
ന്യൂഡല്‍ഹി: ബാങ്കിംഗ് തട്ടിപ്പുകള്‍ എണ്ണത്തില്‍ വര്‍ധിച്ചെങ്കിലും തുക പകുതിയിലേറെയായി കുറഞ്ഞതായി റിസര്‍വ് ബാങ്ക് ചൊവ്വാഴ്ച അറിയിച്ചു. 2021-22 സാമ്പത്തിക വര്‍ഷത്തിലെ കണക്കാണിത്. 2022 സാമ്പത്തിക വര്‍ഷത്തില്‍, 9,102 കേസുകളിലായി, 60,389 കോടി രൂപ തട്ടിയെടുക്കപ്പെട്ടപ്പോള്‍ മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ കബളിപ്പിക്കല്‍ 7,358 കേസുകളും 1.37 ലക്ഷം കോടി രൂപയുമായിരുന്നു.
പകര്‍ച്ചവ്യാധിക്ക് മുമ്പുള്ള സാമ്പത്തിക വര്‍ഷത്തില്‍ 1.85 ലക്ഷം കോടി രൂപയുടെ 8,702 തട്ടിപ്പുകളാണ് ബാങ്കുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. മാത്രമല്ല, വായ്പകള്‍ വഴിയുള്ള തട്ടിപ്പ് ക്രമേണ കുറയുകയാണ്. 2022 സാമ്പത്തികവര്‍ഷത്തില്‍ 6042 കോടി രൂപയുടെ 1112 വായ്പാ തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ 2021 ല്‍ ഇത് 14,973 കോടി രൂപയുടെ 1477 കേസുകളായിരുന്നു.
കാര്‍ഡ് അല്ലെങ്കില്‍ ഇന്റര്‍നെറ്റ് അധിഷ്ഠിത ഇടപാടുകളിലൂടെയാണ് ഇപ്പോള്‍ കബളിപ്പിക്കല്‍ ഏറെയും. പണത്തട്ടിപ്പുകളും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.കൂടുതല്‍ എണ്ണം തട്ടിപ്പുകള്‍ക്കിരയായത് സ്വകാര്യ ബാങ്കുകളാണ്. അതേസമയം തുകയുടെ കാര്യത്തില്‍ 66.7 ശതമാനവും പൊതുമേഖല ബാങ്കില്‍ നിന്നാണ്.
മുന്‍വര്‍ഷത്തില്‍ ഇത് 59.4 ശതമാനമായിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍, 19,485 കോടി രൂപയുടെ അടിസ്ഥാന തുക ഉള്‍പ്പെടുന്ന 5,406 തട്ടിപ്പുകള്‍ സംവിധാനത്തിലുണ്ടായി. മുന്‍ വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ ഇത് 4069 തട്ടിപ്പുകളുടെ 36316 കോടി രൂപയായിരുന്നു.
വായ്പ നല്‍കുന്നവര്‍ റിപ്പോര്‍ട്ട് ചെയ്ത തട്ടിപ്പുകള്‍ക്ക് പുറമെ, ആര്‍ബിഐ ഓംബുഡ്സ്മാന്‍ ഓഫീസുകളില്‍ 3.04 ലക്ഷം പരാതികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2021 സാമ്പത്തിക വര്‍ഷത്തില്‍ 3.41 ലക്ഷവും 2020 ല്‍ 3.06 ലക്ഷവും ആയിരുന്ന സ്ഥാനത്താണ് നിലവിലെ എണ്ണം. ഓട്ടോമേറ്റഡ് ടെല്ലര്‍ മെഷീനും ഡെബിറ്റ് കാര്‍ഡുകളും ഉപഭോക്താക്കളുടെ ഏറ്റവും വലിയ ആശങ്കയായി തുടരുന്നു.
മൊബൈല്‍, ഇലക്ട്രോണിക് ബാങ്കിംഗ്, കീഴവഴക്കങ്ങള്‍ പാലിക്കാത്തത് എന്നിവയാണ് ഉപഭോക്താക്കളുടെ മറ്റ് തലവേദനകള്‍. പരാതികളില്‍ നാലില്‍ മൂന്ന് ഭാഗവും നഗര, മെട്രോപൊളിറ്റന്‍ പ്രദേശങ്ങളില്‍ നിന്നാണ്. പെന്‍ഷന്‍കാര്‍ നല്‍കിയ പരാതികളില്‍ 98.2 ശതമാനവും പൊതുമേഖലവായ്പാ ദാതാക്കള്‍ക്കെതിരെയാണ്.
അതേസമയം മുന്‍കൂര്‍ അറിയിപ്പ് കൂടാതെ ചാര്‍ജുകള്‍ ചുമത്തുന്നതില്‍ സ്വകാര്യ ബാങ്കുകള്‍ മുന്നിലാണ്. ഇക്കാര്യത്തില്‍ 46 ശതമാനമാണ് അവരുടെ പങ്ക്.