
മുംബൈ: ജിയോയുമായുള്ള പങ്കാളിത്തം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഐടി ഓഹരിയായ സുബെക്‌സ് ലിമിറ്റഡ് തുടര്‍ച്ചയായ രണ്ട് സെഷനുകളില്‍ അപ്പര്‍ സര്‍ക്യൂട്ടിലായി. വ്യാഴാഴ്ച 20 ശതമാനത്തിലധികം ഉയര്‍ന്ന ഓഹരി നിലവില്‍ 39.9 രൂപയിലാണുള്ളത്. കഴിഞ്ഞ അഞ്ച് ട്രേഡിംഗ് സെഷനുകളില്‍ സുബെക്‌സ് ഓഹരികള്‍ 52 ശതമാനത്തിലധികം ഉയര്‍ച്ച നേടി.
ജിയോ പ്ലാറ്റ്‌ഫോം തങ്ങളുമായി സഹകരിക്കുന്ന വിവരം ചൊവ്വാഴ്ചയാണ് സുബെക്‌സ് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചത്. ജിയോയുടെ 5 ജി ഉല്‍പ്പന്ന ലൈനുകളായ ക്ലോസ്ഡ് ലൂപ്പ് നെറ്റ്‌വര്‍ക്ക് ഓട്ടോമേഷന്‍, ഉല്‍പ്പന്ന പ്രകടനം, ഉപഭോക്തൃ അനുഭവ വിശകലന സംവിധാനം, എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള കരാറാണ് കമ്പനിയ്ക്ക് ലഭ്യമായത്.
മെഷീന്‍ ലേണിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്ന ഏകീകൃത ഡാറ്റാ അനലിറ്റിക്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഓര്‍ക്കസ്‌ട്രേഷന്‍ പ്ലാറ്റ്‌ഫോമാണ് സുബെക്‌സിന്റെ ഹൈപ്പര്‍സെന്‍സ്. ഡാറ്റ തയ്യാറാക്കല്‍, മോഡല്‍ നിര്‍മ്മാണം, വിന്യാസം, ഉള്‍ക്കാഴ്ച സൃഷ്ടിക്കല്‍ എന്നിവയാണ് ഹൈപ്പര്‍സെന്‍സ് പ്രാപ്തമാക്കുക. മികച്ച ഉപഭോക്തൃ അനുഭവം, കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍, മൊത്തത്തിലുള്ള ബിസിനസ് ലാഭം എന്നിവ നേടാനാവശ്യമായ തത്‌സമയ അനലിറ്റിക്‌സ് പ്ലാറ്റ്‌ഫോം പ്രദാനം ചെയ്യുന്നു.
കമ്മ്യൂണിക്കേഷന്‍ സേവന ദാതാക്കള്‍ക്ക് ടെലികോം അനലിറ്റിക്‌സ് സൊല്യൂഷനുകളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങളും നല്‍കുന്ന ബെംഗളൂരു ആസ്ഥാനമായുള്ള സ്ഥാപനമാണ് സുബെക്‌സ്. കഴിഞ്ഞ ഒരു വര്‍ഷമായി കമ്പനി ഓഹരികള്‍ തകര്‍ച്ചയിലായിരുന്നു. ഒരു വര്‍ഷത്തിനിടിയില്‍ 31 ശതമാനവും 2022 ല്‍ 21 ശതമാനവുമാണ് ഓഹരി നേരിട്ട തകര്‍ച്ച.
എന്നാല്‍ ജിയോയുമായുള്ള സഹകരണം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഓഹരി നേട്ടത്തിലായി.