തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് സമ്മേളനമായ ദുബായ് ജൈടെക്സ് എക്സ്പോയിൽ തിളങ്ങി കേരള സ്റ്റാർട്ടപ്പ് മിഷനു കീഴിലുള്ള 50 സ്റ്റാർട്ടപ്പുകൾ.
ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ തിങ്കളാഴ്ച ആരംഭിച്ച നാലു ദിവസത്തെ ജൈടെക്സ് നോർത്ത് സ്റ്റാർ എന്ന സ്റ്റാർട്ടപ്പ് പരിപാടിയിലാണ് സ്റ്റാർട്ടപ്പുകൾ പങ്കെടുക്കുന്നത്.
ആഗോളതലത്തിൽ ശ്രദ്ധയാകർഷിക്കുന്നതിനും വാണിജ്യനിക്ഷേപ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനും കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് ജൈടെക്സ് നോർത്ത് സ്റ്റാർ അവസരമൊരുക്കും.
ജൈടെക്സിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് കേരള സ്റ്റാർട്ടപ്പ് മിഷനിൽ നിന്നും ഇത്രയധികം കമ്പനികൾ ഈ മേളയിൽ പങ്കെടുക്കുന്നത്.
വിവര സാങ്കേതികവിദ്യ, റോബോട്ടിക്സ്, ഇന്‍റർനെറ്റ് ഓഫ് തിംഗ്സ്, സോഫ്റ്റ് വെയർ, ഇലക്ട്രിക് വാഹനങ്ങൾ തുടങ്ങിയ മേഖകളിൽ നിന്നുള്ള സ്റ്റാർട്ടപ്പുകളാണ് ജൈടെക്സിൽ കേരളത്തിൽ നിന്നും പങ്കെടുക്കുന്നത്.
ജൈടെക്സ് നോർത്ത് സ്റ്റാറിന്‍റെ ഭാഗമായി നടക്കുന്ന സൂപ്പർനോവ ചലഞ്ചിലും കേരളത്തിൽ നിന്നുള്ള സ്റ്റാർട്ടപ്പുകൾ പങ്കെടുക്കുന്നുണ്ട്.
സംരംഭകർക്ക് നൂതനാശയങ്ങൾ പ്രദർശിപ്പിക്കാൻ അവസരമൊരുക്കുന്ന സൂപ്പർനോവ ചലഞ്ചിന്‍റെ സെമിഫൈനലിലേക്ക് കേരളത്തിൽ നിന്നുള്ള എട്ടു സ്റ്റാർട്ടപ്പുകൾ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ജെൻ റോബോട്ടിക്സ്, ബ്രെയിൻവയേർഡ്, ഹൈപ്പർക്വാഷ്യന്‍റ്, അകുട്രോ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, ഐറോവ്, നോവൽ സസ്റ്റെയ്നബിലിറ്റി, ടുട്ടിഫ്രൂട്ടി, ഇസ്ട്രോടെക് എന്നീ സ്റ്റാർട്ടപ്പുകളാണ് സൂപ്പർനോവ ചലഞ്ചിന്‍റെ സെമിഫൈനലിലേക്ക് എത്തിയത്.