
ന്യൂഡല്‍ഹി: ഡോളറിന്റെ അധീശത്വം ശ്രീലങ്ക, പാക്കിസ്ഥാന്‍ എന്നീ രാഷ്ട്രങ്ങളെ തകര്‍ത്തെറിഞ്ഞപ്പോള്‍ ഇന്ത്യ പിടിച്ചുനിന്നെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് അനലിസ്റ്റുകള്‍. ഏകദേശം 100 ബില്യണ്‍ ഡോളറിന്റെ കുറവുണ്ടായെങ്കിലും 500 ബില്യണ്‍ ഡോളറിന്റെ മതിയായ വിദേശ നാണ്യ കരുതല്‍ സൂക്ഷിക്കാന്‍ രാജ്യത്തിനായി. പ്രമുഖ ഏഷ്യ പസഫിക് കറന്‍സികള്‍ തകര്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.
കൊറിയന്‍ വോണ്‍, ജാപ്പനീസ് യെന്‍ എന്നിവ 15 ശതമാനത്തിലധികം ഇടിവാണ് നേരിട്ടിരിക്കുന്നത്. അടിസ്ഥാന നിരക്ക് 2.5 ശതമാനമായി ഉയര്‍ത്താന്‍ ബാങ്ക് ഓഫ് കൊറിയ നിര്‍ബന്ധിതരാവുകയും ചെയ്തു. എന്നാല്‍ രൂപയുടെ തകര്‍ച്ച 10 ശതമാനം മാത്രമാണ്.
പ്രതിസന്ധികള്‍ ആഴത്തില്‍ വേരൂന്നിക്കൊണ്ടിരിക്കെ സമൃദ്ധമായ ഫോറെക്‌സ് കരുതല്‍ ശേഖരം ഇന്ത്യയ്ക്ക് കരുത്താകുമെന്ന് ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സ് ഇന്ത്യ, തെക്ക്കിഴക്കന്‍ ഏഷ്യ മേധാവി പ്രിയങ്ക കിഷോര്‍ പറയുന്നു. രൂപയെ പ്രതിരോധിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വില്‍പന നടത്തിയിട്ടും എട്ട് മാസത്തെ ഇറക്കുമതിക്കാവശ്യമായ ശേഖരം ഇപ്പോഴും രാജ്യത്തിനുണ്ട്. രൂപയുടെ മൂല്യത്തകര്‍ച്ച പരിമിതപ്പെടുത്താന്‍ ആര്‍ബിഐ ഇടപെടല്‍ തുടര്‍ന്നേയ്ക്കുമെന്നും അവര്‍ നിരീക്ഷിച്ചു.
പരിമിതമായ മൂലധന നിയന്ത്രണങ്ങള്‍ ചാഞ്ചാട്ടം കുറച്ചിട്ടുണ്ടെങ്കിലും റിസര്‍വ് ബാങ്ക് കരുതല്‍ ശേഖരം വില്‍ക്കുന്നതും താരതമ്യേന ശക്തമായ വളര്‍ച്ചാ സാധ്യതകളുമാണ് രൂപയുടെ മേലുള്ള സമ്മര്‍ദ്ദം കുറയ്ക്കുന്നത്.2022ന്റെ തുടക്കത്തിനും സെപ്റ്റംബര്‍ അവസാനത്തിനും ഇടയില്‍ ഏകദേശം 96 ബില്യണ്‍ ഡോളര്‍ കുറവാണ് ഫോറെക്‌സിലുണ്ടായത്.