാങ്കേതിക സ്ഥാപനങ്ങള്‍ക്കും വെല്ലുവിളികള്‍ സൃഷ്ടിച്ചു. ഈ നടപടികള്‍, വീണ്ടും തുടര്‍ന്നാല്‍, യുഎസിലെ ഇന്ത്യന്‍ തൊഴിലാളികളെ ആശ്രയിക്കുന്ന സാങ്കേതിക സ്ഥാപനങ്ങളെ അത് പ്രതികൂലമായി ബാധിക്കും.
ഇന്ത്യയെക്കുറിച്ചുള്ള പൊതുവായ കാഴ്ചപ്പാട് ഇങ്ങനെയൊക്കെയാണെങ്കിലും പ്രധാനമന്ത്രി മോദിയെക്കുറിച്ച് ട്രംപിന് മതിപ്പാണ്. മോദിയെ ‘മഹാനായ നേതാവ്’, ‘സുഹൃത്ത്’ എന്നിങ്ങനെയാണ് ട്രംപ് വിശേഷിപ്പിക്കുന്നത്.