
മുംബൈ: ഐപിഒ ബൂം വേഗത്തില്‍ അവസാനിക്കുകയാണോ? 2025 ൽ ഇതുവരെ 55 കമ്പനികളാണ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത്. എന്നാല്‍ ഇപ്പോള്‍ 37 ഓഹരികൾ ഇഷ്യു വിലയേക്കാൾ താഴെയാണ് വ്യാപാരം നടത്തുന്നത്. വിപണിയിലെ ചാഞ്ചാട്ടമാണ് ഐപിഒ കളെ പ്രധാനമായും ബാധിക്കുന്നത്.
വലിയ കമ്പനികളുടെ 11 ഓഹരികളിൽ 6 എണ്ണവും എസ്‌എംഇ സെഗ്‌മെന്റിലെ 44 ഓഹരികളിൽ 31 എണ്ണവും അവയുടെ ഇഷ്യു വിലയ്ക്ക് താഴെയാണ് വ്യാപാരം നടത്തുന്നത്. ജിബി ലോജിസ്റ്റിക്സ് കൊമേഴ്‌സാണ് ഏറ്റവും ദുർബലമായ പ്രകടനം കാഴ്ചവെക്കുന്നത്, ഐപിഒ വിലയേക്കാൾ 61 ശതമാനം താഴെയാണ് ഇത് വ്യാപാരം നടത്തുന്നത്.
തൊട്ടുപിന്നിലുളളത് ഡാവിൻ സൺസ് റീട്ടെയിൽ, സിറ്റികെം ഇന്ത്യ എന്നീ കമ്പനികളാണ്. ഇവ രണ്ടും ഇഷ്യു വിലയേക്കാൾ 50 ശതമാനം താഴെയാണ് വ്യാപാരം നടത്തുന്നത്.
ട്രംപ് വിപണികളെയാകെ ഉലച്ചു കളഞ്ഞതാണ് പ്രധാനമായും ഐ.പി.ഒക്കും അടിയായത്. മാര്‍ക്കറ്റ് ചാഞ്ചാടി ചുവപ്പിലേക്ക് വീഴുമ്പോള്‍ നിക്ഷേപകര്‍ക്ക് ധൈര്യം കുറയുന്ന അവസ്ഥയുണ്ടാകും.
വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ വിറ്റൊഴിയല്‍, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ മന്ദഗതിയിലായത്, പണലഭ്യത സംബന്ധിച്ച ആശങ്കകള്‍, ആഗോള സാമ്പത്തിക അനിശ്ചിതത്വം, പലിശ നിരക്കിലെ മാറ്റങ്ങള്‍, ആഗോള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ എന്നിവയെല്ലാം നിക്ഷേപകരുടെ വികാരത്തെ ബാധിച്ചു. 2024 ൽ ഐപിഒകളുടെ വൻതോതിലുള്ള വരവ് സാച്ചുറേഷൻ ഇഫക്റ്റിന് കാരണമായത് ഈ വർഷം നിക്ഷേപകരെ കൂടുതൽ സെലക്ടീവാക്കിയതായും കരുതുന്നു.
മാർച്ചിൽ ഇതുവരെ അഞ്ച് കമ്പനികള്‍ വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്, അവയിൽ മൂന്നെണ്ണം നിക്ഷേപകരില്‍ നിന്നുളള മോശം പ്രതികരണം മൂലം ഇഷ്യു വിലയ്ക്ക് താഴെയാണ് അരങ്ങേറ്റം കുറിച്ചത്. കഴിഞ്ഞ വർഷം സാഹചര്യം തികച്ചും വ്യത്യസ്തമായിരുന്നു.
പല SME ഇഷ്യുകകളുടെയും റീട്ടെയിൽ വിഹിതം 500 മടങ്ങ് മുതല്‍ 2,000 മടങ്ങ് വരെയാണ് സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടത്. 1.6 ലക്ഷം കോടി രൂപയാണ് ഐ.പി.ഒകളിലൂടെ ഇന്ത്യന്‍ കമ്പനികള്‍ സ്വന്തമാക്കിയത്.
ഇതിനിടയിലും ഐ.പി.ഒക്ക് ഇറങ്ങാന്‍ കമ്പനികള്‍ ധൈര്യം കാണിക്കുന്നുണ്ട്. വിപുലീകരണത്തിന് മൂലധനം അനിവാര്യം, കടബാധ്യത കുറക്കല്‍, ഏറ്റെടുക്കലുകള്‍, വാല്യുവേഷന്‍ ശക്തമാണെന്ന പ്രതീക്ഷ, വിപണിയിലെ ശക്തമായ നില, സ്വന്തമായുള്ള അനുകൂല സാഹചര്യം മുതലാക്കല്‍, ബ്രാന്‍ഡിംഗ് എന്നിവയൊക്കെയാണ് കമ്പനികളെ അതിനു പ്രേരിപ്പിക്കുന്നത്.
വിപണി സ്ഥിരത കൈവരിക്കുകയും പലിശ നിരക്കുകൾ മയപ്പെടുത്തുകയും ചെയ്താൽ 2025 ന്റെ അവസാന പകുതിയിൽ ഐപിഒ കള്‍ വീണ്ടും സജീവമാകുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.