
താങ്ങാവുന്ന വിലയിലുള്ള ഭവനങ്ങള്‍ നിര്‍മിക്കുന്നതിന് വായ്‌പ നല്‍കുന്ന ആധാര്‍ ഹൗസിംഗ് ഫിനാന്‍സിന്റെ ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ) മെയ് എട്ടിന് തുടങ്ങും. മെയ് 10 വരെയാണ് ഈ ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്യാവുന്നത്.
3000 കോടി രൂപയാണ് ഐപിഒ വഴി കമ്പനി സമാഹരിക്കുന്നത്. 300-315 രൂപയാണ് ഇഷ്യു വില. മെയ് 13ന് അര്‍ഹരായവര്‍ക്കുള്ള അലോട്ട്‌മെന്റ് നടത്തുകയും അല്ലാത്തവര്‍ക്കുള്ള റീഫണ്ട് മെയ് 14ന് നല്‍കുകയും ചെയ്യും. മെയ് 15ന് ഓഹരി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യും.
2021 ജനുവരിയില്‍ ആധാര്‍ ഹൗസിംഗ് ഫിനാന്‍സ് ഐപിഒയ്‌ക്ക് അനുമതി തേടി സെബിക്ക് രേഖകള്‍ സമര്‍പ്പിക്കുകയും 2022 മെയില്‍ അനുമതി ലഭിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ കമ്പനി പബ്ലിക് ഇഷ്യു നടത്തിയില്ല. അന്ന് 7000 കോടി രൂപയുടെ ഐപിഒയ്‌ക്കാണ് അനുമതി ലഭിച്ചിരുന്നത്.
പിന്നീട് കമ്പനി വീണ്ടും നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് സെബിയുടെ അനുമതി ലഭിച്ചത്. ആയിരം കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 2000 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും (ഒ എഫ് എസ്) ഉള്‍പ്പെട്ടതാണ് ഐപിഒ. പ്രൊമോട്ടര്‍ ആയ ബിസിപി ടോപ്‌കോ ആണ് ഒ എഫ് എസ് വഴി ഓഹരികള്‍ വില്‍ക്കുന്നത്.
പുതിയ ഓഹരികളുടെ വില്‍പ്പന വഴി സമാഹരിക്കുന്ന തുക ഭാവി മൂലധന ആവശ്യത്തിനും പൊതുവായ കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കും വിനിയോഗിക്കും.
താഴ്‌ന്ന വരുമാനമുള്ള ആളുകള്‍ക്ക് 15 ലക്ഷം രൂപയില്‍ താഴെ വായ്‌പ നല്‍കുന്ന ഭവന വായ്‌പാ സ്ഥാപനമാണ് ആധാര്‍ ഹൗസിംഗ് ഫിനാന്‍സ്. 471 ശാഖകളും 91 സെയില്‍സ് ഓഫീസുകളും ഉള്‍പ്പെട്ട ശൃംഖല കമ്പനിക്കുണ്ട്.
കമ്പനി നല്‍കുന്ന ശരാശരി വായ്‌പാ തുക 9 ലക്ഷം രൂപയാണ്. ഭവന വിലയുടെ ശരാശരി 57.6 ശതമാനം മുതല്‍ 58.1 ശതമാനമാണ് ശരാശരി വായ്‌പയായി അനുവദിക്കുന്നത്.