വാഷിങ്ടൺ: ആപ്പിളിന്റെ ഇന്ത്യയിലെ മികച്ച നേട്ടം പരാമർശിച്ച് സി.ഇ.ഒ ടിം കുക്ക്. മാർച്ചിൽ അവസാനിച്ച സാമ്പത്തികപാദത്തിലെ ആപ്പിളിന്റെ പ്രകടനം സംബന്ധിച്ച കണക്കുകൾ പറയുമ്പോഴാണ് ടിമ്മിന്റെ ഇന്ത്യയെ കുറിച്ചുള്ള പരാമർശം.
ആഗോള വിപണിയിൽ ആപ്പിളിന്റെ വരുമാനം നാല് ശതമാനം ഇടിഞ്ഞപ്പോഴും ഇന്ത്യയിൽ കമ്പനിക്ക് നേട്ടമുണ്ടാക്കാൻ സാധിച്ചിരുന്നു. ഐഫോണുകളുടെ വിൽപനയിൽ ഉണ്ടായ ഇടിവാണ് ആഗോളതലത്തിൽ ആപ്പിളിന് തിരിച്ചടിയായത്.
ഇരട്ടയക്ക വളർച്ചയാണ് ഇന്ത്യയിൽ ഉണ്ടായത്. അതിൽ സന്തോഷമുണ്ട്. വളരെ പ്രതീക്ഷയുള്ള വിപണിയാണിത്. അതുകൊണ്ട് ഇന്ത്യൻ വിപണിയിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുമെന്നും ടിം കുക്ക് പറഞ്ഞു.
വളർന്ന് വരുന്ന വിപണികളിൽ കഴിഞ്ഞ ആറ് മാസത്തിനിടെ മികച്ച പ്രകടനം നടത്താൻ ആപ്പിളിന് കഴിഞ്ഞിട്ടുണ്ടെന്ന് കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ലൂക്ക മേസ്ട്രി പറഞ്ഞു.
ലാറ്റിൻ അമേരിക്ക, മിഡിൽ ഈസ്റ്റ്, ഇന്ത്യ, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, തുർക്കി പോലുള്ള വിപണികളിൽ നേട്ടമുണ്ടാക്കാൻ കമ്പനിക്ക് കഴിഞ്ഞു. ഈ വിപണികളിൽ ജനസംഖ്യ ഉയരുകയാണ്.
ഇനിയും ഇവിടെ വളർച്ചയുണ്ടാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ചീഫ് ഫിനാൻഷ്യൽ ഓഫീസർ വ്യക്തമാക്കി.