
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) ഫിനാന്‍ഷ്യല്‍ ഡാറ്റ ഷെയറിംഗ് സിസ്റ്റം, അക്കൗണ്ട് അഗ്രഗേറ്റര്‍ (എഎ), 2022 ഡിസംബര്‍ 12 വരെ 94 ധനകാര്യ സ്ഥാപനങ്ങളെ സാമ്പത്തിക വിവര ഉപയോക്താക്കളായി (എഫ്ഐയു) ഉള്‍പ്പെടുത്തി. 94 എഫ്ഐയുകളില് 73 എണ്ണം ആര്‍ബിഐ നിയന്ത്രിക്കുന്നതും 10 എണ്ണം മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യുടെ കീഴിലുള്ളതും ഒമ്പത് എണ്ണം ഇന്‍ഷുറന്‍സ് റെഗുലേറ്റര്‍ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (IRDAI)യ്ക്ക് കീഴിലുള്ളതും രണ്ടെണ്ണം പെന്ഷന് ഫണ്ട് ബോഡി പെന്ഷന് ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി (PFRDA) യ്ക്ക് കീഴിലുള്ളവയുമാണ്. ഈ ആഴ്ച ആദ്യം ലോക്സഭയില്‍ ധനകാര്യ സഹമന്ത്രി ഭഗവത് കരാദാണ് വിശദാംശങ്ങള്‍ പങ്കുവെച്ചത്.
2021 സെപ്റ്റംബറിലാണ് ആര്‍ബിഐ എഎ സംവിധാനം ആരംഭിക്കുന്നത്.എഫ്ഐയു-കള്‍ കൂടാതെ, 12 പൊതുമേഖലാ ബാങ്കുകള്‍, 10 സ്വകാര്യ ബാങ്കുകള്‍, ഒരു ചെറുകിട ധനകാര്യ ബാങ്ക്, മൂന്ന് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ തുടങ്ങി 26 സ്ഥാപനങ്ങള്‍ സാമ്പത്തിക വിവര ദാതാക്കളായി (എഫ്ഐപി) നെറ്റ്വര്‍ക്കിലുണ്ട്. ഫിന്‍സെക് എഎ സൊല്യൂഷന്‍സ്, കാംസ് ഫിനാന്‍ഷ്യല്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ്, കുക്കിജാര് ടെക്നോളജീസ്, നാഷണല്‍ ഇ-ഗവേണന്‍സ് സര്‍വീസസ് ലിമിറ്റഡ് (NESL) അസറ്റ് ഡാറ്റ ലിമിറ്റഡ്, പെര്‍ഫിയോസ് അക്കൗണ്ട് അഗ്രഗേഷന്‍ സേവനങ്ങള്‍ എന്നിങ്ങനെ ആറ് എഎകളിലൂടെ ഉപഭോക്താക്കളുടെ സാമ്പത്തിക വിവരങ്ങള്‍ എഫ്ഐയുകകളുമായോ ഉപഭോക്താക്കളുമായോ എഫ്ഐപികള് പങ്കിടും.
ബാങ്കുകള്‍, എന്‍ബിഎഫ്സികള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ തുടങ്ങിയ സ്ഥാപനങ്ങളാണ് ഇത്തരത്തില്‍ എഫ്ഐപികളായി പ്രവര്‍ത്തിക്കുന്നത്. ഇവിടെ ബാങ്കുകളും എന്‍ബിഎഫ്സികളും എഫ്ഐപികളോ എഫ്ഐയുകളോ ആകാം. എഎ നെറ്റ് വര്‍ക്ക് നിക്ഷേപവും ക്രെഡിറ്റും സുഗമമാക്കുകയും ഉപഭോക്താക്കള്‍ക്ക് അവരുടെ സാമ്പത്തിക രേഖകളില്‍ പ്രവേശനവും നിയന്ത്രണവും നല്‍കുകയും ചെയ്യും.
ഉപഭോക്താക്കളെ വര്‍ധിപ്പിക്കാന്‍ സാമ്പത്തിക മേഖലാ സ്ഥാപനങ്ങളും ഫിന്‍ടെക് കമ്പനികളും നെറ്റ്വര്‍ക്ക് ഉപയോഗപ്പെടുത്തുന്നു.