
ലോകത്തെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ യു.എ.ഇ.യിലെ അബുദാബി, അജ്മാൻ, ഖത്തർ തലസ്ഥാനമായ ദോഹ എന്നിവ ഇടംപിടിച്ചു. ഓൺലൈൻ ഡേറ്റാബേസ് സ്ഥാപനമായ നമ്പിയോ തയ്യാറാക്കിയ റിപ്പോർട്ടിലാണ് മൂന്നു നഗരങ്ങളുമുള്ളത്.
കുറ്റകൃത്യങ്ങൾ കുറഞ്ഞ നഗരങ്ങളിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ യഥാക്രമം അബുദാബി, അജ്മാൻ, ദോഹ എന്നിവയാണ്. കവർച്ച, അക്രമം, പൊതുമുതൽ നശിപ്പിക്കൽ എന്നിവ കുറവുള്ള നഗരങ്ങളാണിവ.
കുറ്റകൃത്യങ്ങളുടെ നിരക്ക് 20 ശതമാനത്തിൽ കുറവുള്ളവയാണ് ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചത്. യു.എ.ഇ.യിലെ റാസൽഖൈമയാണ് പട്ടികയിൽ ആറാംസ്ഥാനത്ത്. ഏഴാംസ്ഥാനത്ത് ഒമാനിലെ മസ്കറ്റ് ഇടംപിടിച്ചു.
ഇന്ത്യയിൽ നിന്ന് പട്ടികയിൽ ഇടംപിടിച്ച നഗരം മംഗളൂരുവാണ്. ലോകത്തിലെ വിവിധഭാഗങ്ങളിൽ നിന്ന് 311 നഗരങ്ങളാണ് പട്ടികയിലുള്ളത്. ദക്ഷിണാഫ്രിക്കൻ നഗരങ്ങളായ പീറ്റർമരിറ്റ്സ്ബർഗ്, പ്രിട്ടോറിയ എന്നിവയാണ് കുറ്റകൃത്യങ്ങൾ കൂടുതലുള്ള നഗരങ്ങൾ.