
മുംബൈ: നിഫ്‌റ്റി ഐടി സൂചികയില്‍ ഉള്‍പ്പെട്ട 10 ഓഹരികളും ബെയര്‍ തരംഗത്തില്‍ അകപ്പെട്ടു. ഈ ഓഹരികള്‍ എല്ലാം അവയുടെ 52 ആഴ്‌ചത്തെ ഉയര്‍ന്ന വിലയില്‍ നിന്നും 20 ശതമാനം ഇടിവ് നേരിട്ടു.
നിഫ്‌റ്റി ഐടി സൂചിക 52 ആഴ്‌ചത്തെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 23 ശതമാനം താഴെയാണ് ഇപ്പോള്‍. മുന്‍നിര ഐടി ഓഹരികള്‍ അവയുടെ 52 ആഴ്‌ചത്തെ ഉയര്‍ന്ന വിലയില്‍ നിന്നും നേരിട്ട ഇടിവ് ഇപ്രകാരമാണ്: ടിസിഎസ്-26%, ഇന്‍ഫോസിസ്-25%, എച്ച്‌സിഎല്‍ ടെക്-27%. ഒറാക്‌ള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സോഫ്‌റ്റ്‌വെയര്‍ ആണ് ഏറ്റവും ശക്തമായ ഇടിവ് നേരിട്ടത്- 43 ശതമാനം.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിവിധ രാജ്യങ്ങള്‍ക്ക് പകരത്തിന് പകരം തീരുവ ഏര്‍പ്പെടുത്തിയത് യുഎസില്‍ പണപ്പെരുപ്പം കുത്തനെ ഉയരുന്നതിന് കാരണമാകുമെന്ന ആശങ്ക ഇന്നും ഐടി ഓഹരികളുടെ ഇടിവിന് വഴിയൊരുക്കി. നിഫ്‌റ്റി ഐടി സൂചിക ഇന്ന് മൂന്ന് ശതമാനം ഇടിഞ്ഞു. പത്ത് ഓഹരികള്‍ ഉള്‍പ്പെട്ട നിഫ്‌റ്റി ഐടി സൂചികയിലെ എല്ലാ ഓഹരികളും ഇന്നും ഇടിവിന് വിധേയമായി.
കോഫോര്‍ജ്, പെര്‍സിസ്റ്റന്റ് സിസ്റ്റംസ്, വിപ്രോ, എംഫസിസ് എന്നീ ഓഹരികള്‍ മൂന്ന് ശതമാനം മുതല്‍ ആറര ശതമാനം വരെ ഇടിഞ്ഞു. ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, ടിസിഎസ്, എച്ച്‌സിഎല്‍ ടെക്, എല്‍ടിഐ മൈന്റ് ട്രീ എന്നീ ഓഹരികള്‍ രണ്ട് ശതമാനം വീതം നഷ്‌ടം രേഖപ്പെടുത്തി. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിയ്‌ക്ക് 26 ശതമാനം തീരുവയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചുമത്തിയത്.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിയ്‌ക്ക് പകരത്തിന് പകരം തീരുവ ഏര്‍പ്പെടുത്തിയ ട്രംപിന്റെ നടപടി യുഎസില്‍ പണപ്പെരുപ്പം ഉയരുന്നതിന് വഴിവെച്ചേക്കും. ഇറക്കുമതിയെ അമിതമായി ആശ്രയിക്കുന്ന യുഎസ്സില്‍ തീരുവ വര്‍ധന വിലക്കയറ്റത്തിന് വഴിവെക്കുമെന്നതാണ് കാരണം.
പണപ്പെരുപ്പം വര്‍ധിക്കുന്നതോടെ പലിശനിരക്കുകള്‍ ഉയരാന്‍ സാധ്യതയുണ്ട്.
ഇത് യുഎസ്സിലെ കമ്പനികളുടെ വായ്‌പാ ചെലവ് ഉയരാനും അവ സാങ്കേതികവിദ്യയ്‌ക്കും മറ്റുമായി നടത്തുന്ന ചെലവ് കുറയ്‌ക്കാനും വഴിവെച്ചേക്കും.
യുഎസ്സിലേക്കുള്ള കയറ്റുമതിയില്‍ നിന്ന് വരുമാനത്തിന്റെ ഭൂരിഭാഗവും നേടുന്ന ഇന്ത്യന്‍ ഐടി കമ്പനികളെ ഈ സാഹചര്യം പ്രതികൂലമായി ബാധിക്കും.