
ന്യൂഡല്‍ഹി: 20,000 കോടി രൂപയുടെ അദാനി ഗ്രൂപ്പ് ഫോളോ-ഓണ്‍ പബ്ലിക് ഓഫറിംഗി(എഫ്പിഒ)ല്‍ 400 ദശലക്ഷം ഡോളര്‍ നിക്ഷേപിച്ചിരിക്കയാണ് അബുദാബി ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ് കമ്പനി (ഐഎച്ച്‌സി). അബുദാബിയിലെ ഏറ്റവും മൂല്യവത്തായ ലിസ്റ്റഡ് കമ്പനികളിലൊന്നാണ് ഐഎച്ച്‌സി. അദാനി ഗ്രൂപ്പിന്റെ ഐപിഒ ആങ്കര്‍ ബുക്കിലും ഇവര്‍ നിക്ഷേപകരായിരുന്നു.
“അടിസ്ഥാനങ്ങളിലുള്ള വിശ്വാസമാണ് അദാനി ഗ്രൂപ്പിലുള്ള ഞങ്ങളുടെ താല്‍പ്പര്യത്തെ നയിക്കുന്നത്,” ഐ.എച്ച്.സി.ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സയ്യിദ് ബസാര്‍ ഷുബ് പറഞ്ഞു. ദീര്‍ഘകാലത്തില്‍ ശക്തമായ വളര്‍ച്ചാ സാധ്യതയാണുള്ളതെന്നും അതുകൊണ്ടുതന്നെ ഷെയര്‍ഹോള്‍ഡര്‍മാര്‍ക്ക് കൂടുതല്‍ മൂല്യം പ്രദാനം ചെയ്യാനാകുമെന്നും ഷുബ് അറിയിക്കുന്നു. റെഗുലേറ്ററി അനുമതികള്‍ക്കും നടപടിക്രമങ്ങള്‍ക്കും വിധേയമായിരിക്കും ഇടപാട്.
ഗ്രീന്‍ എനര്‍ജി, അദാനി ട്രാന്‍സ്മിഷന്‍, അദാനി എന്റര്‍പ്രൈസസ് എന്നീ മൂന്ന് അദാനി ഗ്രൂപ്പ് കമ്പനികളില്‍ ഐഎച്ച്‌സി കഴിഞ്ഞ വര്‍ഷം 2 ബില്യണ്‍ ഡോളര്‍ നിക്ഷേപിച്ചിരുന്നു. അതേസമയം എഫ്പിഒയുടെ രണ്ടാം ദിവസമായ ജനുവരി 30-ന് 781,000 ഓഹരികള്‍ക്കായി ബിഡ്ഡുകള്‍ നേടാന്‍ അദാനി എന്റര്‍പ്രൈസസിനായി. അതായത് 2 ശതമാനം സബ്‌സ്‌ക്രിപ്ഷന്‍.
45.5 മില്യണ്‍ ഓഹരികളാണ് മൊത്തം വലിപ്പം.