ന്യൂഡല്ഹി: ഇന്ത്യയുടെ സൗരദൗത്യമായ ആദിത്യ എല്-1 ഭൂമിയുടെ സ്വാധീന വലയം കടന്ന് 9.2 ലക്ഷം കിലോമീറ്റര് സഞ്ചരിച്ചതായി ഇസ്രോ. ഭൂമിയ്ക്കും സൂര്യനും ഇടയിലുള്ള ലഗ്രാന്ജ് പോയിന്റ് ലക്ഷ്യമാക്കിയാണ് നിലവില് ആദിത്യയുടെ സഞ്ചാരം.
ചൊവ്വ ദൗത്യമായ മംഗള്യാനു ശേഷം ഭൂമിയുടെ സ്വാധീനവലയം പിന്നിടുന്ന രണ്ടാമത്തെ ബഹിരാകാശ ദൗത്യമാണ് ആദിത്യയെന്നും ഇസ്രോ വ്യക്തമാക്കി.
സൂര്യന്റെ ബാഹ്യഭാഗത്തെ താപവ്യതിയാനങ്ങള്, പ്രഭാമണ്ഡലം, വര്ണമണ്ഡലം, കൊറോണ തുടങ്ങിയ പാളികള്, ബഹിരാകാശ കാലാവസ്ഥാ വ്യതിയാനങ്ങള് എന്നിവയെ കുറിച്ചുള്ള പഠനം ലക്ഷ്യമാക്കി 2023 സെപ്റ്റംബര് രണ്ടിനാണ് രാജ്യത്തിന്റെ പ്രഥമ സൗരദൗത്യമായി ആദിത്യ എല്-1 വിക്ഷേപിച്ചത്.
സൗരപഠനമാണ് പ്രധാനലക്ഷ്യമെങ്കിലും സൗരയൂഥത്തേക്കുറിച്ചുള്ള സങ്കീര്ണമായ വിവരങ്ങളുടെ അനാവരണവും ആദിത്യയിലൂടെ സാധ്യമായേക്കുമെന്ന പ്രതീക്ഷ ഇസ്രോ പങ്കുവെച്ചിരുന്നു.
ഇതിനകം തന്നെ പേടകത്തിലെ സ്റ്റെപ്സ് ഇന്സ്ട്രുമെന്റിലെ സെന്സറുകള് ശാസ്ത്രീയ വിവരശേഖരണം തുടങ്ങിയിരുന്നു.
വിസിബിള് ലൈന് എമിഷന് കൊറോണഗ്രാഫ് (വി.ഇ.എല്.സി.), സോളാര് അള്ട്രാവയലറ്റ് ഇമേജിങ് ടെലിസ്കോപ്പ് (എസ്.യു.ഐ.ടി.), സോളാര് ലോ എനര്ജി എക്സ്റേ സ്പെക്ട്രോമീറ്റര്, ഹൈ എനര്ജി എല്-1 ഓര്ബിറ്റിങ് എക്സ്റേ സ്പെക്ട്രോമീറ്റര്, ആദിത്യ സോളാര് വിന്ഡ് പാര്ട്ടിക്കിള് എക്സ്പെരിമെന്റ്, പ്ലാസ്മ അനലൈസര് പാക്കേജ് ഫോര് ആദിത്യ, മാഗ്നെറ്റോമീറ്റര് എന്നിങ്ങനെ ഏഴ് പര്യവേക്ഷണ ഉപകരണങ്ങളാണ് പേകടത്തിലുള്ളത്.
ആദിത്യ സോളാര് വിന്ഡ് പാര്ട്ടിക്കിള് എക്സ്പെരിമെന്റ് പേലോഡിന്റെ ഭാഗമായ സുപ്രാതെര്മല് ആന്ഡ് എനര്ജെറ്റിക് പാര്ട്ടിക്കിള് സ്പെക്ട്രോമീറ്റര് (സ്റ്റെപ്സ്) എന്ന ഉപകരണമാണ് വിവരശേഖരണം ആരംഭിച്ചത്.
ഭൂമിയില് നിന്ന് അമ്പതിനായിരം കിലോമീറ്റര് അകലെ ബഹിരാകാശത്തുള്ള സുപ്രാതെര്മല് എനര്ജറ്റിക് അയോണുകള്, ഇലക്ട്രോണുകള് എന്നിവയെ കുറിച്ചാണ് ഇത് പഠിക്കുന്നത്.
ഭൂമിക്ക് ചുറ്റുമുള്ള കണങ്ങളുടെ സ്വഭാവം വിശകലനംചെയ്യാന് ഈ വിവരം ശാസ്ത്രജ്ഞരെ സഹായിക്കുമെന്ന് ഇസ്രോ വ്യക്തമാക്കി.