ഡൽഹി: സിമന്റ് വ്യവസായത്തിലെ ഇന്ത്യയിലെ ഏറ്റവും വലിയ ഏറ്റെടുക്കലിൽ ഹോൾസിമിന്റെ പ്രാദേശിക ബിസിനസുകൾ അടുത്തിടെ ഏറ്റെടുത്ത അദാനി ഗ്രൂപ്പ്, വിദേശ വായ്പാ ഉപകരണങ്ങളുടെ മിശ്രിതത്തിലൂടെ 4.5 ബില്യൺ ഡോളർ വരെ സമാഹരിക്കുന്നതിന് ഒരു ഡസനിലധികം വിദേശ ബാങ്കുകളുമായി ചർച്ചകൾ നടത്തിവരികയാണെന്ന് ചർച്ചകളെക്കുറിച്ച് അറിയാവുന്ന ഒന്നിലധികം ബാങ്കർമാർ ഒരു ദേശിയ മാധ്യമത്തോട് പറഞ്ഞു. ഒരു ഇന്ത്യൻ കോർപ്പറേറ്റ് സ്ഥാപനം വിദേശ കറൻസിയിൽ നടത്തുന്ന ഏറ്റവും വലിയ വായ്പാധിഷ്ഠിത ധനസമാഹരണങ്ങളിലൊന്നായിരിക്കും ഇത്. നിർദിഷ്ട വായ്പാ ഘടനകളിൽ മെസാനൈൻ ഫിനാൻസിംഗ്, സ്റ്റോക്ക്-ബാക്ക്ഡ് ബ്രിഡ്ജ് ലോണുകൾ, 18 മാസത്തേക്ക് സീനിയർ ഡെബ്റ് സൗകര്യം എന്നിവ ഉൾപ്പെടുന്നു.
ഏറ്റവും പുതിയ റൗണ്ട് ഫണ്ട് ശേഖരണത്തിൽ നിന്നുള്ള വരുമാനം, ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന രണ്ട് സിമന്റ് കമ്പനികളായ അംബുജ സിമന്റ്‌സ്, എസിസി എന്നിവയിലെ ഹോൾസിമിന്റെ ഓഹരികൾ ഏറ്റെടുക്കുന്നതിനുള്ള ഭാഗിക ധനസഹായത്തിനായി ഉപയോഗിക്കാനാണ് അദാനി ഗ്രൂപ്പ് പദ്ധതിയിടുന്നത്. എന്നാൽ ഇത് സംബന്ധിച്ച് പ്രതികരണം നടത്താൻ അദാനി ഗ്രൂപ്പ് തയ്യാറായില്ല. ധന സമാഹരണത്തിൽ അദാനി ഗ്രൂപ്പ് സീനിയർ ഡെബ്റ് സൗകര്യം വഴി 3 ബില്യൺ ഡോളറും, മെസാനൈൻ ലൈൻ വഴി 1 ബില്യൺ ഡോളറും സമാഹരിച്ചേക്കാം. കൂടാതെ, ഒന്ന് മുതൽ മൂന്ന് വർഷം വരെ കാലാവധിയുള്ള ബ്രിഡ്ജ് ലോണിലൂടെ 500 മില്യൺ ഡോളർ അധികമായി സമാഹരിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ബിഎൻപി പാരിബാസ്, സിറ്റി, ജെപി മോർഗൻ, എംയുഎഫ്ജി, മിസുഹോ ബാങ്ക്, എസ്എംബിസി, മിഡിൽ ഈസ്റ്റ് അധിഷ്ഠിത വായ്പാ ദാതാക്കൾ എന്നിവ ഉൾപ്പെടുന്ന ചില ബാങ്കുകളുമായാണ് അദാനി ഗ്രൂപ്പ് ചർച്ചകൾ നടത്തുന്നതെന്നാണ് ലഭിക്കുന്ന വിവരം. 10.5 ബില്യൺ ഡോളറിനാണ് അംബുജ സിമന്റ്‌സ്, എസിസി എന്നി കമ്പനികളെ അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നത്. ഈ ഏറ്റെടുക്കലിനായി സ്വിസ് ആസ്ഥാനമായുള്ള ഹോൾസിമുമായി അദാനി ഗ്രൂപ്പ് കരാറിൽ ഒപ്പുവച്ചു.