ബാങ്ക് ഓഫ് ബറോഡയുടെ ഡിജിറ്റല്‍ ആപ്പ് ആയ ബോബ് വേള്‍ഡില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് 60 ജീവനക്കാരെ ബാങ്ക് സസ്പെന്‍ഡ് ചെയ്തു. സസ്പെന്‍ഡ് ചെയ്യപ്പെട്ടവരില്‍ 11 അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍മാരും ഉള്‍പ്പെടുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വഡോദര റീജിയണില്‍ പെട്ടവരാണ് ഇവരില്‍ ഭൂരിഭാഗം പേരും. ദി റിപ്പോര്‍ട്ടേഴ്സ് കളക്ടീവ് നടത്തിയ അന്വേഷണത്തിലാണ് ബോബ് വേള്‍ഡ് ഉപയോഗിച്ച് ബാങ്ക് ഓഫ് ബറോഡ ജീവനക്കാര്‍ നടത്തിയ തട്ടിപ്പ് പുറത്തായത്.
ബോബ് വേള്‍ഡ് ആപ്പില്‍ ഉപഭോക്താക്കളുടെ മൊബൈല്‍ നമ്പറിന് പകരം ജീവനക്കാരുടേയും ബന്ധുക്കളുടേയും മൊബൈല്‍ നമ്പര്‍ വ്യാജമായി ചേര്‍ക്കുകയായിരുന്നു. ബാങ്കിന്‍റെ ബിസിനസ് കറസ്പോണ്ടന്‍റുമാര്‍ എന്ന് വിളിക്കുന്ന ഏജന്‍റുമാരാണ് മൊബൈല്‍ ബാങ്കിങ് ഉപയോഗിച്ച് പണം തട്ടിയെടുത്തത്.
ഏതാണ്ട് 22 ലക്ഷം രൂപയുടെ തട്ടിപ്പാണ് ഇതുവരെ പുറത്തുവന്നത്. ഒരു ലക്ഷം രൂപ മുതല്‍ മൂന്ന് ലക്ഷം രൂപ വരെ നഷ്ടമായവരുണ്ടെന്നാണ് സൂചന. ബാങ്ക് ജീവനക്കാര്‍, മാനേജര്‍മാര്‍, സുരക്ഷാ ഗാര്‍ഡുകള്‍, അവരുടെ ബന്ധുക്കള്‍ എന്നിവര്‍ തട്ടിപ്പിന്റെ ഭാഗമായി.
സംഭവം പുറത്തറിഞ്ഞതോടെ ബോബ് വേള്‍ഡ് ആപ്പില്‍ പുതിയതായി ഉപഭോക്താക്കളെ ചേര്‍ക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടിരുന്നു.
നിലവില്‍ വഡോദര റീജിയണില്‍പ്പെട്ടവരാണ് നടപടി നേരിട്ടിരിക്കുന്നതെങ്കിലും ലഖ്നൗ, ഭോപ്പാല്‍, രാജസ്ഥാന്‍, ഉത്തര്‍ പ്രദേശിന്‍റെ കിഴക്കന്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളിലേക്ക് കൂടി നടപടി വ്യാപിപ്പിക്കുമെന്ന് ബാങ്ക് വ്യക്തമാക്കി.
രാജ്യവ്യാപകമായി ആപ്പില്‍ ചേര്‍ത്തവരുടെ വിവരങ്ങളും പരിശോധിക്കുന്നുണ്ട്. ആകെ 4.22 ലക്ഷം പേരെയാണ് ബോബ് വേള്‍ഡ് ആപ്പില്‍ ചേര്‍ത്തിരിക്കുന്നത്.
ജൂലൈയില്‍ രാജ്യത്തെ ഏഴായിരം ശാഖകളിലായി പ്രത്യേക ഓഡിറ്റും ബാങ്ക് നടത്തിയിരുന്നു.
അന്തിമ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പലയിടത്തും ക്രമക്കേടുകള്‍ കണ്ടെത്തിയതായി സൂചനയുണ്ട്.